സന്തോഷം പകരുന്നതിനും ജീവിതം മെച്ചപ്പെടുത്തുന്നതിനും ആത്മാർഥവും സത്യസന്ധവുമായ സൗഹൃദങ്ങൾ ഓരോ വ്യക്തിക്കും ആവശ്യമാണ്. എന്നാൽ തിരക്കുപിടിച്ച ജീവിതവും അർത്ഥശൂന്യമായ ആശയവിനിമയവും ആത്മാർത്ഥത ഇല്ലാത്ത സുഹൃദ്ബന്ധങ്ങൾ ഉണ്ടാക്കുന്നതിനും ഇടയാക്കും. പഴയകാല സുഹൃദ്ബന്ധങ്ങൾ ഒരിക്കലും നമുക്ക് മറക്കാൻ കഴിയില്ല. ഒരു പാത്രത്തിൽ ഒരാൾ കൊണ്ടുവന്നിരുന്ന ഉച്ചഭക്ഷണം നാലുപേർ ഒന്നിച്ചിരുന്ന് കഴിച്ച് ഇല്ലായ്മയിൽ ആശ്വാസം പകർന്ന സുഹൃത്തുക്കൾ നമ്മളുടെ ചെറുപ്പത്തിൽ ഏറെ ഉണ്ടായിരുന്നു. ആശയവിനിമയ സൗകര്യങ്ങൾ ഇല്ലാതിരുന്ന ഒരു കാലയളവിൽ പ്രിയ സുഹൃത്തുക്കളുടെ കത്തിനു വേണ്ടി കാത്തിരുന്നിട്ടുണ്ട്. പല പ്രവാസികളുടെയും സുഹൃത്തുക്കളാണ് അവരുടെ ഇന്ന് ഈ കാണുന്ന സൗഭാഗ്യങ്ങൾക്ക് കാരണം
പുതിയകാല സുഹൃദ്ബന്ധങ്ങൾക്കു പഴയകാല ബന്ധങ്ങളേക്കാൾ ഇഴയടുപ്പം വളരെ കുറവാണ്. സ്വന്തം കാര്യം മാത്രം നോക്കുക എന്നുള്ള ചിന്ത ഈ കാലഘട്ടത്തിൽ കൂടുതലായി വന്നുകൂടിയതുകൊണ്ടും കാലത്തിന്റെ മാറ്റം കൊണ്ടുമൊക്കെയാണ് ഇത്.
മാറുന്ന ബന്ധങ്ങളെക്കുറിച്ചുള്ള ഈ ആമുഖം ആരോഗ്യ മേഖലയിലെ ജോലിക്കിടയിൽ എന്റെ ഹൃദയത്തെ സ്പർശിച്ച ഒരു സുഹൃദ്ബന്ധത്തെക്കുറിച്ച് പറയാനായിരുന്നു. ഒരു സുഹൃത്തിന്റെ സംരക്ഷണയിലാണ് മൂന്നു വർഷക്കാലമായി കുടലിന് കാൻസറായ ആ രോഗി കഴിഞ്ഞിരുന്നത് .നാട്ടിൽ വിട്ടാൽ ഇൻഷുറൻസ് പരിരക്ഷ കിട്ടാത്തതിനാലും ചികിത്സക്കുള്ള സാമ്പത്തികം നാട്ടിൽ ഇല്ലാത്തതിനാലും എല്ലാമറിയുന്ന ഉറ്റ സുഹൃത്ത് അയാളെ കൂടെകൂട്ടി. ഈ കാലയളവിൽ തന്റെ ചെറിയ റൂമിൽ താമസിപ്പിക്കുകയും ജോലിക്കിടയിൽ വന്നു സുഹൃത്തിന് ഭക്ഷണം ഉണ്ടാക്കുകയും അവനെ കുളിപ്പിക്കുകയും വിസർജ്യം നീക്കുകയും മറ്റും ചെയ്തു. തീരെ നടക്കാൻ വയ്യാത്ത ആ രോഗിയെ സുഹൃത്ത് താങ്ങി നടക്കുന്ന രംഗം എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ല.
കമ്പനിയിൽ നിന്നും പകുതി സാലറി ആക്കിയപ്പോൾ മാസം നാട്ടിലേക്കയക്കുന്ന പണത്തിൽ കുറവ് വരുത്താതെ സ്വന്തം ശമ്പളത്തിൽ നിന്ന് കൂടി ഒരു ഭാഗം രോഗിയായ സുഹൃത്തിന്റെ വീട്ടിൽ അയച്ചുകൊടുക്കുകയും ഇങ്ങനെ ഒരു രോഗത്താൽ അയാളിവിടെ കഷ്ടപ്പെടുന്നത് വീട്ടിൽ അറിയിക്കാതെ എല്ലാ കാര്യങ്ങളും ഉത്തരവാദിത്തത്തോടെ ചെയ്തു കൊടുത്തു. മാസത്തിൽ ഒന്ന് രണ്ട് തവണ ഡ്യൂട്ടി അഡ്ജസ്റ്റ് ചെയ്ത് ഈ രോഗിയായ വ്യക്തിയെ ഹോസ്പിറ്റലിൽ കൊണ്ടുവന്നു പരിചരിക്കുന്ന മലയാളിയെ കണ്ടപ്പോൾ എനിക്ക് വളരെ അഭിമാനം തോന്നി.
ഞാൻ അദ്ദേഹത്തോട് ചോദിച്ചപ്പോൾ എന്നോട് പറഞ്ഞു, ഇത് എന്റെ ബാല്യകാല സുഹൃത്താണ്. ഇവനു എന്ത് സംഭവിച്ചാലും ഞാൻ ഇവന്റെ കുടുംബത്തോട് കൂടെ ഉണ്ടാവും. ചെറുപ്പത്തിൽ അവൻ എനിക്ക് തന്ന സ്നേഹം, എന്നെ ഞാനാക്കിയ പ്രിയ സുഹൃത്തിനോടുള്ള സ്നേഹവും കടപ്പാടും ഞാൻ നിർവഹിക്കുന്നു എന്നേയുള്ളൂ. യഥാർത്ഥ സൗഹൃദം മനസ്സിൽ നിന്ന് ഉണ്ടാവുന്നതാണ്. ചില സൗഹൃദങ്ങൾ ആർക്കും അടർത്തി മാറ്റുവാൻ കഴിയാത്ത വണ്ണം നിലനിൽക്കുന്നു. സൗഹൃദത്തിന്റെ ആഴം ശരിക്കും അനുഭവിക്കുവാൻ കഴിയുന്നത് പ്രവാസികൾക്കാണ്. അസുഖമോ ആപത്തോ വരുമ്പോൾ സാന്ത്വനമേകാനും സഹായഹസ്തം നീട്ടാനും പ്രവാസികൾ മുമ്പിലാണ്. ഇന്ന് ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിൽ ഒന്നിനും സമയമില്ല. ആർക്കും ആരോടും ഹൃദയം തുറന്ന സംസാരിക്കുവാൻ നേരം ഇല്ല. ഈ ലോകത്തിൽ നിന്ന് നമുക്ക് ഒന്നും കൊണ്ടുപോകുവാനില്ല.
ജീവിച്ചിരുന്ന കാലത്തെ നല്ല ഓർമകളും സദ്പ്രവൃത്തികളും സുഹൃത്തുക്കൾ എങ്കിലും മറക്കാതിരിക്കും. അതിനായി നല്ല സുഹൃത്തുക്കളെ തെരഞ്ഞെടുക്കൂ. യഥാർഥ സ്നേഹസൗഹൃദങ്ങൾ പൂത്തുലയട്ടെ.






