കൊച്ചി- കളമശ്ശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസിലെ മുഖ്യ പ്രതിയായ എറണാകുളം മെഡിക്കല്‍ കോളേജിലെ അഡ്മിനിട്രേറ്റീവ് അസിസ്റ്റന്റ് ആലപ്പുഴ പഴവീട് സ്വദേശി അനില്‍ കുമാറിനെ (53) പോലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയിരുന്ന അനിലിനെ മധുരയില്‍ വച്ചാണ് തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തിരുപ്പതി ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങള്‍ക്ക് സമീപം ലോഡ്ജില്‍ മുറിയെടുത്താണ് ഇയാള്‍ കഴിഞ്ഞുവന്നത്. മധുരയിലെ ഒരുക്ഷേത്രത്തിനടുത്തുള്ള ലോഡ്ജില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ എത്തിച്ച അനില്‍ കുമാറിനെ പോലീസ് ചോദ്യം ചെയ്തു. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍ തിങ്കളാഴ്ച അപേക്ഷ നല്‍കും. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ, പണം ഇടപാട് ഉണ്ടോ തുടങ്ങി നിരവധി കാര്യങ്ങള്‍ക്കു അനില്‍ കുമാറിലൂടെ വ്യക്തത വരും എന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
കേസിലെ ഒന്നാം പ്രതിയായ അനില്‍കുമാറിനെതിരെയുള്ള നിരവധി തെളിവുകള്‍ തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശേഖരിച്ചിരുന്നു. കളമശേരി മെഡിക്കല്‍ കോളജിലെത്തി സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചു. ഈ ദൃശ്യങ്ങളില്‍ നിന്ന് പ്രതിയുടെ പങ്ക് വെളിപ്പെടുത്തുന്ന തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതി അനില്‍കുമാറും കുട്ടിയെ കൈവശം വെച്ച തൃപ്പുണിത്തുറയിലെ അനൂപും തമ്മില്‍ കാണുന്ന ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. കളമശേരി മെഡിക്കല്‍ കോളജില്‍വെച്ചായിരുന്നു ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. വ്യാജ ജനനസര്‍ട്ടിഫിക്കറ്റുണ്ടാക്കാന്‍ ഇക്കഴിഞ്ഞ ജനുവരി 31 നാണ് അനൂപ് ആശുപത്രിയിലെത്തിയതെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.
അനില്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ കോടതി മാറ്റിവെച്ചതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമായി തയാറാക്കാക്കിയതില്‍ ഗൂഢാലോചനയുണ്ടെന്നും ഇതിനായി മാസങ്ങള്‍ നീണ്ട തയാറെടുപ്പ് നടത്തിയെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. തെറ്റായ ഉദ്ദേശത്തോടെ ഒന്നും ചെയ്തിട്ടില്ലെന്നും സര്‍ട്ടിഫിക്കറ്റ് തിരുത്തിയിട്ടില്ലെന്നുമായിരുന്നു അനില്‍ കുമാറിന്റെ നിലപാട്. ഇയാളുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.
ആശുപത്രിയിലെത്താത്ത യുവതിയുടെ പേരില്‍ ഒപി, ഐപി രേഖകളുണ്ടാക്കി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കി എന്നതാണ് കേസ്. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികള്‍ അനധികൃതമായി കുഞ്ഞിനെ ദത്തെടുക്കുകയായിരുന്നു. ദമ്പതികളുടെ ആവശ്യപ്രകാരമാണ് അനില്‍കുമാര്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത് എന്നാണ് ലഭിക്കുന്ന വിവരം.രേഖകള്‍ ഇല്ലാത്തത് കാരണം വളര്‍ത്താന്‍ പോലും പറ്റാതെയാകുമെന്ന സ്ഥിതി വന്നപ്പോഴാണ് കുഞ്ഞിന് വേണ്ടി ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കാന്‍ മുന്നിട്ട് ഇറങ്ങിയതെന്നാണ് തൃപ്പുണ്ണിത്തുറയിലെ ദമ്പതികളുടെ മൊഴി. കളമശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ കുഞ്ഞിനെ തട്ടിയെടുത്തതല്ലെന്നും, വിവാഹിതരല്ലാതിരുന്ന കുഞ്ഞിന്റെ മാതാപിതാക്കള്‍ വളര്‍ത്താന്‍ ഏല്‍പിച്ചതാണെന്നും ദമ്പതികള്‍ പറയുന്നു. മെഡിക്കല്‍ കോളേജിലെ താല്‍ക്കാലിക ജീവനക്കാരി രഹ്നയാണ് കേസിലെ രണ്ടാം പ്രതി.






