താന്‍ നിയന്ത്രിച്ചത് ഫുട്‌ബോള്‍ കളിയല്ല തെരുവുയുദ്ധമാണെന്നാണ് 1962 ലെ ലോകകപ്പില്‍ ഇറ്റലിയും ചിലെയും തമ്മിലുള്ള മത്സരത്തിലെ റഫറി കെന്‍ ആസ്റ്റണ്‍ പറഞ്ഞത്. ഇതാണ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മോശം കളിയെന്ന വിശേഷണം കുറച്ചൊന്ന് പൊലിപ്പിച്ചതാണെന്ന് കരുതുന്നുവെങ്കില്‍ കുട്ടികളെ ഉറക്കിക്കിടത്തിയ ശേഷം മത്സരത്തിന്റെ വീഡിയൊ കാണുക. ഈ കളി ഹൊറര്‍ സര്‍ടിഫിക്കറ്റ് തീര്‍ച്ചയായും അര്‍ഹിക്കുന്നു -ഫ്രാങ്ക് മക്ഗീ എഴുതിയത് അങ്ങനെയാണ്. ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വൃത്തികെട്ടതും മനംമടുപ്പിക്കുന്നതും നാണം കെട്ടതുമായ കളിയാണ് നിങ്ങള്‍ കാണാന്‍ പോവുന്നതെന്ന് ബി.ബി.സി കമന്റേറ്റര്‍ ഡേവിഡ് കോള്‍മാന്‍ ആമുഖമായി പറഞ്ഞു. അക്കാലത്തെ സാങ്കേതികവിദ്യയുടെയും യാത്രാസൗകര്യത്തിന്റെയുമൊക്കെ പരമിതികള്‍ കാരണം ചിലെയില്‍ നിന്ന് രണ്ടു ദിവസം കഴിഞ്ഞാണ് കളിയുടെ വീഡിയൊ ടേപ്പ് ഇംഗ്ലണ്ടിലെത്തിയത്. ആദ്യമായാണ് ഈ ടീമുകള്‍ ഏറ്റുമുട്ടുന്നത്. ഇത് അവസാനത്തേതാവട്ടെ എന്നാണ് പ്രാര്‍ഥന -കോള്‍മാന്‍ പറഞ്ഞു.
1962 ലെ ആ ലോകകപ്പ് സംഘര്‍ഷഭരിതമായിരുന്നു. കളിയുടെ റിപ്പോര്‍ട്ടുകള്‍ പലപ്പോഴും യുദ്ധമുഖത്തു നിന്നുള്ള കുറിപ്പുകള്‍ പോലെ തോന്നിച്ചു. ഇറ്റലിയും ജര്‍മനിയും തമ്മിലുള്ള കളി ഗുസ്തി മത്സരമായിരുന്നു. ആദ്യ രണ്ടു ദിവസങ്ങളില്‍ തന്നെ റഫറി നാല് ചുവപ്പ് കാര്‍ഡ് പുറത്തെടുത്തു. മൂന്നു പേരുടെ കാലൊടിഞ്ഞു. അര്‍ജന്റീന-ബള്‍ഗേറിയ മത്സരത്തില്‍ റഫറിക്ക് ഓരോ 78 സെക്കന്റിലും കാര്‍ഡ് പുറത്തെടുക്കേണ്ടി വന്നു. റഷ്യയുടെ എഡ്വേഡ് ദുബിന്‍സ്‌കിയുടെ കാല്‍ തകര്‍ത്ത യൂഗോസ്ലാവ്യയുടെ മുഹമ്മദ് മൂജിച്ചിനെ റഫറി പുറത്താക്കിയില്ല. പക്ഷെ സ്വന്തം ടീം മാനേജ്‌മെന്റ് അയാളെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തു.
ഇറ്റലി-ചിലെ മത്സരത്തിന് മറ്റൊരു പശ്ചാത്തലമുണ്ടായിരുന്നു. ഏതാനും മാസം മുമ്പ് ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ ചിലെയില്‍ ലോകകപ്പ് നടത്തുന്നതിനെ ഇറ്റലിയിലെ ചില പത്രങ്ങള്‍ വൃത്തികെട്ട ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ചിലെയുടെ തലസ്ഥാനത്തെക്കുറിച്ച് ഒരു പത്രം എഴുതിയത് ഇങ്ങനെ: 'അവിടെ ഫോണുകള്‍ പ്രവര്‍ത്തിക്കില്ല, വിശ്വസ്തരായ ഭര്‍ത്താക്കന്മാരെ പോലെ അപൂര്‍വമാണ് ടാക്‌സികള്‍, കത്തയച്ചാല്‍ അഞ്ചു ദിവസമെടുക്കും കിട്ടാന്‍, യൂറോപ്പിലേക്ക് ഫോണ്‍ വിളിച്ചാല്‍ പോക്കറ്റ് കാലിയാവും. ജനങ്ങളുടെ കാര്യം പറയേണ്ട. പോഷകക്കുറവും നിരക്ഷരതയും മദ്യാസക്തിയും ദാരിദ്ര്യവും.. കഷ്ടം. തെരുവുകള്‍ മൊത്തം വേശ്യകളുടെ കൈയിലാണ്'.
ഇത്തരം പരിഹാസങ്ങള്‍ കൈയും കെട്ടി നോക്കിയിരിക്കാന്‍ ചിലെ തയാറായില്ല. മാത്രമല്ല, ഇറ്റലിയുടെ രണ്ട് കളിക്കാര്‍ ജോസെ അല്‍തഫാനിയും ഹ്യുംബര്‍ടൊ മാഷിയോയും ലാറ്റിനമേരിക്കക്കാരായിരുന്നു. ഇറ്റലി അവരെ തങ്ങളുടെ ടീമിലുള്‍പെടുത്തുകയായിരുന്നു. കളിക്കളത്തില്‍ കണക്കിന് കൊടുക്കാന്‍ അവരും തീരുമാനിച്ചു. ആദ്യ ഫൗള്‍ പന്ത്രണ്ടാം സെക്കന്റിലായിരുന്നു. പന്ത്രണ്ടാം മിനിറ്റില്‍ ഇറ്റലിയുടെ മിഡ്ഫീല്‍ഡര്‍ ജോര്‍ജിയൊ ഫെരീനി പുറത്താക്കപ്പെട്ടു. പുറത്തു പോകാന്‍ വിസമ്മതിച്ച കളിക്കാരനെ പോലീസുകാര്‍ ബലം പ്രയോഗിച്ചാണ് നീക്കിയത്. ഹോണോറിയൊ ലാന്‍ഡയെ ഇടിച്ചതിനായിരുന്നു ഫെരീനിയെ പുറത്താക്കിയത്. ഫെരീനി പുറത്തുപോകാന്‍ വിസമ്മതിച്ചതോടെ 10 മിനിറ്റ് കളി തടസ്സപ്പെട്ടു. നിമിഷങ്ങള്‍ക്കു ശേഷം ലാന്‍ഡ സമാനമായ ഫൗള്‍ കളിച്ചപ്പോള്‍ റഫറി മുഖം തിരിച്ചു. ചിലെയുടെ ലയണല്‍ സാഞ്ചസ് ഇറ്റലിയുടെ മാരിയൊ ഡേവിഡിനെ ഇടിച്ചതും റഫറി കണ്ടില്ല. പ്രൊഫഷനല്‍ ബോക്‌സറുടെ മകനായിരുന്നു സാഞ്ചസ്. എന്നാല്‍ സാഞ്ചസിനെ തിരിച്ചടിച്ച ഡേവിഡിനെ പുറത്താക്കി. സാഞ്ചസ് അവിടെ നിര്‍ത്തിയില്ല. ഹ്യുംബര്‍ട്ടൊ മാഷിയോയുടെ മൂക്കിടിച്ച് തകര്‍ത്തു. എന്നിട്ടും റഫറി അയാളെ പുറത്താക്കിയില്ല. അതോടെ റഫറിയുടെ കൈയല്‍നിന്ന് കളിയുടെ നിയന്ത്രണം വിട്ടു. കളിക്കാര്‍ പന്തല്ല അടിച്ചത്, എതിരാളിയെയായിരുന്നു. മൂന്നു തവണ പോലീസിന് ഇടപെടേണ്ടി വന്നു. ഒമ്പതു പേരായിച്ചുരുങ്ങിയ ഇറ്റലിക്കെതിരെ 2-0 ന് ചിലി കളി ജയിച്ചു.
ലൈന്‍സ്മാന്മാരിലൊരാളായ ലിയൊ ഗോള്‍ഡ്‌സ്റ്റെയ്‌നിന് അതിന് അവസരം കിട്ടിയത് ഹിറ്റ്‌ലറുടെ ഗ്യാസ് ചെയ്മ്പറില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടയാളെന്ന പരിഗണന വെച്ചാണ്. ഒരു പരിചയവുമില്ലാതിരുന്നിട്ടും ഗ്യാസ് ചെയ്മ്പര്‍ ഗാഡുമാരുടെ കളി നിയന്ത്രിക്കാന്‍ അയാള്‍ തയാറാവുകയായിരുന്നു. രണ്ടാം യുദ്ധത്തിനു ശേഷം അമേരിക്കയിലേക്ക് കുടിയേറിയ അയാള്‍ റഫറിയിംഗ് തുടര്‍ന്നു. ആ പരിഗണന വെച്ച് ലോകകപ്പിനെത്തി. 'ഒന്നിനും കൊള്ളാത്ത രണ്ട് അസിസ്റ്റന്റുമാരായിരുന്നു, ഫലത്തില്‍ ഞാനും എനിക്കെതിരെ 22 കളിക്കാരുമെന്ന അവസ്ഥയായിരുന്നു' -കളിയെക്കുറിച്ച് റഫറി കെന്‍ ആസ്റ്റണ്‍ പറഞ്ഞു.