പാരിസ് - ഫ്രഞ്ച് ഓപൺ ടെന്നിസിൽ ഇന്ത്യയുടെ യുകി ഭാംബ്രി ആദ്യ റൗണ്ടിൽ പുറത്തായി. 93 ാം റാങ്കുകാരനായ യുകി 110 ാം റാങ്കുകാരനായ ബെൽജിയത്തിന്റെ റൂബൻ ബെമൽമാൻസിനോട് നേരിട്ടുള്ള സെറ്റുകളിൽ തോറ്റു (4-6, 4-6, 4-6).
മൂന്നു വർഷത്തിനിടയിലാദ്യമായി ഫ്രഞ്ച് ഓപണിൽ സെറ്റ് വഴങ്ങുന്നത് കഷ്ടിച്ച് റഫായേൽ നദാൽ ഒഴിവാക്കി. 6-4, 6-3, 7-6 (11-9) ന് ജയിച്ച് ടോപ് സീഡ് രണ്ടാം റൗണ്ടിലെത്തി. ടൈബ്രേക്കറിൽ സൈമൺ ബൊളേലിക്ക് 6-3 ലീഡുണ്ടായിരുന്നു. മൂന്നാം സീഡ് മാരിൻ സിലിച്, കാനഡയുടെ പത്തൊമ്പതുകാരൻ ഡെനിസ് ഷോപലോവ് എന്നിവരും ആദ്യ റൗണ്ട് കടന്നു. എന്നാൽ മുൻ വനിതാ ഒന്നാം നമ്പർ സ്വെറ്റ്‌ലാന കുസ്‌നറ്റ്‌സോവ പുറത്തായി. മുൻ ചാമ്പ്യന്മാർ തമ്മിലുള്ള പോരാട്ടത്തിൽ ഗർബീൻ മുഗുരുസ 7-6 (7-0), 6-2 ന് കുസ്‌നറ്റ്‌സോവയെ തോൽപിച്ചു.
അമ്മയായ ശേഷം ആദ്യമായി ഗ്രാന്റ്സ്ലാം കളിക്കുന്ന സെറീന വില്യംസ് 7-6 (7-4), 6-4 ന് ക്രിസ്റ്റിന പ്ലിസ്‌കോവയെ തോൽപിച്ചു. യോഗ്യതാ റൗണ്ടിലൂടെ വന്ന റിഷേൽ ഹോഗൻകാംപിനെതിരെ വിറച്ചെങ്കിലും മരിയ ഷരപോവയും ജയിച്ചു (6-1, 4-6, 6-3).