ജിദ്ദ - ഫഹദ് അൽമുവല്ലദിന്റെ കാലുകളിലാണ് സൗദി അറേബ്യ 12 വർഷത്തെ ഇടവേളക്കു ശേഷം ലോകകപ്പ് ഫുട്‌ബോളിലേക്ക് ചുവട് വെച്ചത്. കഴിഞ്ഞ സെപ്റ്റംബർ അഞ്ചിന് ജപ്പാനെതിരായ യോഗ്യതാ മത്സരത്തിൽ ഫഹദ് നേടിയ ഗോൾ ഇത്തിഹാദ് മിഡ്ഫീൽഡറുടെ കരിയറിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു. ജിദ്ദ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന കളിയിലെ ഏക ഗോളായിരുന്നു അത്. സൗദിക്ക് ലോകകപ്പ് ബെർത്ത് നേടാൻ ആ ഗോൾ മതിയായിരുന്നു.
പകരക്കാരുടെ ബെഞ്ചിൽ നിന്ന് വന്നാണ് ഇരുപത്തിമൂന്നുകാരൻ അന്ന് രക്ഷകനായത്. മത്സരത്തിനു ശേഷം ഫഹദ് ദേശീയ ഹീറോ ആയി. ജിദ്ദയിൽ ജനിച്ചു വളർന്ന ഫഹദ് പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. ലോകകപ്പിൽ സൗദിയുടെ പ്രതീക്ഷ ഈ പ്രതിഭയിലാണ്. ഈ സീസണിൽ സ്‌പെയിനിൽ കളിക്കാൻ സൗദി ഫെഡറേഷൻ തെരഞ്ഞെടുത്ത കളിക്കാരിലൊരാളായിരുന്നു ഫഹദ്. ലെഗാനീസിനെതിരായ മത്സരത്തിൽ ലെവാന്റെക്കു വേണ്ടി പകരക്കാരനായി ഇറങ്ങിയപ്പോൾ സ്പാനിഷ് ലീഗിൽ കളിക്കുന്ന പ്രഥമ സൗദി കളിക്കാരനായി ഫഹദ്.
അതോടെ മാഞ്ചസ്റ്റർ യുനൈറ്റഡുമായി സൗദി ഫെഡറേഷൻ മറ്റൊരു കരാറിലേർപ്പെടുകയും ഫഹദിനെ അവിടേക്ക് പരിശീലനത്തിന് അയക്കുകയും ചെയ്തു.
സൗദി ലീഗ് ശക്തമാണെങ്കിലും കൂടുതൽ ശക്തവും വേഗമേറിയതുമാണ് സ്പാനിഷ് ലീഗെന്ന് ഫഹദ് പറഞ്ഞു. ഫഹദ് അടുത്ത സീസണിൽ ഇത്തിഹാദിലേക്ക് തിരിച്ചുവരികയാണ്. ഫഹദ് ഇല്ലാതെ ഈയിടെ കിംഗ്‌സ് കപ്പ് ജേതാക്കളായിരുന്നു ഇത്തിഹാദ്.
വലതു വിംഗിലൂടെ അതിവേഗത്തിൽ കുതിക്കുന്ന ഫഹദ് ഏത് പ്രതിരോധത്തിനും ഭീഷണിയായിരിക്കും. ജപ്പാനെതിരായ ഗോൾ ഇതുപോലൊരു കുതിപ്പിലായിരുന്നു. സൗദിക്കായി 41 മത്സരങ്ങൾ കളിച്ചിട്ടുണ്ട് ഫഹദ്. 10 ഗോളടിച്ചു. പലപ്പോഴും സ്‌ട്രൈക്കർമാരേക്കാൾ ടീമിന് അവസരങ്ങളും ഗോളുകളും സൃഷ്ടിച്ചത് ഫഹദാണെന്ന് പ്രശസ്ത കമന്റേറ്റർ ഖാലിദ് അൽശിനൈഫ് ചൂണ്ടിക്കാട്ടി.
ലോകകപ്പിൽ താരതമ്യേന ദുർബലമായ ഗ്രൂപ്പാണ് സൗദിയുടേത്. ആതിഥേയരായ റഷ്യയും ഈജിപ്തും ഉറുഗ്വായ്‌യുമാണ് മറ്റു ടീമുകൾ. ഗ്രൂപ്പ് മത്സരങ്ങളിൽ അറ്റാക്കറായാണ് ഫഹദ് കളിക്കുകയെന്ന് ശിനൈഫ് കരുതുന്നു.