സെയ്ന്റ്ഗാലൻ (സ്വിറ്റ്‌സർലന്റ്) - ലോകകപ്പ് ഫുട്‌ബോളിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഇറ്റലിയെ വിറപ്പിച്ച് സൗദി അറേബ്യ 1-2 ന് കീഴടങ്ങി. അവസാന വേളയിൽ ഫഹദ് അൽമുവല്ലദിന്റെ ഷോട്ട് ഇറ്റലി ഗോളി ജിയാൻലൂജി ഡോണരൂമ സാഹസികമായി രക്ഷിച്ചില്ലായിരുന്നുവെങ്കിൽ സൗദിക്ക് സമനിലയുമായി മടങ്ങാമായിരുന്നു. ഇറ്റലി ഇത്തവണ ലോകകപ്പിന് യോഗ്യത നേടിയിട്ടില്ല.
പുതിയ കോച്ച് റോബർടൊ മാഞ്ചീനിയുടെ കീഴിൽ ആദ്യ മത്സരം കളിച്ച ഇറ്റലിക്കു വേണ്ടി നാലു വർഷത്തിനു ശേഷം തിരിച്ചുവിളിക്കപ്പെട്ട മാരിയൊ ബലോടെലിയാണ് ആദ്യ ഗോളടിച്ചത്. 2014 ലെ ലോകകപ്പിലാണ് ബലോടെലി അവസാനം ഇറ്റലി ജഴ്‌സിയിട്ടത്. ഇരുപത്തൊന്നാം മിനിറ്റിലായിരുന്നു ഗോൾ. ആന്ദ്രെ ബെലോടി രണ്ടാം ഗോൾ നേടി. ഇറ്റാലിയൻ പ്രതിരോധത്തിലെ ഇരട്ടപ്പിഴവ് മുതലെടുത്ത് യഹ്‌യ അൽശെഹ്‌രി ഗോൾ മടക്കി.
ലോകകപ്പ് യോഗ്യത നേടാനാവാതിരുന്നതോടെ പുറത്താക്കപ്പെട്ട ജിയാൻപിയറൊ വെഞ്ചൂറക്കു പകരമാണ് മാഞ്ചീനി കോച്ചായി ചുമതലയേറ്റത്. അച്ചടക്ക ലംഘനത്തിന് കുപ്രസിദ്ധനായ ബലോടെലിയെ വെഞ്ചൂറയും അതിന് മുമ്പ് കോച്ചായിരുന്ന ആന്റോണിയൊ കോണ്ടെയും അവഗണിച്ചിരുന്നു. തിരിച്ചുവരവിൽ തുടക്കം മുതൽ ഇരുപത്തേഴുകാരൻ സൗദി പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചു.
ബലോടെലി ആദ്യം പന്ത് വലയിലെത്തിച്ചപ്പോൾ ഓഫ്‌സൈഡിന് കൊടിയുയർന്നു. രണ്ട് നല്ല അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. പന്ത് നിയന്ത്രിച്ച ശേഷം ഡിഫന്ററെ വെട്ടിച്ച് 25 വാര അകലെ നിന്ന് പായിച്ച ഷോട്ടാണ് സൗദി ഗോളിയെ കീഴടക്കിയത്.
ഇടവേളക്ക് അൽപം മുമ്പ് ഡൊമെനിക്കൊ ക്രിസിറ്റോയുടെ ഷോട്ട് ക്രോസ്ബാറിന് തട്ടിത്തെറിച്ചു. പേശിവേദന കാരണം ബലോടെലി കളം വിട്ടപ്പോഴാണ് പകരം ബെലോടി ഇറങ്ങിയത്. അറുപത്തൊമ്പതാം മിനിറ്റിൽ ബെലോടിയുടെ ഹെഡർ ഗോളി തട്ടിത്തെറിപ്പിച്ചതായിരുന്നു. റീബൗണ്ടിൽ പിഴച്ചില്ല.
മൂന്നു മിനിറ്റിനു ശേഷം സൗദി തിരിച്ചടിച്ചു. മധ്യവരയിൽ ഡേവിഡ് സപകോസ്റ്റയിൽ നിന്ന് സാലിം അൽദോസരി പന്ത് റാഞ്ചി. ഗോൾമുഖം വിട്ടിറങ്ങിയ ഗോളിയെ വെട്ടിച്ച് കടന്ന് യഹ്‌യ വല കുലുക്കി. ക്രിസിറ്റോയുടെ പിഴവിൽ നിന്ന് സൗദി വീണ്ടും ഗോൾ നേടേണ്ടതായിരുന്നു. ഒക്‌ടോബർ ഒമ്പതിനു ശേഷം ഇറ്റലിയുടെ ആദ്യ വിജയമാണ് ഇത്.
ലോകത്തെ മികച്ച ടീമുകളിലൊന്നിനെതിരെ രണ്ടാം പകുതിയിൽ ഒപ്പത്തിനൊപ്പം നിൽക്കാൻ സൗദിക്ക് കഴിഞ്ഞതായി കോച്ച് ആന്റോണിയൊ പിസി അഭിപ്രായപ്പെട്ടു. ഇറ്റലി ലോകകപ്പിന് യോഗ്യത നേടിയിട്ടില്ലെങ്കിലും വലിയ ചരിത്രമുള്ള ടീമാണ് അവരുടേത് -അദ്ദേഹം പറഞ്ഞു. സൗദി ഫോമിലേക്കുയരുകയാണെന്ന് മാഞ്ചീനിയും അഭിപ്രായപ്പെട്ടു.
ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ റഷ്യയെ നേരിടും മുമ്പ് രണ്ട് സന്നാഹ മത്സരങ്ങൾ കൂടി സൗദി കളിക്കും. ഞായറാഴ്ച പെറുവിനെതിരെയും ജൂൺ എട്ടിന് ലോക ചാമ്പ്യന്മാരായ ജർമനിക്കെതിരെയും.