'ഓ, ഷ്‌നെലിംഗര്‍.. അയാള്‍ തന്നെ വേണം..'.. 1970 ലോകകപ്പിലെ ഇറ്റലിക്കെതിരായ സെമിയുടെ ഇഞ്ചുറി ടൈമില്‍ പശ്ചിമ ജര്‍മനിയുടെ സമനില ഗോളിനെക്കുറിച്ച ജര്‍മന്‍ ടി.വി കമന്റേറ്റര്‍ ഏണ്‍സ്റ്റ് ഹ്യൂബര്‍ട്ടിയുടെ പ്രഖ്യാപനമായിരുന്നു അത്. കാരണം ഇറ്റലിക്കെതിരെ ജര്‍മനിയുടെ വിജയ ഗോളടിച്ച ഷ്‌നെലിംഗര്‍ കളിക്കുന്നത് ഇറ്റാലിയന്‍ ലീഗിലാണ്. മാത്രമല്ല, തന്റെ 47 രാജ്യാന്തര മത്സരങ്ങളില്‍ ഷ്‌നെലിംഗര്‍ ആദ്യമായാണ് ഗോളടിക്കുന്നത്. അഞ്ചു ഗോള്‍ വീണ ത്രസിപ്പിക്കുന്ന എക്‌സ്ട്രാ ടൈമിലേക്കാണ് ആ ഗോള്‍ വഴി തുറന്നത്. 4-3 ന് ഇറ്റലി ജയിച്ചു. രണ്ടു ശൈലികളുടെ പോരാട്ടമായിരുന്നു അത്. അവസരങ്ങള്‍ മുതലാക്കുന്നതായിരുന്നു ജീജി റീവയുടെ ഇറ്റലിയുടെ രീതി. കൈസര്‍ ബെക്കന്‍ബവറുടെ ജര്‍മനിയാവട്ടെ പോരാട്ടവീര്യത്തിന് പേരെടുത്തവരാണ്. ആക്രമണമാണ് ഇറ്റലിയുടെ മുദ്ര, പ്രതിരോധത്തിന്റെ ഉരുക്കുകോട്ടയാണ് ജര്‍മനി. ഇറ്റലി നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാരാണ്, ജര്‍മനി നിലവിലെ ലോകകപ്പ് റണ്ണേഴ്‌സ്അപ്പും. ശാന്തമായ തുടക്കത്തിനു ശേഷം എട്ടാം മിനിറ്റില്‍ കളിക്ക് ചൂടുപിടിച്ചു. റീവയുമൊത്ത് പന്ത് കൈമാറി വന്ന റോബര്‍ട്ട് ബോണിന്‍സെന 16 മീറ്റര്‍ അകലെനിന്ന് പായിച്ച വെടിയുണ്ട ഗോളി സെപ് മെയറിനെ കാഴ്ചക്കാരനാക്കി ജര്‍മന്‍ വല തുളച്ചു. അതോടെ ജര്‍മനി ഉണര്‍ന്നു. ബെക്കന്‍ബവറുടെ എണ്ണം പറഞ്ഞ പാസില്‍ ഗെര്‍ഡ് മുള്ളര്‍ക്ക് തലനാരിഴ പിഴച്ചു. ബെക്കന്‍ബവറുടെ മറ്റൊരു കുതിപ്പ് ഇറ്റാലിയന്‍ നായകന്‍ ജിയാസിന്റൊ ഫാച്ചെറ്റി മെയ്ക്കരുത്തിലൂടെ തടഞ്ഞു. ആദ്യ പകുതിയില്‍ ജര്‍മനിക്കായിരുന്നു മുന്‍തൂക്കമെങ്കിലും ഇറ്റാലിയന്‍ പ്രതിരോധം കടുകിട വിട്ടുകൊടുത്തില്ല. ജര്‍മന്‍ നായകന്‍ ഊവെ സീലറുടെ ഓരോ ഫ്രീകിക്കും ഇറ്റാലിയന്‍ ഗോള്‍മുഖത്ത് അപായഭീഷണിയുയര്‍ത്തി. ക്രമേണ മുള്ളര്‍ താളം കണ്ടെത്തി. രണ്ടു തവണ ഗോളി ആല്‍ബര്‍ട്ടോസി ഇറ്റലിയുടെ രക്ഷക്കെത്തി. രണ്ടാം പകുതിയിലും ജര്‍മനി നിരന്തരമായി ആക്രമിച്ചു. ഇറ്റലി സമര്‍ഥമായി ചെറുത്തുനിന്നു. അന്തിമ നിമിഷങ്ങളില്‍ ജര്‍മനി സര്‍വം മറന്നു പൊരുതി. ബെക്കന്‍ബവറെ പിയര്‍ലൂജി സേറ വീഴ്ത്തിയപ്പോള്‍ പെനാല്‍ട്ടിക്കായി അവര്‍ വാദിച്ചു. പക്ഷെ ബോക്‌സിനു തൊട്ടുപുറത്താണ് ഫൗളെന്ന് റഫറി അര്‍തുറൊ യാമസാക്കി വിധിച്ചു. കുഴയില്‍നിന്ന് വലതു ചുമല്‍ ഇളകിയ ബെക്കന്‍ബവര്‍ വേദന കൊണ്ട് പുളയുകയായിരുന്നു. അനുവദിച്ച രണ്ട് പകരക്കാരെയും ഇറക്കിക്കഴിഞ്ഞതിനാല്‍ ബെക്കന്‍ബവര്‍ക്ക് കൈ നാടയില്‍ കെട്ടിത്തൂക്കി കളി തുടരുകയല്ലാതെ നിവൃത്തിയില്ലായിരുന്നു.
അറിയാമോ? 1970 ലെ ലോകകപ്പ് സെമിയില്‍ കുഴയില്‍നിന്ന് തെറ്റിയ കൈയുമായി ജര്‍മനിയുടെ ഫ്രാന്‍സ് ബെക്കന്‍ബവര്‍ ഒരു മണിക്കൂറോളം കളിച്ചു.
സിഗ്ഫ്രീഡ് ഹെല്‍ഡിന്റെ ഷോട്ട് ഗോളിയെ കടന്നെങ്കിലും റോബര്‍ട്ടൊ റൊസാറ്റൊ ഗോള്‍ലൈനില്‍ ഇറ്റലിയുടെ രക്ഷകനായി. അവസാന നിമിഷങ്ങള്‍ക്കായി ഇറ്റലി പഴുതടച്ചുനിന്നു. ഇഞ്ചുറി ടൈമില്‍ രണ്ട് ആശങ്കാ നിമിഷങ്ങള്‍ കൂടി ഇറ്റലി അതിജീവിച്ചു. പക്ഷെ ഫൈനല്‍ വിസിന് സെക്കന്റുകള്‍ അവശേഷിക്കെ ജര്‍മന്‍ വിയര്‍പ്പിന് വില കിട്ടി. ഇടതു വിംഗില്‍നിന്ന് ഗ്രാബോവ്‌സ്‌കി ഉയര്‍ത്തിയ ക്രോസ് ഗോളിയെയും കടത്തി ഷ്‌നെലിംഗര്‍ വലയിലേക്കു പറത്തി. ഇറ്റലിക്കു വിശ്വസിക്കാനായില്ല. എക്‌സ്ട്രാ ടൈം മരണക്കളിയായിരുന്നു. 94 ാം മിനിറ്റില്‍ ബാക്ക്പാസ് പിടിച്ച മുള്ളര്‍ ജര്‍മനിക്ക് ലീഡ് നല്‍കിയപ്പോള്‍ സ്റ്റേഡിയം പൊട്ടിത്തെറിച്ചു. ഒമ്പതു മിനിറ്റിനകം ഇറ്റലി തിരിച്ചടിച്ചു. റിവേറയുടെ ഫ്രീകിക്ക് ജര്‍മന്‍ പ്രതിരോധം ക്ലിയര്‍ ചെയ്‌തെങ്കിലും കിട്ടിയത് ടാര്‍സിസിയൊ ബുര്‍ഗ്‌നിച്ചിനായിരുന്നു. അടി നേരെ വലയിലേക്ക്. ആവേശം കെട്ടടങ്ങും മുമ്പെ ഇറ്റലി വീണ്ടും വല ചലിപ്പിച്ചു. ആഞ്ചലൊ ഡോമെന്‍ഗിനിയുടെ പാസ് ഓട്ടത്തിനിടെ റീവ വലയിലേക്കുയര്‍ത്തി. ഇറ്റലി 3-2 ന് മുന്നില്‍. എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയും സംഭവബഹുലമായിരുന്നു. പന്ത് അതിവേഗം ഇരുവശത്തേക്കും കയറിയിറങ്ങി. ഓരോ നീക്കത്തിനും ഗോളിന്റെ മണമുണ്ടായിരുന്നു. സീലറുടെ മറ്റൊരു ഹെഡറില്‍നിന്ന് മുള്ളര്‍ ടൂര്‍ണമെന്റിലെ തന്റെ പത്താമത്തെ ഗോളടിച്ചത് വേദനയില്‍ പുളഞ്ഞ ബെക്കന്‍ബവര്‍ക്ക് ആഘോഷിക്കാനായില്ല. സ്‌കോര്‍ 3-3. പക്ഷെ ടി.വി ആ ഗോളിന്റെ റീപ്ലേ കാണിക്കുമ്പോള്‍ മൈതാനത്ത് ഇറ്റലിയുടെ വിജയ ഗോള്‍ പിറന്നു. ബോണിന്‍സെന ഇടതുവിംഗില്‍നിന്ന് നല്‍കിയ ക്രോസ് മെയറെ എതിര്‍ദിശയിലേക്കാകര്‍ഷിച്ച് റിവേറ വലയിലേക്കു തള്ളി. ഇനിയൊരു പോരാട്ടത്തിന് ഇരു ടീമുകള്‍ക്കും ഊര്‍ജം അവശേഷിച്ചിരുന്നില്ല. കളിക്കാര്‍ ഗ്രൗണ്ടിലേക്ക് വീണു. ആര് ജയിച്ചുവെന്നതിന് പ്രസക്തിയുണ്ടായിരുന്നില്ല.
അവിശ്വസനീയമായ കളിയുടെ ആനന്ദലഹരിയിലായിരുന്നു കാണികള്‍. ബ്രസീലിനെതിരായ ഫൈനലില്‍ മികച്ച പോരാട്ടം കാഴ്ചവെക്കാനാവാത്ത വിധം ഇറ്റലി തളര്‍ന്നു.