ജീവിതപ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ട് സ്ത്രീ ശാക്തീകരണത്തിന്റെയും സ്വയം പര്യാപ്തതയുടെയും പ്രതീകമായി മാറിയ ഒരു വീട്ടമ്മ. തൊടുപുഴ പുതുപ്പരിയാരം സ്വദേശിയായ സരിത സോമൻ.
കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ സോമന്റെയും തങ്കമണിയുടെയും മകൾ. അച്ഛന്റെ ബിസിനസ് ആവശ്യാർഥം ഇടുക്കിയിലെത്തുകയായിരുന്നു. ജീവിതവഴിയിലെവിടെയോ സംഭവിച്ച പൊരുത്തക്കേടുകളാണ് സരിതയെ കൂടുതൽ കരുത്തുള്ളവളാക്കിയത്. സരിതയുടെ ഭാഷയിൽ പറഞ്ഞാൽ ജീവിതത്തിലെ ചില വല്ലാത്ത ഘട്ടങ്ങളിലാണ് നമ്മൾ ചില ഉറച്ച തീരുമാനങ്ങളെടുക്കുന്നത്. അത്തരമൊരു തീരുമാനമാണ് സരിതയെ 'ശ്രീകൃഷ്ണ മഷ്‌റൂം' എന്നൊരു സ്ഥാപനത്തിന്റെ അമരക്കാരിയാക്കിയത്.
സോഷ്യോളജിയിൽ ബിരുദവും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്‌ളോമയും കരസ്ഥമാക്കിയ സരിത, ട്യൂഷൻ സെന്റർ നടത്തിയായിരുന്നു ജീവിതം തുടങ്ങിയത്. ശ്രീകൃഷ്ണ ട്യൂഷൻ സെന്ററിലൂടെ നാട്ടിലെ ഒട്ടേറെ വിദ്യാർഥികൾക്ക് അറിവിന്റെ പ്രകാശം പകർന്നുനൽകാൻ അവർക്ക് കഴിഞ്ഞു. ഇതിനിടയിൽ എസ്.എം.എൽ ഫൈനാൻസിയേഴ്‌സിൽ ജോലി ലഭിച്ചതോടെ ട്യൂഷനും ജോലിയും ഒന്നിച്ചു നടത്തിപ്പോന്നു. എന്നാൽ ഇടപ്പള്ളിയിലെ ഹെഡ് ഓഫീസിലേയ്ക്ക് സ്ഥലംമാറ്റം ലഭിച്ചതോടെയാണ് സരിത ജോലി ഉപേക്ഷിക്കാനുള്ള തീരുമാനമെടുത്തത്.
അക്കഥ സരിത തന്നെ പറയട്ടെ.
ഒന്നരമാസത്തോളം ഇടപ്പള്ളിയിലെ ഓഫീസിൽ ജോലിക്കുപോയി. മകനെ അടുത്ത വീട്ടിൽ ഏല്പിച്ചായിരുന്നു പോയത്. ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ രാത്രി എട്ടുമണിയാകും. അപ്പോഴേയ്ക്കും ട്യൂഷൻ സെന്ററിൽ കുട്ടികൾ കാത്തിരിക്കുന്നുണ്ടാകും. അവർക്ക് കഌസെടുത്തുകഴിഞ്ഞാണ് വീട്ടിലെത്തിയത്. ഇത്രയും കഷ്ടപ്പെട്ടുള്ള ജീവിതം മതിയാക്കി സ്വന്തമായി എന്തെങ്കിലും തുടങ്ങാമെന്ന ചിന്തയിലാണ് ജോലി ഉപേക്ഷിച്ചത്. ഇതിനിടയിൽ അയൽക്കാരിയുമായി ചേർന്ന് ഒരു പശുഫാമും നടത്തിയിരുന്നു. പശുക്കളെ വാങ്ങാനും ഫാമിനുള്ള സ്ഥലമൊരുക്കാനും പാൽ കൊണ്ടുപോകാനുള്ള ഓട്ടോറിക്ഷയും സ്വന്തമാക്കിയതോടെ നല്ലൊരു തുക ചെലവായി. പശുവിനെ കറന്നെടുക്കാനും പുല്ലെടുക്കാനും ഓട്ടോ ഓടിക്കാനുമെല്ലാം ജോലിക്കാരെയും നിയമിച്ചു. ഒടുവിൽ കൂട്ടാളി ചതിച്ചതോടെ അഞ്ചുലക്ഷം രൂപയാണ് നഷ്ടം സംഭവിച്ചത്.
കൂട്ടാളികളില്ലാതെ ഒറ്റയ്ക്കു ചെയ്യാവുന്ന ബിസിനസായിരുന്നു ലക്ഷ്യമിട്ടത്. പേന പിടിച്ച കൈയിൽ മറ്റൊരു തൊഴിലും വഴങ്ങുകയുമില്ല. ഉത്തമദൈവവിശ്വാസിയായതിനാൽ നമുക്ക് വേണ്ടതെല്ലാം നമ്മെ തേടിയെത്തുമെന്നൊരു വിശ്വാസമുണ്ടായിരുന്നു. കൂൺ കൃഷി ചെയ്തുനോക്കിയാലോ എന്നൊരു ഉപദേശം നൽകിയത് സുഹൃത്തായായിരുന്നു. അത് മനസ്സിൽ കിടക്കുന്നതിനിടെയായിരുന്നു എഫ്. എം. റേഡിയോയിൽ കൂൺ കൃഷി ചെയ്യുന്ന ഷിജി വർഗീസിന്റെ കൂടിക്കാഴ്ച കേട്ടത്. ഉപദേശങ്ങൾക്കായി വിളിക്കാമെന്നും പറഞ്ഞിരുന്നു. അന്നുതന്നെ ഷിജിയെ വിളിച്ചു. അവരെ കാണാനെത്തി. അവരുടെ കൂൺ ഫാമും കണ്ടു. ഞങ്ങൾ തമ്മിൽ നല്ല അടുപ്പത്തിലായി. ഒടുവിൽ അവർ നൽകിയ ഇരുപത്തഞ്ച് ബഡിൽനിന്നാണ് ആദ്യമായി കൂൺ കൃഷിയിലേയ്ക്കിറങ്ങുന്നത്. പുതിയൊരു ജീവിതത്തിലേയ്ക്കുള്ള കാൽവയ്പിന് അവിടെ തുടക്കം കുറിക്കുകയായിരുന്നു.
കൂൺ കൃഷിയെക്കുറിച്ച് ഒന്നുമറിയില്ലെങ്കിലും ഷിജി നൽകിയ കരുത്തിൽ കൃഷി തുടങ്ങി. തുടക്കം മോശമായില്ല. പെട്ടെന്നുതന്നെ വിളവായി. വിളവെടുപ്പിനോടനുബന്ധിച്ച് പുതുപ്പരിയാരം മഷ്‌റൂം എന്ന പേരിൽ ഫേസ് ബുക്കിൽ പോസ്റ്റിട്ടു. നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. പോസ്റ്റ് കണ്ട തൊടുപുഴയിലെ ബിസിനസുകാരനായ അനുമോനാണ് ആദ്യം കൂൺ വാങ്ങാനെത്തിയത്. അദ്ദേഹം മൂന്നു പായ്ക്കറ്റുകൾ വാങ്ങി. ഇരുനൂറ് ഗ്രാം വീതമുള്ള പായ്ക്കറ്റുകളിലാക്കി എഴുപതു രൂപ ക്രമത്തിലായിരുന്നു വില്പന. തുടക്കം മോശമായില്ല. നഗരത്തിലെ സൂപ്പർ മാർക്കറ്റുകളിലെല്ലാം കൂണുകൾ വില്പനയ്ക്കായെത്തിച്ചു.
കൂൺ കൃഷിക്ക് സീലിങ്ങുള്ള മുറി വേണമായിരുന്നു. അതിനായി സ്വന്തം ബെഡ് റൂം തന്നെ കൂൺശാലയാക്കി മാറ്റുകയായിരുന്നു. മുറി പൊളിച്ച് വലുതാക്കി നെറ്റടിച്ച് കൂൺ സ്ഥാപിക്കാനുതകുന്ന നിരയുണ്ടാക്കി. നൂറ്റി ഇരുപത്തഞ്ച് ബെഡ് കൂണുകൾ അവിടെ നിരത്തി. തൊട്ടടുത്തുതന്നെ അറുനൂറ് ചതുരശ്ര അടി വലിപ്പമുളള ഹൈടെക് ഫാം തന്നെ ഒരുക്കി. പി.എഫിലുണ്ടായിരുന്ന തുകയും ആഭരണങ്ങളും വിറ്റാണ് രണ്ടര ലക്ഷം രൂപ മുതൽമുടക്കിയുള്ള കൂൺ ഷെഡ് ഒരുക്കിയത്. അഞ്ഞൂറ് ബെഡ് അവിടെയും വളർത്തി. കൂടാതെ ഇറക്കുംപുഴയിൽ മുന്നൂറ് ചതുരശ്ര അടി വിസ്തീർണ്ണമുള്ള മറ്റൊരു ഫാമും ഒരുക്കി. അതിനടുത്തുതന്നെ താമസവും തുടങ്ങി.
ഇതിനിടയിലായിരുന്നു മഹാപ്രളയവും വെള്ളപ്പൊക്കവുമുണ്ടായത്. കൃഷി പൂർണ്ണമായും നശിച്ചു. സാമ്പത്തിക പ്രയാസത്തിൽ നട്ടംതിരിഞ്ഞുനിൽക്കുമ്പോഴാണ് കുടുംബശ്രീയുടെ സി.ഡി.എസിൽ നിന്നും ലോൺ അനുവദിച്ചുകിട്ടിയത്. അതോടെ വീണ്ടും കൃഷി ആരംഭിച്ചു. ബിസിനസ് പച്ചപിടിച്ചുവരുമ്പോഴായിരുന്നു കോവിഡ് വില്ലനായെത്തിയത്. അതോടെ ബിസിനസ് നിലച്ചു. വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടതോടെ വില്പന തീർത്തും ഇല്ലാതായി. അയൽക്കാർക്കും ബന്ധുക്കൾക്കുമെല്ലാം കൂൺ സൗജന്യമായി നൽകി. പ്രതീക്ഷകളിൽ കരിനിഴൽ വീഴ്ത്തിയ ദിനങ്ങളായിരുന്നു കോവിഡ് കാലം.
തിരിച്ചടിയിൽനിന്നും പ്രതീക്ഷയുടെ മറ്റൊരു തുരുത്തിലേയ്ക്കാണ് ജീവിതമെത്തിയത്. കൂണുകൾ ഉണക്കി സൂക്ഷിച്ചാൽ ആറുമാസത്തോളം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയും എന്നു മനസ്സിലാക്കി. വെയിലിൽ ഉണക്കി പൊടിച്ചുനോക്കിയപ്പോഴും ശരിയായില്ല. പൂപ്പൽ വന്നുതുടങ്ങി. ഇത്തരം തിരിച്ചടികളാണ് ഡ്രയർ വാങ്ങാനുള്ള തീരുമാനത്തിനു പിന്നിലുണ്ടായിരുന്നത്. മാത്രമല്ല, കൂണുകളുപയോഗിച്ചുള്ള ഉല്പന്നങ്ങളും നിർമ്മിച്ചുതുടങ്ങി.
കൂണുകൊണ്ട് സൂപ്പുണ്ടാക്കിയായിരുന്നു തുടക്കം. കൂണുകൊണ്ടുള്ള വെജിറ്റബിൾ സൂപ്പ് കിടപ്പുരോഗികൾക്ക് നല്ലതാണെന്നു കണ്ടെത്തി. കൂടാതെ മഷ്‌റൂം പൗഡർ, മഷ്‌റൂം അച്ചാർ, കൂൺ തോരൻ, അവിയൽ, ബിരിയാണി... തുടങ്ങി നിരവധി ഉല്പന്നങ്ങൾ നിർമ്മിച്ചുതുടങ്ങി. കൂടാതെ മഷ്‌റൂം കട്‌ലറ്റ്, മഷ്‌റൂം വൈൻ, മഷ്‌റൂം സോപ്പ്, ബജി, ചൈനീസ് വിഭവങ്ങൾ എന്നിവ ഒരുക്കാനുള്ള ശ്രമവും ആരംഭിച്ചു.
ഇറുക്കുംപുഴ നഗരത്തിലേയ്ക്ക് താമസം മാറിയത് കൂടുൽ സൗകര്യമായി. നഗരത്തിനടുത്തായതിനാൽ ഹോം ഡെലിവറിയും ആരംഭിച്ചു. പറയുന്ന സമയത്ത് ഓർഡറുകളെത്തിക്കാൻ കഴിഞ്ഞു. കൂടാതെ സമീപത്തെ മാർക്കറ്റുകളിലും ഹോട്ടലുകളിലുമെല്ലാം കൂണുകൾ എത്തിച്ചുതുടങ്ങി. രാവിലെ ഒൻപതരയോടെ പറിച്ചെടുത്ത് പാക്കറ്റുകളിലാക്കിയാണ് വില്പനയക്കൊരുക്കിയത്.
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും പ്രമേഹം, കൊളസ്‌ട്രോൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾക്കും ഹൃദയാരോഗ്യത്തിനും കാൻസർ തടയുന്നതിനുമെല്ലാം കൂൺ പ്രതിവിധിയാണെന്ന് പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടുകഴിഞ്ഞു. മാത്രമല്ല, ദഹനവ്യവസ്ഥയ്ക്കും കരളിന്റെ ശരിയായ പ്രവർത്തനത്തിനും കൂൺ സഹായകമാകുമെന്നും കണ്ടെത്തിയിട്ടുണ്ട്. നല്ലൊരു ആയുർവേദ ഔഷധം കൂടിയാണ് കൂണെന്നും തെളിഞ്ഞുകഴിഞ്ഞു. ചെങ്കണ്ണിന് കണ്ണിലൊഴിക്കാനും കുഷ്ഠരോഗികൾക്ക് വൃണങ്ങളിൽ തേക്കാനും എല്ലിനും പല്ലിനും ബലം നൽകാനും കൂൺ ഉപയോഗിക്കുന്നുണ്ട്.
പാൽക്കൂൺ കൃഷിക്ക് ബെഡ് സ്ഥാപിച്ചാൽ മുപ്പത്തഞ്ചു ദിവസത്തിനുള്ളിൽ വിളവെടുക്കാനാവും. ചിപ്പിക്കൂൺ കച്ചിയിലാണ് ഒരുക്കുന്നതെങ്കിൽ ഇരുപത്തിരണ്ടു ദിവസം മതിയാകും. അറക്കപ്പൊടിയിലാണെങ്കിൽ അത് ഇരുപത്തെട്ടു ദിവസം വരെ നീളാം. കരിമ്പിന്റെ ചണ്ടിയിലാണ് കച്ചിയൊരുക്കുന്നതെങ്കിൽ കൂണിന് ചെറിയ മധുരമുണ്ടാകും. ഇത്തരം കൂണുകൾ വില്പനയ്ക്കു വയ്ക്കാറില്ല. ഇവ ഉപയോഗിച്ച് ഭക്ഷണ വസ്തുക്കൾ ഉണ്ടാക്കും- സരിത പറയുന്നു.
കൂൺ കൃഷിക്കായി ഉറിയുണ്ടാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അത് പോളിത്തീൻ കവറിലാക്കി കച്ചിയിൽ വിത്തിടും. കവറിൽ എഴുപതോളം തുളകളിടും. കൂൺ വിത്തുകൾ അഞ്ചു മിനിട്ടിനകം ബെഡിലാക്കണം. കവറിന്റെ അരികിലൂടെയാണ് വിത്തിടുന്നത്. ഏഴ് അടുക്കായി കച്ചിയിടും. ഇരുട്ടുമുറിയിൽ കെട്ടിത്തൂക്കും. ഫ്‌ളോറിഡ, എച്ച്.യു ഇനം വിത്തുകളാണ് കൃഷി ചെയ്യുന്നത്. നല്ല തൂക്കവും മുഴുപ്പുമുണ്ടാകുന്നത് എച്ച്.യു വിനാണ്. ഒരു കൂണിന് ഒന്നര കിലോ വരെ തൂക്കമുണ്ടാകും. അറക്കപ്പൊടിയിലാണ് കൃഷി ചെയ്യുന്നതെങ്കിൽ കൂണിന്റെ തണ്ടിനും ഭാഗങ്ങൾക്കും ചാരക്കളറായിരിക്കും. മണ്ണിര, പ്രാണികൾ എന്നിവയുടെ ശല്യമൊഴിവാക്കാൻ ഷെഡ് അടച്ചിടും. ഇരുട്ടുമുറിയിലാണ് പരാഗണം നടക്കുന്നത്. ഇത് പൂർത്തിയായാൽ കേസിംഗ് നടത്തി മൂന്നു ദിവസത്തേയ്ക്ക് വെള്ളം സ്‌പ്രേ ചെയ്തുകൊടുക്കന്നതോടെ കൂൺ മുളപൊട്ടും. തുടർന്നുള്ള മൂന്നു ദിവസത്തിനുള്ളിൽ വിളവെടുക്കും.
മുന്നൂറു രൂപ നിരക്കിൽ കൂൺ ബെഡുകൾ നിർമ്മിച്ചുനൽകാനും സരിത സമയം കണ്ടെത്തുന്നുണ്ട്. ഇത്തരം വിവരങ്ങൾ അടങ്ങിയ ഒരു യൂട്യൂബ് ചാനൽ ആരംഭിക്കാനുള്ള ഒരുക്കത്തിലാണവർ. മാത്രമല്ല, കൂൺ കൃഷിയെക്കുറിച്ച് പരിശീലന കഌസുകൾ നടത്തുകയും ചെയ്യുന്നു. പാലായിലും പുനലൂരും പന്നിമറ്റത്തും അരിക്കുഴയിലും മണക്കാടുമെല്ലാം പരിശീലന കഌസുകൾ നടത്തിയിട്ടുണ്ട്. പഞ്ചായത്ത് അടിസ്ഥാനത്തിൽ കുടുംബശ്രീകളിലും പരിശീലനം നൽകാറുണ്ട്. മാത്രമല്ല, കൂൺ കൃഷിയെക്കുറിച്ച് കൂടുതലറിയാൻ ചെന്നൈയിൽനിന്നുപോലും വിദ്യാർത്ഥികൾ സരിതയെ കാണാനെത്തുന്നു.
കൂണുകൾ വിദേശത്തേയ്ക്ക് കയറ്റി അയയ്ക്കാനുള്ള ശ്രമവും നടന്നുവരുന്നു. അതിനുള്ള എക്‌സ്‌പോർട്ടിംഗ് ലൈസൻസ് സമ്പാദിക്കാനുള്ള ശ്രമത്തിലാണിപ്പോൾ. ബാംഗഌരിൽ ജോലി ചെയ്യുന്ന സുഹൃത്തായ അമലും ബിസിനസ് പാർട്ണറായ സുമേഷ് നാരായണനുമാണ് എല്ലാ ശ്രമങ്ങൾക്കും കൂട്ടായുള്ളത്. സൗദിയിൽ ഡ്രൈവറായി ജോലി നോക്കുകയാണ് സുമേഷ്.
കൂൺ കൃഷിയിലൂടെ നിൽക്കാൻ മാത്രമേ പഠിച്ചിട്ടുള്ളുവെന്നും ഇനി നടക്കണമെന്നും സരിത പറയുന്നു. അതിനുള്ള ശ്രമത്തിലാണിപ്പോൾ. എങ്കിലും വളരെ ശാസ്ത്രീയമായ രീതിയിലുള്ള കൃഷിസമ്പ്രദായമാണ് കൂൺ കൃഷിയിൽ പ്രാവർത്തികമാക്കേണ്ടതെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ അവർ പറയുന്നു. തുമ്മലും ശ്വാസം മുട്ടലുമുള്ളവർ ഈ കൃഷിപ്പണിയിലേക്കിറങ്ങരുത്. വളരെ ശുചിത്വത്തോടുകൂടി ചെയ്യേണ്ട തൊഴിൽരംഗമാണിത്.
കൃഷി ഉപജീവനമാർഗമാക്കിയ സരിത നല്ലൊരു കലാകാരി കൂടിയാണ്. പഠനകാലത്ത് സ്‌കൂൾ കലാതിലകമായിരുന്നു. സംഗീതരംഗത്തും നൃത്തത്തിലുമെല്ലാം മികവു പുലർത്തിയിട്ടുണ്ട്. ഭരതനാട്യവും കുച്ചിപ്പുടിയും നാടോടിനൃത്തവും അവതരിപ്പിക്കാറുണ്ട്. ഏകമകൻ ശ്രീകൃഷ്ണ കെ. ബാബു അരിക്കുഴ ജി.എച്ച്.എസിൽ ഏഴാം കഌസ് വിദ്യാർഥിയാണ്. ചിത്രരചനയിൽ മികവ് പുലർത്തുന്ന ശ്രൂകൃഷ്ണ, മിനിയേച്ചർ മോഡൽ നിർമ്മിക്കുന്നതിലും മിടുക്കനാണ്. സരിതയുടെ ഫോൺ നമ്പർ: 0091- 9544956924






