അൽപ്പം മുമ്പു വരെ എന്തൊരു പുകിലായിരുന്നു. ദമ്പതികൾ ഒരുമിച്ചു പോയി ഹോട്ടൽ മുറിയെടുക്കുകയാണെങ്കിലും ടൂറിസ്റ്റ് സ്‌പോട്ടുകൾ കാണുകയാണെങ്കിലും രേഖ കൈവശം വേണമായിരുന്നു. ഇതിനൊക്കെ പുറമേ നാട്ടിലെ സദാചാര ആങ്ങളമാരുടെ ഇടപെടലും. ചിലപ്പോഴൊക്കെ ഫിസിക്കലായും. സുപ്രീം കോടതിയുടെ ഉഭയകക്ഷി വിധി വന്നതോടെ എല്ലാം സ്വിച്ചിട്ടത് പോലെ നിന്നു. കഥയൊന്നുമറിയാതെ ഇരുപത് കൊല്ലം മുമ്പ് നിർമാതാവോ സംവിധായകനോ പീഡിപ്പിച്ചുവെന്ന് പറഞ്ഞ് മുൻകാല നായികമാരെത്തുന്നു. അവരെ നമുക്ക് വെറുതെ വിട്ടേക്കാം.
കോഴിക്കോട് മെഡിക്കൽ കോളജ് ഹോസ്റ്റലിൽ രാത്രി 9.30 കഴിഞ്ഞ് വിദ്യാർഥിനികളെത്തിയാൽ ആകെ പ്രശ്‌നമാവുമെന്ന് അധികൃതർ. അപ്പോഴാണല്ലോ വാച്ചും നോക്കി നിൽക്കുന്ന സമൂഹ വിരുദ്ധൻ ഉപദ്രവിക്കാനെത്തുക. കോടതി ഇടപെട്ട് അതും ഒരുവഴിക്കാക്കി. ഇപ്പോൾ വാലന്റൈൻസ് ഡേ അടുത്തെത്തിയപ്പോൾ കോഴിക്കോട് റീജിയണൽ എൻജിനിയറിംഗ് കോളജാണ് സദാചാര പ്രശ്‌നങ്ങളുടെ പ്രഭവ കേന്ദ്രം.
വിദ്യാർത്ഥികൾക്ക് സദാചാര പാഠമോതുകയാണ് നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയിലെ സർക്കുലർ. സമൂഹത്തിന് അലോസരമുണ്ടാക്കുന്ന പരസ്യമായ സ്നേഹചേഷ്ടകൾ ക്യാമ്പസിൽ പാടില്ലെന്ന് സർക്കുലറിൽ വ്യക്തമാക്കി. വേണ്ടത്ര വെളിച്ചമില്ലാത്ത ഭാഗങ്ങളിലെ ഇടപെടലേ വേണ്ട. കാമ്പസിലെ മറ്റു വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും അലോസരമുണ്ടാക്കുന്നതും സ്ഥാപനത്തിലെ സൗഹൃദാന്തരീക്ഷത്തിനു കോട്ടം തട്ടിക്കുന്നതുമായ പരിധിവിട്ട സ്വകാര്യ പ്രവൃത്തികൾ പാടില്ലെന്നും അവ സ്ഥാപനത്തിന്റെ നയങ്ങൾക്കു വിരുദ്ധമാണെന്നും സ്റ്റുഡന്റ്സ് ഡീൻ ഡോ. ജി.കെ രജനീകാന്ത് സർക്കുലറിൽ വ്യക്തമാക്കി.
വിദ്യാർത്ഥികളുടെ പെരുമാറ്റം സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്നാണ് സർക്കുലർ ഇറക്കിയത്. കാമ്പസിന് അകത്തും പുറത്തും പരിധിവിട്ട സ്നേഹപ്രകടനം പാടില്ലെന്നും ഇത് മറ്റ് വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുന്നുവെന്നും കാണുന്നവർക്ക് അലോസരമുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും ഉത്തരവിലുണ്ട്.
കോഴിക്കോട് നഗരത്തിൽനിന്നും 20 കിലോമീറ്റർ അകലെ ചാത്തമംഗലത്തെ വിശാലമായ 120 ഹെക്ടറിൽ പ്രവർത്തിക്കുന്ന ക്യാമ്പസ് രാജ്യത്തെ മുൻനിര സ്ഥാപനങ്ങളിൽ ഒന്നാണ്. ഇന്ത്യയിലെ എൻ.ഐ.ടികളിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ പ്രവേശനം നേടുന്ന ഈ സ്ഥാപനം ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആദ്യ അഞ്ചിൽ ഇടംപിടിച്ചിട്ടുണ്ട്.
ഏഴായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനത്തിൽ 11 ബിരുദ കോഴ്സുകളും 30 ബിരുദാനന്തര ബിരുദ കോഴ്സുകളും ഇവിടെയുണ്ട്. കൂടാതെ, വിവിധ എൻജിനീയറിങ് വിഭാഗത്തിലും സയൻസ്, മാനേജ്മെൻറ് വിഷയങ്ങളിലും ഡോക്ടറേറ്റ് പ്രോഗ്രാമുകളുമുണ്ട്.
1961 സെപ്തംബർ ഒന്നിന് അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപ്പിള്ളയാണ് ആർ.ഇ.സി ഉദ്ഘാടനം ചെയ്തത്. 2002-ലാണ് ഡീംഡ് പദവിയോടെ ആർ.ഇ.സി എന്നത് നാഷനൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി എന്നാക്കിയത്.കോഴിക്കോട് എൻ.ഐ.ടിയിൽ സർക്കുലർ ഇറങ്ങിയ ദിവസം മാതൃഭൂമി ന്യൂസിൽ വൈകുന്നേരത്തെ ബുള്ളറ്റിന് ശേഷം ഇക്കാര്യം ചർച്ച ചെയ്തു. അതിലെ നിഗമനം പോലെ ജീവിതത്തിലെ നല്ല കാലത്ത് പ്രണയിക്കാൻ അവസരം സിദ്ധിച്ചിട്ടില്ലാത്ത ആരോ ആയിരിക്കാം ഈ ഉത്തരവിന് പിന്നിൽ. എൻജിനിയറിംഗ് പഠനത്തിനെത്തുക മിടുക്കന്മാരും മിടുക്കികളും. നല്ല പക്വതയാർജിച്ചവർ. ഉത്തരവിറക്കിയവർ സമയം കിട്ടുമ്പോൾ തലശ്ശേരിയിലെ കൗമാരത്തിന്റെ നാരങ്ങാപ്പുറം ബസ് സ്റ്റാന്റിലെ ഓപ്പൺ പ്രകടനം ഒന്നു കാണുന്നത് നല്ലതാണ്.
*** *** ***
ലോക്‌സഭയിൽ അശ്ലീല പദപ്രയോഗം നടത്തിയതിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച, ടിഡിപി എംപി റാം മോഹൻ നായിഡു സംസാരിക്കുന്നതിനിടെയാണ് മഹുവ അശ്ലീല വാക്ക് പറഞ്ഞത്. മഹുവ സംസാരിച്ച ശേഷമാണ് റാം മോഹൻ സംസാരിച്ചത്. ഇതിനിടെ, ബി.ജെ.പി എംപി രമേശ് ബിധുരിയുമായുണ്ടായ വാക്കുതർക്കത്തിൽ മഹുവ ക്ഷുഭിതയാകുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ മഹുവ തന്നെ ട്വിറ്ററിൽ പങ്കുവച്ചു.
മഹുവ മൊയ്ത്ര മാപ്പ് പറയണമെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു. ബിജെപി എംപി ഹേമ മാലിനിയും മഹുവയ്‌ക്കെതിരെ രംഗത്തെത്തി. നാവ് സൂക്ഷിക്കണമെന്നായിരുന്നു എംപിയ്ക്ക് ഹേമമാലിനി നൽകിയ ഉപദേശം. സഭയിലെ എല്ലാ അംഗങ്ങളും ബഹുമാനമർഹിക്കുന്നവരാണെന്നും അതിവൈകാരികത കുഴപ്പത്തിൽ ചാടിക്കുമെന്നും മഹുവ അത്തരത്തിലൊരാൾ ആണെന്നും ഹേമമാലിനി പറഞ്ഞു. ഹേമമാലിനി പോയ കാലത്തെ ഡ്രീം ഗേൾ. ബോളിവുഡിന്റെ ഒരു കാലത്തെ ഐശ്വര്യം. ഇപ്പോൾ മഥുരയിൽ നിന്നുള്ള ബി.ജെ.പി പ്രതിനിധി. മമത കണ്ടെത്തിയ മഹുവ 2019 മുതൽ പാർലമെന്റ് സംവാദങ്ങളിൽ സജീവമാണ്.
എന്നാൽ മഹുവയുടെ വാക്കുകൾ തൃണമൂലിന്റെ സംസ്‌കാരശൂന്യതയാണ് കാണിക്കുന്നതെന്ന് ബി.ജെ.പി നേതാക്കൾ പ്രതികരിച്ചു. എന്നാൽ ബി.ജെ.പി നേതാവ് തന്നെ നിരന്തരം ആക്ഷേപിക്കുന്നതിന് മറുപടി മാത്രമാണ് താൻ നൽകിയതെന്ന് മഹുവ തിരിച്ചടിച്ചു. ബി.ജെ.പി നേതാക്കൾ ഇത്തരം വാക്കുകൾ സ്ഥിരമായി സഭയിൽ ഉപയോഗിക്കാറുണ്ടെന്നും അന്നൊന്നും ആർക്കുമില്ലാത്ത കുഴപ്പമാണ് ഓഫ് റെക്കോർഡായി താൻ സംസാരിച്ചപ്പോൾ ഉണ്ടായതെന്നും മഹുവ പറയുന്നു. പാർലമെന്റ് കേരള നിയമസഭയുടെ പഴയ നിലവാരത്തിലെത്തുമോയെന്നാണ് ആശങ്ക.
*** *** ***
തൊണ്ണൂറുകളിൽ തെന്നിന്ത്യയിൽ തിളങ്ങിയ താരമാണ് ഭാനുപ്രിയ. മോഹൻലാൽ ചിത്രം രാജശിൽപിയിലെ നായികയെന്ന നിലയിൽ മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ആന്ധ്ര പ്രദേശ് സ്വദേശിയായ താരം കുച്ചിപ്പുടി നർത്തകിയും ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി 155 ചിത്രങ്ങളിൽ ഭാനുപ്രിയ വേഷമിട്ടിട്ടുണ്ട്. തന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം ഇപ്പോൾ. സെറ്റിൽ എത്തിയാൽ ഡയലോഗുകൾ മറക്കും. രണ്ട് വർഷമായി ഓർമ്മകൾ നഷ്ടപ്പെടുന്നു എന്നാണ് തെലുങ്ക് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടി പറയുന്നത്.
'എനിക്ക് ഈയിടെയായി സുഖമില്ല. ഓർമ്മ ശക്തി കുറയുന്നു. പഠിച്ച ചില ഇനങ്ങൾ ഞാൻ മറന്നു. പിന്നീട് നൃത്തത്തോടുള്ള താൽപര്യം കുറഞ്ഞു. വീട്ടിൽ പോലും ഞാൻ നൃത്തം പരിശീലിക്കാറില്ല- ഭാനുപ്രിയ വെളിപ്പെടുത്തി. കഴിഞ്ഞ രണ്ട് വർഷമായി തനിക്ക് ഓർമക്കുറവ് അനുഭവപ്പെടുന്നുണ്ട്.' അടുത്തിടെ ഒരു സിനിമാ ലൊക്കേഷനിൽ വച്ച് ഡയലോഗുകൾ മറന്നു. ഓർത്തിരിക്കേണ്ട പലതും ഞാൻ മറക്കുകയാണ്. 'സില നേരങ്ങളിൽ സില മനിതർകൾ' എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു. ആക്ഷൻ എന്ന് പറഞ്ഞപ്പോൾ ലൊക്കേഷനിൽ കയറി, ഡയലോഗുകളെല്ലാം മറന്നുപോയി.- ഭാനുപ്രിയ പറഞ്ഞു. എന്തൊരു കഷ്ടം.
*** *** ***
ഈ ആഴ്ച ഇറങ്ങുന്ന ചിത്രങ്ങൾ മുതൽ തിയേറ്ററുകളിൽ ഓൺലൈൻ ചാനലുകൾ അടക്കം പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കുന്നതിന് സിനിമ സംഘടന
വിലക്കേർപ്പെടുത്തി എന്നൊരു വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്റെ ഫോട്ടോ ഉൾപ്പെടുത്തികൊണ്ട് പ്രചരിക്കുന്ന ഈ വാർത്ത തികച്ചും വ്യാജമാണെന്ന് ഉത്തരവാദപ്പെട്ടവർ വ്യക്തമാക്കി. തിയറ്റർ ഓണേർസ് അസോസിയേഷൻ, ഫെഫ്‌കെ, തുടങ്ങി ഔദ്യോഗിക സംഘടനകളൊന്നും തന്നെ ഇത്തരമൊരു പ്രഖ്യാപനം നടത്തിയതായി അറിവില്ല.
ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത 'ക്രിസ്റ്റഫർ' എന്ന സിനിമ ഇറങ്ങാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഇങ്ങനൊരു വാർത്ത പ്രചരിക്കുന്നത്. ഇത് 'ക്രിസ്റ്റഫർ' എന്ന ചിത്രത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെ ആരൊക്കെയോ കെട്ടിച്ചമച്ചുണ്ടാക്കിയ വാർത്ത മാത്രമാണെന്ന് ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. വാർത്തക്കെതിരേ നിയമ നടപടിയെടുത്തതായും അദ്ദേഹം അറിയിച്ചു.
*** *** ***
തന്റെ പേരിൽ നിന്ന് 'മേനോൻ' എന്ന ജാതി വാൽ ഒഴിവാക്കിയതായി നടി സംയുക്ത. ധനുഷ് നായകനായി എത്തുന്ന പുത്തൻ ചിത്രം വാത്തി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് തന്നെ ഇനി 'സംയുക്ത' എന്ന് വിളിച്ചാൽ മതിയെന്നും 'മേനോൻ'ചേർത്തു വിളിക്കരുതെന്നും നടി പറഞ്ഞത്. സാമൂഹ്യമാധ്യമങ്ങളിൽ നടി കുറച്ചു നാൾ മുൻപേ മേനോൻ ഒഴിവാക്കിയെന്ന് വെളിപ്പെടുത്തിയിരുന്നു.
'വാത്തി' എന്ന സിനിമയുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിൽ അവതാരക സംയുക്ത മേനോൻ എന്ന വിളിച്ചപ്പോൾ, തന്നെ സംയുക്ത എന്നു മാത്രം വിളിച്ചാൽ മതിയെന്ന് പറയുകയായിരുന്നു. മേനോൻ എന്ന ജാതി വാൽ മുൻപ് ഉണ്ടായിരുന്നു. പക്ഷേ, ഞാൻ അഭിനയിക്കുന്ന സിനിമകളിൽ എന്റെ പേരിൽനിന്ന് 'മേനോൻ' നീക്കം ചെയ്യാൻ നിർമാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വാർത്തകളിലും മീഡിയ പോർട്ടലുകളിലും മറ്റും സംയുക്ത മേനോൻ എന്നതിനുപകരം സംയുക്ത എന്ന വിളിക്കണമെന്നും നടി തന്റെ സോഷ്യൽ മീഡിയ പ്ലോറ്റ്ഫോമിലൂടെ ആവശ്യപ്പെട്ടിരുന്നു. നടിയുടെ ഈ തീരുമാനത്തെ നിരവധിയാളുകൾ പ്രശംസിച്ചിരുന്നു. കടുവ എന്ന മലയാളചിത്രത്തിലാണ് സംയുക്ത അവസാനമായി അഭിനയിച്ചത്. ഇതിലൊരു പ്രശ്‌നമുണ്ട്. തൃശൂരിൽ തന്നെ മറ്റൊരു സിനിമാ താരം ഇതേ പേരിലുണ്ട്-സംയുക്ത വർമ. തിരിച്ചറിയാൻ പഴയ രീതിയിലെ പേര് തന്നെയാണ് ഉചിതം.
*** *** ***
അനശ്വര ശബ്ദമാധുര്യം കൊണ്ട് സംഗീത ലോകത്ത് തന്റെ അവസാന കാലം വരെ നിറഞ്ഞുനിന്ന ഗായികയായിരുന്നു വാണിയമ്മ എന്ന് എല്ലാവരും വിളിക്കുന്ന വാണി ജയറാം. 1945 നവംബർ 30 നു തമിഴ്‌നാട്ടിലെ വെല്ലൂരിൽ ദുരൈസ്വാമി -പദ്മാവതി ദമ്പതികളുടെ മകളായി ജനനം. കലൈവാണി എന്നാണ് യഥാർത്ഥ പേര്. അമ്മയിൽ നിന്നും സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിച്ചു. അഞ്ചാം വയസ്സ് മുതൽ സംഗീത പഠനം തുടങ്ങി. കടലൂർ ശ്രീനിവാസ അയ്യങ്കാർ ആയിരുന്നു ആദ്യ ഗുരു. എട്ടു വയസായപ്പോൾ ആകാശവാണി മദിരാശി നിലയത്തിൽ പാടിത്തുടങ്ങി.1971-ൽ പുറത്തിറങ്ങിയ ഗുഡ്ഡി എന്ന ചിത്രത്തിലെ 'ബോലേ രേ പപ്പി' ആയിരുന്നു വാണി ജയറാമിന് പ്രശസ്തിനേടിക്കൊടുത്ത ആദ്യ ഗാനം. അന്ന് ഇന്ത്യ മുഴുവൻ ഈ ഗാനം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് വർഷങ്ങളോളം ആ ശബ്ദം സിനിമാ ഗാനരംഗത്ത് മിഴിവോടെ നിറഞ്ഞുനിന്നു. സലിൽ ചൗധരിയാണ് വാണി വിശ്വനാഥിനെ മലയാള ഗാനരംഗത്തേക്ക് കൊണ്ടുവരുന്നത്.ഹിന്ദി, തമിഴ്, മലയാളം തുടങ്ങി വാണി ജയറാം പാടി ഹൃദയത്തിൽ പതിപ്പിച്ച പാട്ടുകൾ അനവധി. 2013ൽ പുറത്തിറങ്ങിയ, ജയചന്ദ്രൻ മാസ്റ്റർക്കൊപ്പം വാണിയമ്മ പാടിയ 'ഓലഞ്ഞാലിക്കുരുവി' എന്ന ഗാനം തലമുറ വ്യത്യാസമില്ലാതെ മലയാളികൾ പാടി. 19 ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ചാണ് വാണി ജയറാം എന്ന ഗാനകോകില അരങ്ങൊഴിഞ്ഞത്.
മലയാളത്തിൽ ഒഎൻവിയുടെയും വയലാറിന്റെയും ശ്രീകുമാരൻ തമ്പിയുടെയും മങ്കൊമ്പ് ഗോപാലകൃഷ്ണന്റെയുമൊക്കെ പ്രണയാർദ്ര വരികൾക്ക് പിന്നിലെ ശബ്ദമാധുര്യം വാണി ജയറാം ആയിരുന്നു.സൗരയൂഥത്തിൽ വിടർന്നൊരു, ചിത്ര വർണ പുഷ്പജാലമൊരുക്കി, പത്മതീർത്ഥക്കരയിൽ, കാമിനിമാർക്കുള്ളിൽ, കല്യാണമാലയിട്ട തമിഴമ്മാ, വിജനമീ വീഥി, നാടൻപാട്ടിലെ മൈനേ, ആയില്യംപാടത്തെ പെണ്ണേ, വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി, തിരുവോണപുലരിതൻ, പൂക്കൾ പനിനീർ പൂക്കൾ, മനസിൽ മടിയിലെ, മാനത്തേ മാരിക്കുറുമ്പേ തുടങ്ങി വാണിയമ്മ പാടിപ്പാടി അനശ്വരമാക്കി തീർത്ത മലയാള ഗാനങ്ങൾക്ക് എണ്ണമില്ല
അപൂർവരാഗങ്ങൾ എന്ന തമിഴ് ചിത്രത്തിലയും ശങ്കരാഭരണം, സ്വാതീകിരണം എന്നീ തെലുങ്ക് ചിത്രങ്ങളിലെയും ഗാനങ്ങളാണ് വാണി ജയറാമിന് ദേശീയ പുരസ്‌കാരങ്ങൾ നേടിക്കൊടുത്തത്. തമിഴ്‌നാട്, ആന്ധ്ര, ഗുജറാത്ത്, ഒറീസ സംസ്ഥാന സർക്കാരുകളുടെ മികച്ച പിന്നണി ഗായിക പുരസ്‌കാരങ്ങളും വാണിയമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണയാണ് വാണി ജയറാമിനെ തേടിയെത്തിയത്. അവസാനനാളിൽ പത്മഭൂഷണും ഈ അനശ്വര ഗായികയെ തേടിയെത്തി.






