Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സർഗാത്മക ജീവിതത്തിന്റെ മുഖമുദ്രകൾ

വായന 

ഈ ഇരുണ്ട കാലത്ത് നൂറിൽ നൂറു ശതമാനം മതേതരവാദിയായി ജീവിക്കുക. ഒരു പുരുഷായുസ്സിൽ അമ്പത് വർഷക്കാലയളവോളം നീണ്ടു നിൽക്കുന്ന നാടക ജീവിതം നയിക്കുക, നാടക പ്രവർത്തനങ്ങളിലേർപ്പെടുക,കേരളം ഹൃദയപുരസ്സരം ഏറ്റെടുത്ത നിരവധി നാടകങ്ങൾക്ക് കാര്യവും കാരണവുമാവുക - കേരളം പിന്നിട്ട അരനൂറ്റാണ്ട് കാലത്തെ സാമൂഹിക സാംസ്‌കാരിക ചലനങ്ങളെയും
കെ.പി.എസ് പയ്യനെടം എന്ന വ്യക്തിയെയും അദ്ദേഹത്തിന്റെ സർഗാത്മക പ്രവർത്തനത്തെയും സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന ഒരു ചരിത്രരേഖയാണ് ഹരിതം ബുക്‌സിന് വേണ്ടി കവിത..എസ്. കെ എഡിറ്റ് ചെയ്ത 'കെപിഎസ് പയ്യനെടം അരങ്ങ് നിറഞ്ഞ് അരനൂറ്റാണ്ട്' എന്ന പുസ്തകം. എഴുത്തിലും നാടകാവതരണത്തിലും പ്രസംഗത്തിലും എല്ലാം പുതിയ മാനങ്ങൾ കൈവരിച്ച കെ. പി. എസ് എന്ന വ്യക്തിയിലേക്കും
കലയുടെവിഹായസ്സിലേക്കും വായനക്കാരെ  കൂട്ടിക്കൊണ്ടുപോകാൻ ശേഷിയുള്ള ഒരു പുസ്തകം വൈകിയാണെങ്കിലും മലയാളത്തിന്  ലഭിച്ചിരിക്കുന്നു.
നാൽപത്തി അഞ്ചോളം  എഴുത്തുകാർ അണിനിരക്കുന്ന ഈ പുസ്തകം രംഗകലയിലേക്ക് കടന്നു ചെല്ലാനുള്ള ജാലകം കൂടിയാണ്.സാമൂഹ്യ സാംസ്‌കാരിക മേഖലയിൽ അദ്ദേഹവുമായി ആത്മബന്ധമുള്ളവരെ കൊണ്ട് എഴുതിച്ച് മികച്ച വായനാനുഭവം സമ്മാനിക്കാനുള്ള കൗശലമാണ് അലനല്ലൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ ഇംഗ്ലീഷ് അധ്യാപികയായി ജോലിചെയ്യുന്ന ഇയ്യങ്കോട് ശ്രീധരന്റെ മകൾ കവിത എസ്.കെ നടത്തിയിട്ടുള്ളത്. അര നൂറ്റാണ്ടു കാലം കലയുടെ സമ്മോഹന മുഹൂർത്തങ്ങൾ സൃഷ്ടിച്ച കെ. പി. എസ് എന്ന പ്രതിഭയെയാണ് ഈ പുസ്തകത്തിലൂടെ വായിക്കുന്നത് എന്നർത്ഥം.തന്റെ ജീവിതത്തിലും പ്രവൃത്തിപഥത്തിലും കെ. പി. എസ് പയ്യനെടം എന്ന സത്യസന്ധനായ മനുഷ്യൻ കണ്ടതും അനുഭവിച്ചതുമായ നിരവധി തിരിച്ചറിവുകളുടെ ആകെത്തുകയാണ് ഈ പുസ്തകത്തിലെ ലേഖനങ്ങൾ എന്ന് ഒറ്റ വായനയിൽ തന്നെ ബോധ്യമാവും.പുസ്തകത്തിന്റെ മുഖവുരയിൽ പ്രതാപൻ തായാട്ട്
ഈ ഇരുണ്ട കാലത്തും നൂറിൽ നൂറ് ശതമാനം മതേതരമായി  ജീവിക്കുന്ന ആളെന്ന വിശേഷണത്തോടെയാണ് ആമുഖം ആരംഭിക്കുന്നത്.
അവിരാമമായ പോരാട്ടങ്ങളുടെയും അദമ്യമായ ജനകീയതയുടെയും സാകല്യമാണ് കെപിഎസിന്റെ ജീവിതം. അദ്ദേഹത്തിന്റെ പ്രഭാഷണവും എഴുത്തും നിലപാടും ആവിഷ്‌കാരവും
ചരിത്രത്തിന്റെ ഭാഗമാണ്. മണ്ണാർക്കാട് എംഇഎസ് കോളേജിൽ ഇടതു പക്ഷ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് തുടക്കമെങ്കിലും കോൺഗ്രസ് എന്നോ സോഷ്യലിസ്റ്റ് എന്നോ കമ്മ്യൂണിസ്റ്റ് എന്നോ ഉള്ള ലളിതമായ നിർദ്ധാരണങ്ങൾക്ക് വഴങ്ങിത്തരുന്നതല്ല അദ്ദേഹത്തിന്റെ പൊതു ജീവിതം.
അത്രയേറെ എല്ലാ വിഭാഗങ്ങൾക്കും സ്വീകാര്യനാണ്  അദ്ദേഹം. ഹരിതം ബുക്‌സ് പുറത്തിറക്കിയ പുസ്തകം ആത്മകഥാപരമാണെങ്കിലും ഒരു നാടിന്റെയും ഒരു ജനതയുടെയും ഒരു കാലഘട്ടത്തിന്റെയും കൂടി ചരിത്രമാണ്.
കെ.പി.എസുമായുള്ള അഗാധവും ഹൃദയസ്പർശിവുമായ സൗഹൃദാനുഅനുഭവങ്ങളെ സാക്ഷിനിർത്തിയാണ് പല പ്രമുഖരും പുസ്തകത്തിലെ ലേഖനങ്ങളിൽ കൂടി സംസാരിച്ചിട്ടുള്ളത്.ഈ ഗ്രന്ഥം എക്കാലവും മലയാളത്തിന്റെ യശസ്സ് തന്നെയായിരിക്കും. സാഹിത്യ വിദ്യാർത്ഥികൾക്കും കലാസ്‌നേഹികൾക്കും ഇതൊരു ഉത്തമ പാഠപുസ്തകമാണ്. സാധാരണ വായനക്കാർക്ക് രസകരമായ വിജ്ഞാന ഗ്രന്ഥം. പുസ്തകത്തിന്റെ അവസാന താളുകളിൽ 'കെപിഎസിന്റെ കൂടെ ഒരു നാടക വർത്തമാന'ത്തിൽ നാടകം എന്ന മഹത്തായ കലയെക്കുറിച്ചും, അരനൂറ്റാണ്ടുകാലത്തെ കലയുടെ സമർപ്പണത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. എൻ.എൻ.പിള്ളയുടെയും മറ്റും നാടകങ്ങൾ മണ്ണാർക്കാട് ഓക്കാസ് തിയേറ്ററിൽ കളിക്കുമ്പോൾ  ഇവിടെയുള്ള പൗരപ്രധാനികളൊക്കെ കാണാൻ വരും.തിയേറ്ററിന് പുറത്ത് അവരുടെ കാറുകൾ നിരന്നു കിടക്കുന്നുണ്ടാവും.ഒരു ദിവസം എന്റെ നാടകം കളിക്കുമ്പോഴും പുറത്ത് ഈ കാഴ്ച ഉണ്ടാകുമോ എന്ന് ഒരു കൗതുകത്തിനു വേണ്ടി ഞാൻ ചിന്തിച്ചിട്ടുണ്ട്. ഏറ്റവും സുന്ദരവും വസ്തുനിഷ്ഠവും സാഹിത്യ പൂർണവുമായ സർഗാത്മക ജീവിതത്തിന്റെ നേർചിത്രമാണ് ഈ പുസ്തകമെന്ന് പറയാം.

Latest News