സാന്‍ഫ്രാന്‍സിസ്കോ- സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷണ കമ്പനി ഓപ്പണ്‍ എഐ വികസിപ്പിച്ചെടുത്ത ചാറ്റ്ബോട്ട് ചാറ്റ്ജിപിടിയുടെ പിന്നില്‍ ഇന്ത്യന്‍ വംശജ. സാന്‍ഫ്രാന്‍സിസ്കോയില്‍ ഇന്ത്യന്‍ വംശജരായ മാതാപിതാക്കള്‍ക്ക് ജനിച്ച 35കാരിയായ മീര മുറാത്തിയാണ് ചാറ്റ്ജിടിപി അവതരിപ്പിച്ചത്.
മീരയുടെ മാതാപിതാക്കള്‍ ആരാണെന്നോ അവരുടെ നാട് എവിടെയെന്നോ തുടങ്ങിയ വിശദ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. സംരംഭകയും ചീഫ് ടെക്നോളജി ഓഫിസറും ടെക്നിക്കല്‍ എന്‍ജിനിയറുമാണ് മീര.
ഇന്ത്യന്‍ രക്ഷിതാക്കളുടെ മകളായി 1988-ല്‍ സാന്‍ഫ്രാന്‍സിസ്കോയില്‍ ജനിച്ച മീരയുടെ വളര്‍ച്ചയും പഠനവുമെല്ലാം അമേരിക്കയില്‍ തന്നെയായിരുന്നു. കൗതുകകരമായ കാര്യം മീരയുടെ പേരില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ അച്ചുനിരത്തുമ്പോഴും കൂടുതല്‍ വിവരങ്ങളൊന്നും അവരെ കുറിച്ച് പറയാനാവുന്നില്ലെന്നതാണ്. സാമ്പത്തികമായി മികച്ച കുടുംബത്തിലാണ് ജനിച്ചതെന്നും അച്ഛന് ബിസിനസുകാരനാണെന്നാണ് ഊഹിക്കുന്നതെന്നും അമ്മ വീട്ടമ്മയാണെന്നും പറയുന്നു. അതിനപ്പുറമുള്ള വിവരങ്ങളില്‍ മീരയ്ക്ക് അഞ്ചടി ആറിഞ്ച് ഉയരവും 55 കിലോഗ്രാം ഭാരവുമാണെന്നതാണ് 'പ്രധാന സംഗതി'. പിന്നെ കറുത്ത കണ്ണുകളും കറുത്ത മുടിയുമാണുള്ളത്. മീര വിവാഹിതയാണോ കുട്ടികളുണ്ടോ ആരാണ് ഭര്‍ത്താവ്, വിവാഹം കഴിഞ്ഞില്ലെങ്കില്‍ കാമുകനുണ്ടോ തുടങ്ങിയ കാര്യങ്ങളിലൊന്നും മാധ്യമങ്ങള്‍ക്ക് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ചരിത്രം മുതല്‍ തത്വചിന്ത വരെയുള്ള വിഷയങ്ങളില്‍ സംഭാഷണം നടത്താനാവുന്ന ഒരു വസ്തുവിന് പിന്നില്‍ പ്രവര്‍ത്തിച്ച ആളെ കുറിച്ച് അതേ ചാറ്റ്ജിടിപി തന്നെ വിശദമാക്കുമെന്ന് പ്രതീക്ഷിക്കാം.
അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന മീര ടെസ്ലയില് സീനിയര്‍ പ്രൊഡക്ട് മാനേജരായിരുന്നു. ഡാര്‍ട്ട്മൗത്തിലെ തായര്‍ സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കിയ അവര്‍ ഓപ്പണ്‍ എ ഐയില്‍ റിസര്‍ച്ച്, പ്രൊഡക്ട് ആന്റ് പാര്‍ട്ണര്‍ഷിപ്പുകളുടെ എസ്. വി. പി ആയി പ്രവര്‍ത്തിക്കുന്നു.






