അടുത്ത ദക്ഷിണേഷ്യൻ ഗെയിംസ് പാക്കിസ്ഥാനിലാണ്. 20 വർഷത്തിനിടയിൽ ആദ്യമായാണ് ഇത്ര വലിയൊരു കായിക മേളക്ക് പാക്കിസ്ഥാൻ വിരുന്നൊരുക്കുന്നത്. അവസാനമായി സാഫ് ഗെയിംസ് നടത്തിയപ്പോൾ പാക്കിസ്ഥാൻ 38 സ്വർണമുൾപ്പെടെ 143 മെഡൽ നേടിയിരുന്നു. പക്ഷേ അടുത്ത സാഫ് ഗെയിംസിൽ അതിനടുത്തെങ്കിലുമെത്താൻ അവർ വെള്ളം കുടിക്കും.
ഒരുകാലത്ത് സമ്പന്നമായിരുന്നു പാക്കിസ്ഥാൻ സ്‌പോർട്‌സ്. ഹോക്കിയിലും അത്‌ലറ്റിക്‌സിലും സ്‌ക്വാഷിലും ലോകോത്തര താരങ്ങളുണ്ടായിരുന്നു അവർക്ക്. പാക്കിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ പോലെ തകർന്നടിഞ്ഞു കിടക്കുകയാണ് ഇന്ന് അവരുടെ കായിക രംഗവും. റഗ്ബി മുതൽ ഹോക്കി വരെ വീറുറ്റ ഒരുപാട് കഥകൾ അയവിറക്കാനാവുന്ന പാക്കിസ്ഥാൻ സ്‌പോർട്‌സ് ഇന്ന് സ്വപ്‌നങ്ങളുടെ ശവപ്പറമ്പാണ്.
ഇസ്‌ലാമാബാദിന്റെ പ്രാന്തപ്രദേശങ്ങളിൽ ഒരുകാലത്ത് റഗ്ബി സജീവമായിരുന്നു. ഇന്ന് ക്ലബ്ബുകളുടെ പേരെഴുതിയ ബോർഡുകൾ പോലും തുരുമ്പെടുത്തു. ഫഌ്‌ലൈറ്റുകൾ ചെലവ് കാരണം വെളിച്ചം തൂകാറില്ല. അത്രക്ക് വിലയേറിയതാണ് വൈദ്യുതി. മെംബർഷിപ് വകയിൽ കിട്ടുന്ന തുഛമായ തുക മുറ്റമടിക്കാൻ പോലും തികയില്ല. ഒരു കളിയേയുള്ളൂ പാക്കിസ്ഥാനിലെന്ന് മുരടിച്ച തറവാട് മുറ്റത്തിരിക്കുന്ന കാരണവരെ പോലെ റഗ്ബി കോച്ച് മുഹമ്മദ് സാഹിറുദ്ദീൻ പറയുന്നു.
ജനപിന്തുണയിൽ ക്രിക്കറ്റിനെ വെല്ലാൻ മറ്റൊന്നുമില്ല. സ്‌പോൺസർഷിപ്പും ബ്രോഡ്കാസ്റ്റിംഗ് തുകയുമെല്ലാം ഒന്നായി ക്രിക്കറ്റ് കൊണ്ടുപോകുന്നു. ഇന്ത്യയെ പോലെ പാക്കിസ്ഥാന്റെയും ദേശീയ സ്‌പോർട്‌സ് ഫീൽഡ് ഹോക്കിയാണ്. ഹോക്കിയിൽ ഒളിംപിക്‌സ് സ്വർണവും ലോക കിരീടവുമൊക്കെ നേടിയ ടീമാണ് പാക്കിസ്ഥാൻ. പതിറ്റാണ്ടുകളോളം സ്‌ക്വാഷിൽ പാക്കിസ്ഥാൻ കളിക്കാരുടെ വാഴ്ചയായിരുന്നു. റഗ്ബി പോലുള്ള കളികളുടെ കാര്യം പറയാനില്ല. ഫെഡറേഷനിൽ നിന്ന് പോലും ഒരു പിന്തുണയും ലഭിക്കാറില്ലെന്ന് പാക്കിസ്ഥാൻ റഗ്ബി ക്യാപ്റ്റൻ ഹമ്മാദ് സഫ്ദർ വിലപിക്കുന്നു.
അടുത്ത ദക്ഷിണേഷ്യൻ ഗെയിംസ് പാക്കിസ്ഥാനിലാണ്. 20 വർഷത്തിനിടയിൽ ആദ്യമായാണ് ഇത്ര വലിയൊരു കായിക മേളക്ക് പാക്കിസ്ഥാൻ വിരുന്നൊരുക്കുന്നത്. അവസാനമായി സാഫ് ഗെയിംസ് നടത്തിയപ്പോൾ പാക്കിസ്ഥാൻ 38 സ്വർണമുൾപ്പെടെ 143 മെഡൽ നേടിയിരുന്നു. പക്ഷേ അടുത്ത സാഫ് ഗെയിംസിൽ അതിനടുത്തെങ്കിലുമെത്താൻ അവർ വെള്ളം കുടിക്കും.
ഫുട്‌ബോളിന് പോലും പാക്കിസ്ഥാനിൽ പച്ചപിടിക്കാനായിട്ടില്ല. ഫെഡറേഷനിലെ വിഴുപ്പലക്കൽ കാരണം ഫിഫ വിലക്ക് നേരിട്ടതോടെ അവശേഷിച്ച വളർച്ചയും മുരടിച്ചു. 22 കോടി ജനങ്ങളുണ്ട് പാക്കിസ്ഥാനിൽ. അവരുടെ കായിക വളർച്ചക്കായി ദേശീയ ബജറ്റിൽ നീക്കിവെക്കുന്നത് തുഛമായ തുകയാണ്. റഗ്ബിക്കൊന്നും ഒരു സർക്കാർ പിന്തുണയുമില്ല. നിലനിൽക്കുന്നത് ആഗോള ഫെഡറേഷന്റെ സഹായം കാരണമാണ്. ലാഹോറിലെ ദേശീയ റഗ്ബി പിച്ച് സൈന്യത്തിന്റെ ഭൂമിയിലാണ്. ചെയ്ഞ്ചിംഗ് റൂമോ ഇരിക്കാനുള്ള സൗകര്യമോ ഒന്നും അവിടെയില്ല. ഫണ്ടില്ലാതെ വിജയങ്ങളും വിജയങ്ങളില്ലാതെ ഫണ്ടും ഇല്ലെന്ന ചക്രവ്യൂഹത്തിലാണ് പാക്കിസ്ഥാനെന്ന് റഗ്ബി ഡെവലപ്‌മെന്റ് കോച്ച് ശഖീൽ മാലിക് പറയുന്നു.
ക്രിക്കറ്റിന് സർക്കാർ ഫണ്ട് നൽകുന്നില്ലെങ്കിലും സമ്പന്നമാണ് ക്രിക്കറ്റ് ബോർഡ്. 1992 ൽ പാക്കിസ്ഥാന് ലോകകപ്പ് നേടിക്കൊടുത്ത നായകൻ ഇംറാൻ ഖാനാണ് പിന്നീട് രാജ്യത്തിന്റെ പ്രധാനമന്ത്രിയായത്. എങ്കിലും സ്‌ക്വാഷിലും ഹോക്കിയിലും ആധിപത്യം പുലർത്തിയതു പോലെ ആഗോള വിജയങ്ങൾ നേടാൻ പാക്കിസ്ഥാന് ക്രിക്കറ്റിൽ സാധിച്ചിട്ടില്ല. രണ്ട് ലോകകപ്പാണ് ആകെ നേട്ടം. പ്രവചനതീതമാണ് ടീം. എങ്കിലും ദേശീയ ചർച്ചയിലും വ്യവസായവൽക്കരണത്തിലും മുന്നിലാണ് ക്രിക്കറ്റ്. ക്രിക്കറ്റ് ബോർഡ് ചെയർമാന്റെ നിയമനത്തിന് പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ അനുമതി വേണം.
സ്‌ക്വാഷിൽ 1963 മുതൽ തുടർച്ചയായ 17 വർഷം ബ്രിട്ടിഷ് ഓപൺ കിരീടം നേടിയത് പാക്കിസ്ഥാൻ കളിക്കാരായിരുന്നു. ഖാൻ കുടുംബം ലോക സ്‌ക്വാഷ് ഭരിച്ചു. അവസാനത്തെ ഖാനായ ജഹാംഗീർ ഖാൻ ലോക ഒന്നാം നമ്പറായിരുന്നു. തുടർച്ചയായി പത്ത് വർഷം ബ്രിട്ടിഷ് ഓപൺ ജേതാവായി. 1991 ലാണ് ആ വാഴ്ച അവസാനിച്ചത്. ഒരു സർക്കാർ പിന്തുണയോ സൗകര്യങ്ങളോ ഇല്ലാതെ എങ്ങനെ തന്റെ കുടുംബത്തിന് വാഴാനായെന്ന് ജഹാംഗീറിന് പോലും അദ്ഭുതം. കറാച്ചിയിലെ സ്‌ക്വാഷ് കോംപ്ലക്‌സിന് ജഹാംഗീറിന്റെ പേരാണ്. ഇപ്പോൾ ആ കാലം വെറും ഓർമയാണ്. പുതിയ സ്‌ക്വാഷ് റാങ്കിംഗിൽ പാക്കിസ്ഥാൻ അറുപത്തഞ്ചാമതാണ്.
ഹോക്കി മത്സരങ്ങൾ കാണാൻ ആയിരങ്ങൾ ഒഴുകിയെത്തിയിരുന്നു. തൊണ്ണൂറുകളിൽ ഒളിംപിക്‌സിലും ലോകകപ്പിലും ഏഷ്യൻ ഗെയിംസിലും പാക്കിസ്ഥാൻ ആധിപത്യം പുലർത്തി. ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ ഹൃദയം നുറുങ്ങുന്നുവെന്ന് ആ സുവർണ കാലഘട്ടത്തിൽ കളിച്ച സമീഉല്ല പറയുന്നു. നിയമങ്ങളിലെ പരിഷ്‌കാരങ്ങളുമായും സിന്തറ്റിക് ടർഫുമായും ഇണങ്ങാൻ പാക്കിസ്ഥാന് സാധിച്ചില്ല. ഇപ്പോൾ ലോകകപ്പിനും ഒളിംപിക്‌സിനും യോഗ്യത നേടാൻ പോലും കഴിയാത്ത വിധം ദയനീയമാണ് പാക്കിസ്ഥാൻ. പക്ഷേ ഹോക്കി ജനങ്ങളുടെ മനസ്സിലുണ്ട്. കറാച്ചി ഹോക്കി അസോസിയേഷനിൽ സ്ത്രീകളുൾപ്പെടെ ഹോക്കി പരിശീലിക്കുന്നുണ്ട്. മുപ്പതുകാരി കഷ്മല ബതൂലും ഗോൾകീപ്പർ ഷസ്മ നസീമുമൊക്കെ സുവർണ കാലം തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ്.