മുതിർന്ന മാധ്യമപ്രവർത്തകൻ ജി ശേഖരൻ നായർ അന്തരിച്ചു

തിരുവനന്തപുരം - മുതിർന്ന മാധ്യമപ്രവർത്തകനും കേരള പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറിയുമായ ജി ശേഖരൻ നായർ (75) അന്തരിച്ചു. ഇന്ന് രാവിലെ 11-ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 
 ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. മാതൃഭൂമി തിരുവനന്തപുരം ബ്യൂറോ ചീഫായും തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
 അന്വേഷണാത്മക പത്രപ്രവർത്തനത്തിന് മൂന്ന് തവണ സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പരമ്പര ഏറെ വിവാദങ്ങൾ ഉണ്ടാക്കിയതിന് പിന്നാലെ കെ കരുണാകരൻ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി ആർ രാമചന്ദ്രൻ രാജിവെച്ചിരുന്നു. 1999ൽ കൊളംബോയിൽ നടന്ന സാർക്ക് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയിക്കൊപ്പം പോയ മാധ്യമസംഘത്തിലുണ്ടായിരുന്നു. 25 വർഷം നിയമസഭാ സമ്മേളനം റിപ്പോർട്ട് ചെയ്തതിന് നിയമസഭ ആദരിച്ചിരുന്നു. പദ്മതീർത്ഥക്കരയൽ, മഴകൊണ്ടുമാത്രം മുളയ്ക്കാത്ത വിത്തുകൾ എന്നിവ കൃതികളാണ്.
 ഡോ. പി രാധാമണി അമ്മയാണ് ഭാര്യ. മക്കൾ: ദീപാ ശേഖർ, ദിലീപ് ശേഖർ. മരുമക്കൾ: ഡോ എം.കെ മനു, ചിന്നു ആർ നായർ. സംസ്‌കാരം പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ഒന്നാംവർഷ എം.ബി.ബി.എസ് പരീക്ഷ; അവസരം നാലിൽ കൂട്ടാനാവില്ലെന്ന് സുപ്രിം കോടതി

ന്യൂദൽഹി - ഒന്നാം വർഷ എം.ബി.ബി.എസ് പരീക്ഷയ്ക്കുള്ള അവസരം നാലായി പരിമിതപ്പെടുത്തിയതിനെതിരായ ഹർജി സുപ്രീം കോടതി തള്ളി. ഒന്നാം വർഷ പരീക്ഷ വിജയിക്കാൻ നാല് അവസരങ്ങൾ തന്നെ ധാരാളമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്.
 ദേശീയ മെഡിക്കൽ കമ്മിഷൻ 2019-ലാണ് ഒന്നാം വർഷ എം.ബി.ബി.എസ് പരീക്ഷയ്ക്കുള്ള അവസരം നാലായി ചുരുക്കിയത്. 2019 നവംബറിൽ പുറപ്പെടുവിച്ച ഈ ഉത്തരവ് അതേവർഷം എം.ബി.ബി.എസ് പ്രവേശം നേടിയ വിദ്യാർത്ഥികൾക്ക് ബാധകമാക്കിയതിന് എതിരെയായിരുന്നു ഹർജി. ഈ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. 
 ഭാവിയിൽ ഡോക്ടർമാർ ആകേണ്ട വിദ്യാർത്ഥികളാണ് നാലിൽ കൂടുതൽ അവസരം വേണമെന്ന ആവശ്യം ഉന്നയിക്കുന്നത്. നാല് അവസരങ്ങൾ ഉണ്ടായിട്ടും, വീണ്ടും അവസരം ചോദിക്കുന്നത് അംഗീകരിച്ചാൽ ഏത് തരത്തിലുള്ള ഡോക്ടർമാരാകും സൃഷ്ടിക്കപ്പെടുക?
ലോകത്ത് ഒരിടത്തും മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇത്തരമൊരു ആനുകൂല്യം അനുവദിച്ചിട്ടുണ്ടാകില്ലെന്നും കോടതി നിരീക്ഷിച്ചു.

 

Latest News