വരവില്‍ കവിഞ്ഞ സ്വത്ത്: മലപ്പുറത്ത് പോലീസ് ഡ്രൈവറുടെ വീട്ടില്‍ പരിശോധന

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ പോലീസ് ഡ്രൈവര്‍ നിലമ്പൂര്‍ സ്വദേശി സക്കീര്‍ ഹുസൈന്റെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തുന്നു.

നിലമ്പൂര്‍-വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ പോലീസ് ഡ്രൈവറുടെ വീട്ടില്‍ കോഴിക്കോട് വിജിലന്‍സ്
പ്രത്യേക വിഭാഗം പരിശോധന നടത്തി. പരിശോധനയെ തുടര്‍ന്നു സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ഏതാനും രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തു. ഇപ്പോള്‍ പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിലെ ഡ്രൈവറും നിലമ്പൂര്‍ റെയില്‍വെ സ്റ്റേഷനു സമീപത്തെ താമസക്കാരനുമായ സക്കീര്‍ ഹുസൈന്റെ വീട്ടിലാണ് കോഴിക്കോട് പോലീസ് വിജിലന്‍സ് എസ്.പി അബ്ദുള്‍ റസാഖിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പരിശോധന നടത്തിയത്. പരിശോധനയില്‍ 62 രേഖകള്‍ വിജിലന്‍സ് സംഘം സീല്‍ ചെയ്തു. വരവില്‍ കവിഞ്ഞസ്വത്തുണ്ടെന്ന കേസില്‍ രഹസ്യാന്വേഷണം നടത്തിയതിലൂടെ
കണ്ടെത്തിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ വീട്ടിലും മറ്റും പരിശോധന നടത്തിയത്. തുടര്‍ന്ന് കഴിഞ്ഞ എട്ടാം തിയതി വിജിലന്‍സ് എഫ്‌ഐആര്‍ ഇട്ടിരുന്നു. തുടരന്വേഷണത്തിന്റെ ഭാഗമായാണ് ഇന്നലെ പരിശോധന നടത്തിയത്.
വീട്ടില്‍ പരിശോധന തുടരുന്നതിനിടയില്‍ തന്നെ സക്കീര്‍ ഹുസൈന്റെ ഭാര്യയുടെ പേരിലുള്ള കെട്ടിടത്തിലും സഹോദരന്റെ പേരിലുള്ള കെട്ടിടത്തിലും പരിശോധന നടത്തി. രണ്ട് ഡി.വൈ.എസ്.പിമാര്‍ ഉള്‍പ്പെടെ വിജിലന്‍സിന്റെ 20 അംഗ സംഘം
എസ്പിക്കൊപ്പമുണ്ടായിരുന്നു. രാവിലെ ആറിനാരംഭിച്ച പരിശോധന വൈകുന്നേരം 4.20 വരെ തുടര്‍ന്നു. സക്കീര്‍ ഹുസൈന്‍ മുമ്പ്  മലപ്പുറം എസ്.പി ഓഫീസില്‍ ഡ്രൈവറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. സക്കീര്‍ ഹുസൈന്‍ ഭൂമി കച്ചവടങ്ങളിലും പങ്കാളിയായിട്ടുണ്ടെന്നാണ് സൂചന.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

 

 

Latest News