അസ്മയുടെ ചുവടുകൾ ഇനി കേരളത്തിലെ വേദികളിൽ. പ്രവാസി ജിദ്ദയുടെ അനുഗൃഹീത കലാകാരി ഉപരിപഠനാർത്ഥം നാട്ടിലേക്ക്. സജീവമായ കലാവേദികളും സമർത്ഥമായ സ്‌കൂൾ പഠനവും അസ്മ സാബുവിനെ ശ്രദ്ധേയയാക്കി. ഇക്കഴിഞ്ഞ നീറ്റ് പ്രവേശന പരീക്ഷയിൽ ഓൾ ഇന്ത്യ മെറിറ്റിൽ തന്റെ ഇഷ്ടപ്പെട്ട ആയുർവേദ മെഡിസിനിൽ ബി.എ.എം.എസിന് പന്തളം മന്നം ആയുർവേദ കോ ഓപറേറ്റീവ് മെഡിക്കൽ കോളേജിൽ അഡ്മിഷൻ ലഭിച്ചു.
ജനിച്ചതും വളർന്നതും സ്‌കൂൾ വിദ്യാഭ്യാസം ജിദ്ദയിൽ. എൽ.കെ.ജി മുതൽ പന്ത്രണ്ടാം ക്ലാസുൾപ്പെടെയുള്ള പതിനാലു വർഷത്തെ സ്‌കൂൾ വിദ്യാഭ്യാസം പൂർണമായും ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ തന്നെ ആയിരുന്നു.
ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ, ബാലജനവേദി ചെയർപേഴ്‌സൺ, ഒ.ഐ.സി.സി - പത്തനംതിട്ട ജില്ല ജവാഹർ ബാലവേദി ജനറൽ സെക്രട്ടറി, പത്തനംതിട്ട ജില്ല ബാലജന സംഗമം (പി.ജെ.എസ്) കൾച്ചറൽ സെക്രട്ടറി, ജനറൽ സെക്രട്ടറി എന്നിങ്ങനെ വിവിധ യുവജന സംഘടനകളുടെ സാരഥ്യം വഹിച്ചിട്ടുണ്ട്. ജിദ്ദ പ്രവാസിയായ പത്തനംതിട്ട - പന്തളം സ്വദേശികളായ സാബുമോൻ റാവുത്തറിന്റെയും ആശാ സാബുവിന്റെയും മകളാണ് അസ്മ സാബു. സഹോദരൻ അനസ് സാബു (യു.എ.ഇ). കഴിഞ്ഞ ഏഴു വർഷമായി ജിദ്ദയിലെ കലാസാംസ്‌കാരിക വേദികളിൽ നർത്തകിയായും അവതാരകയായും തന്റെ കലാസപര്യക്ക് പൂർണ പിന്തുണ ലഭിച്ചിരുന്നുവെന്ന് അസ്മ സാബു ഓർക്കുന്നു.
ന്യത്ത ഇനങ്ങളിൽ ഭരതനാട്യം, നാടോടി നൃത്തം, മാർഗം കളി, ഒപ്പന എന്നിവ ജിദ്ദയിലെ വിവിധ വേദികളിൽ അവതരിപ്പിച്ച് ആസ്വാദകരുടെ പ്രശംസകളും സമ്മാനങ്ങളും നേടിയിട്ടുണ്ട്. സെമി ക്ലാസിക്കൽ നൃത്തത്തോടാണ് തനിക്ക് ഏറെ താൽപര്യമെന്നും അസ്മ കൂട്ടിച്ചേർക്കുന്നു. തന്റെ കലാസപര്യക്ക് കൂടുതൽ പ്രചോദനവും പിന്തുണയും ഏറെ നൽകിയിട്ടുള്ള നവോദയ, ഒ.ഐ.സി.സി, മലർവാടി, പത്തനംതിട്ട ജില്ല സംഗമം (പി.ജെ.എസ്), ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ (ജെ.ടി.എ), കേരള കലാസാഹിതി, തൂവൽ സ്പർശം, മാസ് ജിദ്ദ, കൂട്ടം, തിരുവനന്തപുരം പ്രവാസി അസോസിയേഷൻ (ടി.പി.എ), മലപ്പുറം സൗഹൃദ വേദി, സഹൃദയ, മലബാർ അടുക്കള, ഇ.എം.ടി ഓൺലൈൻ തുടങ്ങി വിവിധ സംഘടനകളോടുള്ള കടപ്പാടും നന്ദിയും അസ്മ അറിയിച്ചു. പഠനത്തിനും കലാപ്രവർത്തനങ്ങൾക്കും ജിദ്ദയുടെ അനന്ത സാധ്യത പ്രവാസി യുവതക്ക് അനുഗ്രഹമാണെന്നാണ് അസ്മ സാബു അഭിപ്രായപ്പെടുന്നത്. താൻ സ്വയം പരിശീലിച്ച നൃത്ത ഇനങ്ങൾ വേദികളിൽ അവതരിപ്പിക്കുന്നതിനൊപ്പം നിരവധി നൃത്തനൃത്യങ്ങൾ ചിട്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ കോൺസുലേറ്റ് ഉൾപ്പെടെ വിവിധ സംഘടനകൾക്കായി പൂക്കളങ്ങളൊരുക്കുന്നതിൽ സജീവമായി പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യൻ കോൺസുലേറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരളോത്സവം 2017 ൽ 'ആറു പതിറ്റാണ്ടിലെ കേരളം' എന്ന ശീർഷകത്തിൽ മലയാളം ഉപന്യാസ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. കേരള കല സാഹിതി 2019 ൽ നടത്തിയ സെമി ക്ലാസിക്കൽ ഡാൻസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമിലെ അംഗമായിരുന്നു. ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ ലോഞ്ചിംഗ് വേളയിൽ അവതരിപ്പിച്ച സെമി ക്ലാസിക്കൽ ഡാൻസ് ഏവരുടെയും പ്രശംസ ലഭിക്കാനിടയാക്കി. ഇന്ത്യൻ കോൺസുലേറ്റിൽ പി.ജെ.എസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അമൃത വർഷം 2022 എന്ന പരിപാടിയിൽ സന്തോഷ് കടമ്മനിട്ട സംവിധാനം ചെയ്ത 'ഒരു ഭ്രാന്തന്റെ സ്വപ്നം' എന്ന നാടകത്തിൽ നർത്തകി - മുല്ലശ്ശേരി പാർവതിയാർ - എന്ന കഥാപാത്രത്തിന് കൊറിയോഗ്രഫി ചെയ്തു നൃത്തം അവതരിപ്പിക്കുവാൻ അവസരം ലഭിച്ചു.
ശ്രീലങ്കൻ കോൺസുലേറ്റ് സംഘടിപ്പിച്ച തായ് പൊങ്കൽ ഫെസ്റ്റിവലിൽ 2023 ൽ കൊറിയോഗ്രഫി ചെയ്തു നൃത്തം അവതരിപ്പിക്കുവാൻ അവസരം ഉണ്ടായി.
ആറ്റിങ്ങൽ എംപി അടൂർ പ്രകാശ്, കെ.പി.സി. സി ജനറൽ സെക്രട്ടറി ബി.ആർ.എം ഷഫീർ എന്നിവരിൽ നിന്ന് പ്രശംസാപത്രം ലഭിച്ചിട്ടുണ്ട്.
പഠനത്തോടൊപ്പം കലാപ്രവർത്തനങ്ങളും സാധ്യമാകുന്നിടത്തോളം ഒരുമിച്ച് കൊണ്ടുപോകണമെന്നാഗ്രഹിക്കുന്ന അസ്മക്ക് ഭാരതീയ ചികത്സ ശാസ്ത്ര ശാഖയിൽ സമൂഹത്തിന് ഉപകാരിയായ മികച്ച ഡോക്ടറാവുക എന്നതാണ് ലക്ഷ്യം.






