മെര്‍സ് വൈറസ് യു.എ.ഇയിലും; ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം

ദുബായ്- യു.എ.ഇയില്‍ പുതുതായി മെര്‍സ് വൈറസ് (മിഡില്‍ ഈസ്റ്റ് റസ്പിറേറ്ററി സിന്‍ഡ്രം) ബാധ സ്ഥിരീകരിച്ചു. ഈ വര്‍ഷം ആദ്യമായാണ് യു.എ.ഇയില്‍ മെര്‍സ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
 
കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഈ മാസം 13 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 78 കാരനാണ് രോഗം സ്ഥിരീകരിച്ചത്. യു.എ.ഇയിലെ ഗയാത്തിയില്‍ ഒട്ടക ഫാമുള്ള ഇയാള്‍ക്ക് മേയ് നാല് മുതലാണ് പനിയും ചുമയും ബാധിച്ചതന്നും ലോകരോഗ്യ സംഘടന പത്രക്കുറിപ്പില്‍ പറഞ്ഞു.ശൈഖ് ഖലീഫ മെഡിക്കല്‍ സെന്റര്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ മെര്‍സ് വൈറസ് സ്ഥിരീകരിച്ച ഇയാളുടെ ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2012 മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായ 2027 മെര്‍സ് -സിഒവി വൈറസ് ബാധയാണ് സ്ഥിരീകരിച്ചത്. ഇവരില്‍ 787 ആണ് മരണസംഖ്യ. ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത മെര്‍സ് കേസുകളില്‍ ഭൂരിഭാഗവും സൗദി അറേബ്യയിലാണ്. യു.എ.ഇക്കു പുറമെ, ഒമാന്‍, മലേഷ്യ എന്നിവിടങ്ങളില്‍ ഓരോ കേസ് റിപ്പോര്‍ട്ട് ചെയ്തു. യു.എ.ഇയില്‍ ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചയാള്‍ ഈയടുത്തായി സൗദി അറേബ്യയില്‍ പോയിരുന്നതായും ഡബ്ല്യു.എച്ച്.ഒ റിപ്പോര്‍ട്ടില്‍ പറയുന്നു.

പൊതുവെ ഒട്ടകങ്ങളില്‍നിന്ന് മനുഷ്യരിലെത്തുന്ന വൈറസ് മാരക രോഗത്തിനു കാരണമാകുന്നു. മെര്‍സ് വൈറസ് ബാധയില്‍ മരണനിരക്ക് കൂടുതലാണ്. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരുകയും ചെയ്യുന്നു. മിഡില്‍ ഈസ്റ്റില്‍ ഇനിയും മെര്‍സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നല്‍കുന്നു. മൃഗങ്ങളില്‍നിന്നും കന്നുകാലി ഉല്‍പന്നങ്ങളില്‍നിന്നും രോഗം പകരുമെന്നാണ് മുന്നറിയിപ്പ്. യു.എ.ഇയില്‍ ഒട്ടക ഫാമുകളില്‍ പരിശോധന നടത്താന്‍ കമ്മ്യൂണിക്കബിള്‍ ഡിസീസ് വകുപ്പ് നടപടി സ്വീകരിച്ചതായും ലോകാരോഗ്യ സംഘടന അറിയിച്ചു.

മെര്‍സ് രോഗലക്ഷണങ്ങള്‍ ആദ്യഘട്ടത്തില്‍ സ്ഥിരീകരിക്കാനാവില്ലെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഡബ്ല്യു.എച്ച്.ഒ നിര്‍ദേശിച്ചു.
 

Latest News