സഹകരണ ബാങ്ക് ഉദ്യോഗസ്ഥര്‍ ജപ്തിക്ക് എത്തിയതിനു പിന്നാലെ ഓട്ടോ തൊഴിലാളി തൂങ്ങിമരിച്ചു

കോട്ടയം - സഹകരണ ബാങ്ക് ഉദ്യോഗസ്ഥര്‍  ജപ്തി നടപടിക്ക് എത്തിയതിനു പിന്നാലെ  ഓട്ടോറിക്ഷാ തൊഴിലാളിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം തോട്ടകം വാക്കേത്തറ തയ്യില്‍ ടി.പി. കാര്‍ത്തികേയ(61)നാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് തോട്ടകം സര്‍വീസ് സഹകരണ സംഘം ഉദ്യോഗസ്ഥര്‍ ജപ്തി നടപടിക്ക് മുന്നോടിയായി വീടും പറമ്പും അളന്ന് തിട്ടപ്പെടുത്താന്‍ എത്തി. തുടര്‍ന്നാണ് കാര്‍ത്തികേയനെ മരിച്ച നിലയില്‍ കണ്ടത്.

വായ്പ എടുത്ത തുകയില്‍ ഒരു രൂപ പോലും കാര്‍ത്തികേയന്‍ തിരിച്ചടച്ചിട്ടില്ല. പലിശ അടക്കം ഇളവുകള്‍ നല്‍കാമെന്ന് അറിയിച്ചിട്ടും കാര്‍ത്തികേയന്റെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഉണ്ടായില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. 2014 സെപ്റ്റംബര്‍ മൂന്നിനാണ് കാര്‍ത്തികേയന്‍ ഏഴു ലക്ഷം രൂപ തോട്ടകം സര്‍വീസ് സഹകരണ സംഘത്തില്‍ നിന്നും വായ്പ എടുത്തത്. അഞ്ച് ലക്ഷം രൂപ കാര്‍ത്തികേയന്റെ പേരിലും രണ്ട് ലക്ഷം രൂപ ഭാര്യയുടെ പേരിലുമാണ് എടുത്തത്. വീടും സ്ഥലവും അടക്കം 14 സെന്റ് സ്ഥലം ഈടു വെച്ചാണ് വായ്പ എടുത്തത്.

2019-ല്‍ വായപ തിരിച്ചടവിന്റെ കാലവധി കഴിഞ്ഞു. ഇതിനിടെ ഏക മകളെ വിവാഹം ചെയ്ത അയച്ചു. 2020-ല്‍ സംഘം എ.ആര്‍.സി.(ആര്‍ബിറ്ററേഷന്‍ കേസ്) ഫയല്‍ ചെയ്തു. 2022-ല്‍ ബാങ്ക് ജപ്തിയിലേക്ക് കടന്നു. സ്ഥലം അളക്കാന്‍ ഫെബ്രുവരി ഒന്‍പതിന് വീട്ടിലെത്തുമെന്നും കാര്‍ത്തികേയനെ അറിയിച്ചു. തുടര്‍ന്ന് വ്യാഴാഴ്ച സഹകരണ സംഘം ജീവനക്കാര്‍ സ്ഥലത്തെത്തി വീടും സ്ഥലവും അളന്ന് കുറ്റിയടിച്ചു. ഇവര്‍ പോയതിന് ശേഷം കാര്‍ത്തികേയന്റെ സഹോദരന്‍ രാജുവിന്റെ മകന്‍ രാജേഷ് പ്രസാദ് വീട്ടിലെത്തിയപ്പോഴാണ് മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാര്‍ത്തികേയന് വീടിനോട് ചേര്‍ന്ന് തന്നെ ചായക്കടയും ഉണ്ടായിരുന്നു. ഓട്ടോ ഓടിയും ചായക്കടയില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടായിരുന്നു കാര്‍ത്തികേയനും കുടുംബവും കഴിഞ്ഞിരുന്നത്. ഭാര്യയ്ക്ക് രണ്ടാഴ്ച മുമ്പ് എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ലഭിച്ചിരുന്നു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: മീര. മകള്‍: അശ്വതി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News