Sorry, you need to enable JavaScript to visit this website.

റോഷി അഗസ്റ്റിന്റെ മാറ്റം കണ്ട് വി.ഡി. സതീശന് മാത്രമല്ല അതിശയം

കോട്ടയം, ഇടുക്കി ഭാഗങ്ങളിൽ ഇടതുപക്ഷത്തിന്റെ ജനകീയ മുഖങ്ങളാണ് സി.പി.എമ്മിലെ വി.എൻ. വാസവനും, കേരള കോൺഗ്രസിലെ റോഷി അഗസ്റ്റിനും. വാസവൻ ചർച്ചക്ക് പോയാൽ ഇരുമ്പും വെള്ളമാകുമെന്നാണ് വെപ്പ്. സോഷ്യൽ എൻജിനീയറിംഗിന്റെ കളരി ആശാൻ. പാലാ ബിഷപ്പ് വിവാദ കാലം തന്നെ പുതിയ തെളിവ്. റോഷിയാകട്ടെ സദാ തൂവെള്ളയിൽ ചിരിതൂകി നടക്കുന്ന സുന്ദരൻ. ചിര കാല ബന്ധുവിനെപ്പോലെയാണ് പുതുതായി പരിചയപ്പെടുന്നവരോടു പോലുമുള്ള ഇടപെടൽ. സെക്രട്ടറിയേറ്റിനടുത്തുള്ള ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ വന്നാൽ തിരിച്ച് ഇറങ്ങി ഒരൊറ്റ നടപ്പാണ്. കാറിനൊന്നും കാത്തു നിൽക്കില്ല. ഇന്നും ജീപ്പു റോഡുകളുടെ നാടായ ഹൈറേഞ്ചിന്റെ രീതി. ഇപ്പറഞ്ഞ റോഷിയൊക്കെ എവിടെ പോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പരസ്യമായാണ് അതിശയിച്ചത്. വെള്ളക്കര വർദ്ധനയുമായി ബന്ധപ്പെട്ട റോഷിയുടെ ഇടപെടലുകളിലെ തോൽവി പരമ്പരകളാണ് സതീശനടക്കമുള്ളവരെ റോഷിയെക്കുറിച്ച് മാറി ചിന്തിപ്പിച്ചത്. വീണു കിടക്കുന്നവരുടെ മുഖത്ത് തളിക്കാൻ വെള്ളം കിട്ടുന്നില്ലെങ്കിൽ എം.എൽ.എമാർ എഴുതി തന്നാൽ മതിയെന്ന് തമാശ പറഞ്ഞതിന്റെ ബഹളം തീരുന്നതിന് മുമ്പാണ് റോഷിയുടെ നടപടിക്കെതിരെ സ്പീക്കർ എ.എൻ. ഷംസീറിന്റെ വക ശക്തമായ റൂളിംഗ് വന്നത്. തമാശക്കും ഒരതിരുണ്ട് എന്ന് ബോധ്യപ്പെടുന്ന ഘട്ടം. നിയമസഭ നടക്കുമ്പോൾ വെള്ളക്കര വർദ്ധന പോലൊരു തീരുമാനം നിയമസഭക്ക് പുറത്ത് നടത്തിയതിനെതിരെ സ്പീക്കർ ശക്തമായി തന്നെയാണ് റൂളിംഗ് നൽകിയത്. സഭ നടക്കുമ്പോൾ ആരുമറിയാതെ വെള്ളക്കരം കൂട്ടിയത് സഭയോടുള്ള അനാദരവാണെന്ന പ്രതിപക്ഷ പരാതിയിൽ റോഷിയെ വിമർശിച്ചായിരുന്നു സ്പീക്കറുടെ റൂളിംഗ്. 'വെള്ളക്കരം വർധിപ്പിക്കുന്നത് തികച്ചും ഭരണപരമായ നടപടിയാണ്. എങ്കിലും സംസ്ഥാനത്ത് എല്ലാ വിഭാഗം ജനത്തെയും ബാധിക്കുന്ന തീരുമാനമാണെന്ന നിലയിൽ, സഭാ സമ്മേളനം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യം സഭയിൽ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിൽ അത് ഉത്തമമായൊരു മാതൃകയായേനെ'- സ്പീക്കർ എ.എൻ. ഷംസീർ റൂളിംഗിലൂടെ തന്റെ ഭാഗം ക്ലിയറാക്കി. 
20,000 കോടി കുടിശ്ശിക പിരിക്കാനുണ്ട്. ഈ നികുതി പിരിക്കാൻ ധനമന്ത്രിക്ക് ചങ്കൂറ്റമുണ്ടോയെന്ന് ഒരു ഘട്ടത്തിൽ ചോദിച്ച വി.ഡി. സതീശൻ ദില്ലിയിൽ കേരളത്തിന്റെ സ്‌പെഷ്യൽ ഓഫീസറായ മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസിനെക്കുറിച്ചുള്ള കോൺഗ്രസ് പാർട്ടി രഹസ്യവും വെളിപ്പെടുത്തിയിട്ടുണ്ട്. 
പണ്ട് അവരെയറിയാം, ഇവരെയറിയാം എന്ന് പറഞ്ഞ് കോൺഗ്രസ് നേതാക്കളെയൊക്കെ  പറ്റിച്ചയാളാണത്രെ കെ.വി. തോമസ് എന്ന ഈ കക്ഷി. ഇപ്പോൾ മോഡിയെ അറിയാം അമിത് ഷായെ അറിയാമെന്ന് പറഞ്ഞ് പിണറായിയെ പറ്റിക്കുകയാണ്. അങ്ങനെ ദില്ലിയിൽ പോയി സർക്കാർ ഖജനാവിൽ നിന്നും ധൂർത്തടിക്കുന്നു -കടുവയെ കിടുവ പിടിക്കുന്നോ ?
ഒരു കുടുംബത്തിനല്ല, ഒരാൾക്ക് 100 ലിറ്റർ എന്നാണ് താനുദ്ദേശിച്ചതെന്ന് മന്ത്രി റോഷിയുടെ വിശദീകരണം പിന്നീട് വന്നു. അപ്പോഴേക്കും നേരത്തെ പറഞ്ഞ കാര്യം ജനമനസ്സിൽ ഇടം നേടിക്കഴിഞ്ഞിരുന്നു. 
4912.42 കോടിയുടെ സഞ്ചിത നഷ്ടമാണ് വാട്ടർ അതോറിറ്റിക്ക്. കെ.എസ്.ഇ.ബിക്ക് മാത്രമുള്ള കുടിശ്ശിക 1263 കോടി. കരംകൂട്ടാതെ പിടിച്ചുനിൽക്കാനാകില്ലെന്ന് റോഷി ഉറപ്പിച്ചു പറയുന്നു. 
ഒരാൾക്ക് 100 ലിറ്റർ എന്ന നിലയിൽ അഞ്ചംഗ കുടുംബത്തിന് 500 ലിറ്റർ വെള്ളം മതിയാകില്ലേ എന്നാണ് താൻ ഉദ്ദേശിച്ചതെന്നാണ് മന്ത്രി വിശദീകരിക്കുന്നത്. നിയമസഭയിലെ തന്റെ പ്രസംഗം പൂർണമായും കേട്ടാൽ ഇതു മനസ്സിലാകും. എന്നാൽ ഒരു കുടുംബത്തിന് 100 ലിറ്റർ വെള്ളം മതിയെന്ന തരത്തിൽ വളച്ചൊടിക്കുന്നത് അപലപനീയമാണ്. വെള്ളക്കരം വർധന എ.ഡി.ബിക്ക് വേണ്ടിയെന്ന മർമത്തിലും യു.ഡി.എഫ് കയറി പിടിച്ചിട്ടുണ്ട്. അതെ പണ്ട് തല്ലി ഓടിക്കുമെന്ന് പറഞ്ഞ എ.ഡി.ബി തന്നെ.
ബജറ്റ് പൊതു ചർച്ചയുടെ രണ്ടാം ദിനവും ബജറ്റ് നികുതി നിർദേശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ നിരന്നു. പുതിയ നികുതി നിർദേശങ്ങളിലൂടെയും മറ്റും ധനമന്ത്രി ബാലഗോപാൽ നവകേരളം സൃഷ്ടിക്കാൻ പോവുകയാണെന്നൊക്കെയുള്ള വിശേഷണങ്ങൾ ആ മന്ത്രി പോലും താങ്ങുമോ എന്നറിയില്ല. ഭരണ കക്ഷി അംഗങ്ങളുടെയെല്ലാം ഭാവന ആ നിലക്കാണ് പൂത്തുലഞ്ഞത്. ഡോ. കെ.ടി. ജലീലിന്റെ കാഴ്ചയിൽ ധനക്കെണിയിലായി കേരളം മുങ്ങിച്ചാകുന്നത് കാണാൻ കൊതിക്കുന്നവരാണ് പ്രതിപക്ഷം. നികുതി പിരിക്കുന്നത് പെൻഷൻ കൊടുക്കാനും കേരളത്തെ മുന്നിൽ നടത്താനുമാണ്. ഇത്രയും നല്ലൊരു ബജറ്റ് എങ്ങിനെ ഉണ്ടാക്കിയെടുത്തുവെന്ന് തോമസ് കെ. തോമസിന് എത്ര ആലോചിച്ചിട്ടും മനസ്സിലായിട്ടില്ല. 
20 അംഗങ്ങളാണ് സംസാരിച്ചത്. അവസാന പ്രസംഗകനായ കെ. ബാബു (നെന്മാറ) പ്രതിപക്ഷ നിരയെ നോക്കി എന്തിനാണെന്നറിയില്ല, ചൊല്ലിപതിഞ്ഞ കടമ്മനിട്ട വരി ചൊല്ലുന്നത് കേട്ടു -നിങ്ങളോർക്കുക, നിങ്ങളെങ്ങിനെ നിങ്ങളായെന്ന് -ശരിയാണ്. എല്ലാവരും ഓർക്കേണ്ട കാര്യം തന്നെയാണത്. ഓരോരുത്തരും എങ്ങിനെയാണ് അവരായതെന്ന്.

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News