മലപ്പുറത്തെ മയക്കുമരുന്നു കേസില്‍ യുവാവിന് പത്തു വര്‍ഷം കഠിന തടവ്

മഞ്ചേരി-മാരക ലഹരിമരുന്നായ എം.ഡി.എം.എ സഹിതം പോലീസ് അറസ്റ്റു ചെയ്ത യുവാവിനെ മഞ്ചേരി എന്‍.ഡി.പി.എസ് സ്പെഷല്‍ കോടതി പത്തു വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു.  ഈസ്റ്റ് ഒറ്റപ്പാലം അത്താണിക്കല്‍ വീട്ടില്‍ മുഹമ്മദ് ഷാഫി (23)യെയാണ് ജഡ്ജി എന്‍.പി ജയരാജ് ശിക്ഷിച്ചത്.  2021 നവംബര്‍ 12ന് വൈകീട്ട് 6.05നാണ് കേസിനാസ്പദമായ സംഭവം.   പെരിന്തല്‍മണ്ണ -ചെര്‍പ്പുളശേരി റോഡില്‍ പാതാക്കര പി.ടി.എം ഗവണ്‍മെന്റ് കോളജിന് സമീത്തു വച്ചാണ്  പ്രതി പിടിയിലാകുന്നത്.  പെരിന്തല്‍മണ്ണ പോലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന സി.കെ നൗഷാദ് ആണ് പ്രതിയെ അറസ്റ്റു ചെയ്തത്.  പ്രതിയില്‍ നിന്നു 52.2 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തിരുന്നു.  ഇന്‍സ്പെക്ടറായിരുന്ന സുനില്‍ പുളിക്കലാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. റിമാന്‍ഡിലായ പ്രതിക്ക് നാളിതുവരെ ജാമ്യം ലഭിച്ചിരുന്നില്ല.   പ്രോസിക്യൂഷനുവേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ അബ്ദുള്‍ സത്താര്‍ തലാപ്പില്‍ 12 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 29 രേഖകളും 12 തൊണ്ടിമുതലുകളും ഹാജരാക്കി.  എ.എസ്.ഐ  സുരേഷ് ബാബുവായിരുന്നു പ്രോസിക്യൂഷന്‍ അസിസ്റ്റ് ലെയ്‌സണ്‍ ഓഫീസര്‍.  പിഴയടക്കാത്ത പക്ഷം ആറു മാസത്തെ അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News