സൗരയൂഥത്തിൽ വിടർന്ന കല്യാണസൗഗന്ധികമാണീ ഭൂമിയെന്നു മലയാളിയെ പാടിപ്പഠിപ്പിച്ച ഗാനകോകിലം വാണി ജയറാം കാലയവനികയ്ക്കു പിറകിലേക്ക്. ഗൃഹാതുരതയുടെ അനിർവചനീയമായ അനുഭൂതിയിലേക്ക് നമ്മെ കൈപിടിച്ചുനടത്തിയ നിരവധി ഗാനങ്ങൾ കൈരളിക്കു സമ്മാനിച്ച ഈ ഗായികയുടെ ഓർമയ്ക്ക് മുമ്പിൽ അഞ്ജലി.
കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനിയിലുമെല്ലാം തികഞ്ഞ പാണ്ഡിത്യം നേടിയ വാണി ജയറാം പതിനാലു ഭാഷകളിലായി എണ്ണായിരത്തിലേറെ ഗാനങ്ങൾ ആലപിച്ചു. അവയിൽ മലയാളവും തമിഴും തെലുങ്കും കന്നഡയും മറാത്തിയും ഗുജറാത്തിയും ഹിന്ദിയുമുണ്ടായിരുന്നു. ഭാഷയുടെ അതിർവരമ്പുകളില്ലാതെ അവർ പാടിക്കൊണ്ടിരുന്നു; നീണ്ട മൂന്നുപതിറ്റാണ്ടോളം കാലം. അതിനിടയിൽ മൂന്ന് ദേശീയ പുരസ്‌കാരങ്ങളും നിരവധി സംസ്ഥാന പുരസ്‌കാരങ്ങളും അവരെ തേടിയെത്തി. മലയാളത്തിൽ ഒരുപിടി മനോഹരഗാനങ്ങൾ ആലപിച്ചെങ്കിലും എന്തുകൊണ്ടോ ഈ ഗായികയെ കേരളം വേണ്ടത്ര ആദരിച്ചിരുന്നുവോ എന്ന് സംശയം.
നവതരംഗവും ലയൺസ് ക്ലബ്ബും ചേർന്നൊരുക്കിയ സംഗീതപരിപാടിക്കായാണ് വാണി ജയറാം കോഴിക്കോട് നഗരത്തിലെത്തിയതിന്റെ ഓർമ. ഹോട്ടൽ ഹൈസൺ ഹെറിറ്റേജിന്റെ സ്വീകരണമുറിയിൽ ഭർത്താവ് ജയറാമിനോടൊപ്പമിരുന്ന് പതിഞ്ഞ ശബ്ദത്തിൽ സംസാരിച്ചതോർക്കുന്നു. അന്ന് വാണി ജയറാം പറഞ്ഞു: ''വല്ലാതെ മാറിപ്പോയിരിക്കുന്നു ഈ കോഴിക്കോട്. മുപ്പതുവർഷം മുൻപ് ഇവിടെ വന്നപ്പോൾ ഇവിടമാകെ പച്ചപ്പായിരുന്നു. ഇന്നതെല്ലാം പോയി. പകരം ഒരുപാട് വികസനം വന്നു. അക്കാലത്ത് യേശുദാസിനൊപ്പം കേരളത്തിന്റെ മുക്കിലും മൂലയിലുമെല്ലാം വന്ന് പാടിയിട്ടുണ്ട്. കേരള സർക്കാരിന്റെ ലക്ഷംവീട് പദ്ധതിക്കായി ഫണ്ട് സ്വരൂപിക്കാനായിരുന്നു ആ വരവ്.'
തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് ജനിച്ചത്. വീണവിദ്വാനായ രംഗരാമാനുജ അയ്യങ്കാരുടെ ശിഷ്യയായിരുന്നു അമ്മ പത്മാവതി. കടലൂർ ശ്രീനിവാസ അയ്യങ്കാർ ചേച്ചിയെ സംഗീതം അഭ്യസിപ്പിക്കുന്നതു കേട്ടാണ് ഞാൻ പഠിച്ചത്. അന്ന് അഞ്ചുവയസ്സാണ് പ്രായം. കുട്ടിക്കാലംതൊട്ടേയുണ്ടായിരുന്ന സംഗീതഭ്രമം രാഗങ്ങളെക്കുറിച്ചെല്ലാം അടുത്തറിയാൻ സഹായിച്ചു. കടലൂർ ശ്രീനിവാസ അയ്യങ്കാർ, ടി.ആർ.ബാലസുബ്രഹ്മണ്യൻ, ആർ.എസ്. മണി എന്നിവരിൽനിന്നും കർണ്ണാടകസംഗീതത്തെക്കുറിച്ച് അടുത്തറിഞ്ഞു. ഹിന്ദുസ്ഥാനി അഭ്യസിപ്പിച്ചതാകട്ടെ ഉസ്താദ് അബ്ദുൾറഹ്മാൻ ഖാനായിരുന്നു. എട്ടാം വയസ്സിൽ മദ്രാസ് ആൾ ഇന്ത്യാ റേഡിയോയിലൂടെയാണ് എന്റെ ശബ്ദം ആദ്യമായി പുറംലോകമറിഞ്ഞത്. തുടർന്ന് സംഗീതവും പഠനവുമെല്ലാം ഇഴചേർന്ന ജീവിതം. ഒടുവിൽ വിവാഹിതയായി മുംബൈയിലേയ്ക്ക് ചേക്കേറുകയായിരുന്നു.
ഒരു പിന്നണിഗായികയാകുക എന്ന കുട്ടിക്കാലംതൊട്ടേയുള്ള മോഹം സഫലമായത് മുംബൈയിൽവച്ചായിരുന്നു. ഹിന്ദി സംഗീത സംവിധായകനായ വസന്ത് ദേശായി 'ഗുഢി' എന്ന ചിത്രത്തിലാണ് ആദ്യമായി അവസരം നൽകിയത്. 'ബോലേരേ പപ്പി ഹര... പപ്പി ഹര...'' തുടങ്ങി മൂന്നു ഗാനങ്ങൾ ആലപിച്ചു. ഒട്ടേറെ അംഗീകാരങ്ങൾക്ക് അർഹമായ ഈ ഗാനത്തോടെ ഒരു ഗായിക എന്ന നിലയിൽ ഉയരങ്ങളിലേയ്ക്കു കുതിക്കുകയായിരുന്നു. തുടർന്ന് നൗഷാദ്, ചിത്രഗുപ്ത്, മദൻ മോഹൻ, ഒ.പി.നയ്യാർ, ആർ.ഡി.ബർമ്മൻ, കല്യാൺജി ആനന്ദ്ജി, ലക്ഷ്മികാന്ത് പ്യാരേലാൽ, ജയ്‌ദേവ് തുടങ്ങി പ്രശസ്തരായ ഒട്ടേറെ സംഗീതസംവിധായകരുടെ ഗാനങ്ങൾ ആലപിക്കാനുള്ള ഭാഗ്യമുണ്ടായി. ഹിന്ദിയിൽ തിളങ്ങിനിൽക്കവേയായിരുന്നു ചെന്നൈയിലേയ്ക്കുള്ള കൂടുമാറ്റം. തമിഴിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലുമെല്ലാം അവസരം ലഭിച്ചത് ഈ മാറ്റത്തോടെയാണ്. ദക്ഷിണേന്ത്യയിലെ പ്രശസ്തരായ സംഗീതസംവിധായകരുടെ ഗാനങ്ങൾ ആലപിക്കാനുള്ള അവസരം വന്നുചേരുകയായിരുന്നു. എം.എസ്. വിശ്വനാഥൻ, എം.ബി.ശ്രീനിവാസൻ, സലിൽ ചൗധരി, കെ.വി.മഹാദേവൻ, എം.കെ. അർജുനൻ, ജെറി അമൽദേവ്, ഇളയരാജ, എ.ആർ.റഹ്മാൻ... തുടങ്ങി ഒട്ടേറെപ്പേർ അക്കൂട്ടത്തിലുണ്ട്.
മലയാളത്തിൽ ഒട്ടേറെ ഗാനങ്ങൾ ആലപിച്ചു. പാട്ടുകളാണെന്റെ ജീവൻ. മറ്റൊന്നിനും പ്രാധാന്യം നൽകുന്നില്ല. ക്ലാസിക്കലും സെമി ക്ലാസിക്കലും ഡ്യുയറ്റും തുടങ്ങി നിരവധി ഗാനങ്ങൾ പാടാൻ കഴിഞ്ഞു. ഭാഷയേത് എന്നതിലല്ല, പാടുന്നതിലെ ഉച്ചാരണശുദ്ധിയാണ് പ്രധാനം. കേൾക്കുന്നവർക്ക് ഇമ്പമുണ്ടാകണം. തമിഴ്‌നാട്ടിലാണ് ജനിച്ചതെങ്കിലും പതിനാലു ഭാഷകളിൽ പാടാൻ കഴിഞ്ഞു. സംഗീതജീവിതത്തിൽ വഴിത്തിരിവ് സമ്മാനിച്ചത് സലിൽദാ ആയിരുന്നു. ഒ.എൻ.വി. രചിച്ച് സലിൽദാ ഈണം പകർന്ന സ്വപ്നം എന്ന ചിത്രത്തിലെ ''സൗരയൂഥത്തിൽ പിറന്ന...'' എന്ന ഗാനമായിരുന്നു മലയാളത്തിലെ തുടക്കം.
റിയാലിറ്റി ഷോകളിലൂടെ ഒട്ടേറെ പ്രഗത്ഭർ കടന്നുവരുന്നുണ്ട്. അക്കൂട്ടത്തിൽ പ്രതിഭയുള്ള ഒട്ടേറെ പേരുണ്ട്. എന്നാൽ പലരും പാടുന്നത് പഴയ പാട്ടുകളാണ്. ആ പാട്ടുകൾ എഴുതിയവർക്കും സംഗീതം നൽകിയവർക്കും പാടിയവർക്കും ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണത്.
ഒടുവിലായി കോഴിക്കോട്ട് പാടിയത് സാമൂതിരി ഹൈസ്‌കൂളിലായിരുന്നു. മാവൂർ ഗ്വാളിയോർ റയോൺസായിരുന്നു സംഘാടകർ. പിന്നീട് എന്നെ എല്ലാവരും മറന്നു. സംഗീതതൽപരരായ ഇവിടത്തെ സംഘടനകൾപോലും എന്നെ ഓർത്തില്ല എന്ന ഖേദം അന്ന് വാണി ജയറാം തുറന്നുപറഞ്ഞു.
എന്തുകൊണ്ടാണ് എല്ലാവരും മറന്നതെന്നറിയില്ല. കൊഞ്ചലുള്ള റൊമാന്റിക് ശബ്ദം എന്നായിരുന്നു എല്ലാവരും വിശേഷിപ്പിച്ചത്. കമലഹാസൻശ്രീദേവി കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളിൽ പലതിലും ഗായിക ഞാനായിരുന്നു. ശ്രീദേവിയുടെ ശബ്ദത്തോടുള്ള സാമ്യമായിരുന്നു കാരണം. ഒരേനാൾ ഒരേനാൾ...., മഴക്കാലമേഘം.... തുടങ്ങിയ ഗാനങ്ങൾ കൗമാരമനസ്സിൽ എപ്പോഴും തത്തിക്കളിച്ചവയായിരുന്നു. കൂടാതെ നാടൻപാട്ടിലെ മൈന..., കുറുമൊഴിമുല്ലപ്പൂവേ..., ഒന്നാനാംകുന്നിന്മേൽ... തുടങ്ങിയ ഗാനങ്ങളും ആലപിച്ചു.
അർജുനൻ മാസ്റ്ററുടെ ചില നല്ല ഗാനങ്ങൾ ആലപിക്കാനും ഭാഗ്യമുണ്ടായി. വാൽക്കണ്ണെഴുതി..., തിരുവോണപ്പുലരിതൻ..., ഓണപ്പൂവേ... തുടങ്ങിയവ അക്കൂട്ടത്തിലുണ്ട്. മാസ്റ്ററുടെ കൂടെയുണ്ടായിരുന്ന ആർ.കെ.ശേഖറിന്റെ ഓർക്കസ്‌ട്രേഷൻ ഒരിക്കലും മറക്കാനാവില്ല. 'ചെട്ടിക്കുളങ്ങര ഭരണിനാളിൽ... തുടങ്ങിയ ഗാനങ്ങൾതന്നെ ഉദാഹരണം. രാഘവൻ മാസ്റ്ററുടെയും ദക്ഷിണാമൂർത്തിസ്വാമിയുടെയും കെ.ജെ.ജോയ്, ജോൺസൺ എന്നിവരുടെയും ഗാനങ്ങൾ പാടാനായി. പാളങ്ങൾ എന്ന ചിത്രത്തിലെ മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ..., ഏതോ ജന്മകൽപനയിൽ, പാർവ്വതിയിലെ നന്ദസുധാകര തവജനനം..., മുന്നേറ്റത്തിലെ വളകിലുക്കം ഒരു വളകിലുക്കം..., ആശിർവാദത്തിലെ സീമന്തരേഖയിൽ ചന്ദനം ചാർത്തിയ... സിന്ധുവിലെ തേടി തേടി ഞാനലഞ്ഞു..., രാസലീലയിലെ കിളിയെ കിളികിളിയേ..., യുദ്ധഭൂമിയിലെ ആഷാഢമാസം ആത്മാവിൽ മോഹം... തുടങ്ങിയ എത്രയെത്ര ഗാനങ്ങൾ.
നിലച്ചുപോയ ആ വാണീവിലാസത്തിനു മുമ്പിൽ സഹൃദയകേരളം കൈകൂപ്പുന്നു.






