ഒരു ഡസനിലധികം സർവകലാശാലകൾക്കുവേണ്ടി സയന്റിഫിക് റൈറ്റിംഗ് നടത്തിവരുന്ന ആലപ്പുഴക്കാരി ഡോ. അമിത ബഷീറിനെക്കുറിച്ച്
ആരും നടക്കാത്ത വഴികളാണ് അമിതയ്ക്ക് ഇഷ്ടം. അത്തരം വഴികളിലൂടെ കഷ്ടപ്പാടുകൾ സഹിച്ച് നടക്കുമ്പോൾ, അതിലൂടെ കിട്ടുന്ന മാനസികോല്ലാസം പറഞ്ഞറിയിക്കാനാവാത്തതാണ്. ചുറ്റുമുള്ളവരുടെ പരിഹാസത്തിലും സ്വയമേയുള്ള വേദനയിലും ആരോടും പരിഭവമില്ലാതെ കഷ്ടപ്പാടുകൾതാണ്ടി നേടിയ ജീവിതത്തിന് ഇപ്പോൾ നല്ല സുഖമാണ്. ആ സുഖലോലുപതയിലാണ് ആലപ്പുഴ ഹരിപ്പാട്ടുകാരി ഡോ. അമിത ബഷീർ. ബിരുദാനന്തര ബിരുദം നേടിയ ഡെന്റൽ ഡോക്ടറായ അമിത തെരഞ്ഞെടുത്ത വഴിയാകട്ടെ വളരെ വ്യത്യസ്തമായ മേഖലയാണ്.
സൗദി അറേബ്യയിലെ ദമാമിൽ താമസമാക്കിയിട്ടുള്ള ഡോ. അമിത ലോകോത്തര മരുന്നുകമ്പനികൾക്കും വിദേശത്തടക്കമുള്ള സർവകലാശാലകൾക്കും വേണ്ടി എഴുതുകയാണ്. സയന്റിഫിക് റൈറ്റിംഗ് എന്നൊരു വ്യത്യസ്തമായ മേഖലയിലേക്ക് അമിത എത്തിപ്പെട്ടത് തികച്ചും യാദൃച്ഛികമായിട്ടാണ്. ആരോഗ്യരംഗത്തെ ഈ എഴുത്തിനുവേണ്ടി ലോകോത്തര കമ്പനികൾ അമിതയുടെ പിന്നാലെയുണ്ട്. നിലവിൽ യു.കെ, ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ ഒരു ഡസനിലധികം സർവകലാശാലകൾക്കുവേണ്ടി സയന്റിഫിക് റൈറ്റിംഗ് നടത്തിവരികയാണ് അമിത. ഇതിൽ ഏഴെണ്ണം യുകെയിലേതാണ്. ഇന്ത്യയിലെ നാല് യൂനിവേഴ്‌സിറ്റികളും യു.എ.ഇ, സൗദി എന്നിവിടങ്ങളിലെ ഓരോന്നും ഇതിൽപ്പെടും. എന്നാൽ, ആ എഴുത്തിലൊതുങ്ങി ജീവിതം ശാസ്ത്രത്തിൽ തളച്ചിടാനും അമിത ഒരുക്കമല്ല.
ആങ്കറിംഗ്, ആരോഗ്യപരമായ വിഷയങ്ങളിൽ ക്ലാസുകൾ, ഇതിനൊക്കെ പുറമെ ലുലു, ഗ്രാന്റ് ഹൈപ്പർ മാർക്കറ്റുകളുടെ മികച്ച പ്രമോട്ടറുമാണ്. നല്ല ശബ്ദത്തിനുടമയായ അമിത ഷോർട്ട് ഫിലിമുകൾക്കുവേണ്ടി ഡബ്ബിംഗും നടത്തിക്കഴിഞ്ഞു. 'അമിത ഇതിലൊന്നും ഒതുങ്ങില്ല. തനിക്ക് ചെയ്യാവുന്ന മേഖലകളിലെല്ലാം തന്റേതായ മുദ്ര പതിപ്പിച്ചിട്ടേ പിൻമാറുകയുള്ളൂ..' ഇത് സാക്ഷ്യപ്പെടുത്തുന്നത് അമിതയ്ക്ക് എന്തിനും കട്ട സപ്പോർട്ടുമായി നിൽക്കുന്ന ഭർത്താവ് ഷനീബ് അബൂബക്കറാണ്.
ഏറ്റവും ഉന്നത നിലവാരത്തിലുള്ള ഗവേഷണങ്ങൾക്ക് സപ്പോർട്ട് ചെയ്യുന്ന ശാഖയാണ് സയന്റിഫിക് റൈറ്റിംഗ്. ഇതിൽ അതിതീവ്രമായ പരിശീലനം നേടിയവർക്കുമാത്രമെ ഏറ്റെടുക്കാൻ കഴിയൂ. വൻകിട മരുന്ന് കമ്പനികളും സർവകലാശാലകളും വിവിധ പഠനങ്ങൾക്കും കണ്ടുപിടിത്തങ്ങൾക്കും തയാറെടുക്കുമ്പോൾ അവർക്ക് ആവശ്യമായ തെളിവുകൾ കണ്ടെത്തി നൽകുകയും റിസർച്ചിന് ഹെൽപ്പ് ചെയ്യുന്ന രേഖകൾ തയാറാക്കുകയും ചെയ്യുന്ന സൂക്ഷ്മമായ ജോലിയാണ് സയന്റിഫിക് റൈറ്റിംഗ്. കഷ്ടപ്പാടുകളേറെയുള്ളതിനാലും കൃത്യതയോടെ കൈകാര്യം ചെയ്യേണ്ടതിനാലും ഈ മേഖലയിലേക്ക് അധികമാരും കടന്നുവരാറില്ല. എങ്ങനെ ഈ രംഗത്തെത്തി എന്നു ചോദിച്ചാൽ 'പടച്ചവൻ കൊണ്ടെത്തിച്ചു' -എന്നൊരു ഉത്തരമാണ് അമിതയ്ക്ക് പറയാനുള്ളത്.
തൊടുപുഴ അൽ അസർ ഡെന്റൽ കോളജിൽ ബിഡിഎസിന് ചേർന്ന അമിതയ്ക്ക് രണ്ടരവർഷം കഴിഞ്ഞപ്പോൾ വിവാഹമെത്തി. പഠനവും കുടുംബ ജീവിതവുമായി മുന്നോട്ടുപോയി. ഭർത്താവ് ഷനീബിന് സൗദിയിലായിരുന്നു ജോലി. ബിഡിഎസ് അവസാന വർഷത്തോടെ ഫെർട്ടിലിറ്റി ചികിൽസാർഥം പഠനത്തിൽ നിന്ന് അമിതയ്ക്ക് മാറിനിൽക്കേണ്ടിവന്നു. പൂർണമായും ഭർത്താവിനൊപ്പം താമസിക്കുന്നതിനായി സൗദിയിലേക്ക് പോയി. ചികിൽസകൾ നീണ്ട് നീണ്ട് മൂന്നരവർഷം വീടിനുള്ളിൽ മാത്രം കഴിയേണ്ടിവന്നു. പഠനമുപേക്ഷിച്ചുള്ള അവിടുത്തെ ജീവിതത്തിൽ വിരസതയായി. ഇതിനിടെ പലരുടെയും കുറ്റപ്പെടുത്തലും പരിഹാസവുമെല്ലാമായി. നാട്ടിൽ മാതാപിതാക്കളെ കാണുന്നവരെല്ലാം മോളുടെ വിശേഷങ്ങളന്വേഷിക്കുകയായി. പഠനവും പൂർത്തിയാക്കിയില്ല, ചികിൽസയിലൂടെ ഫലവും കണ്ടില്ല. ഇങ്ങനെപോയി....

ഇതുകേട്ട് മടുത്ത അമിത ഉറച്ച തീരുമാനമെടുത്തു. ഇനി പഠനം പൂർത്തിയാക്കണം. അതിനുള്ള വഴികൾ തേടി. ഷനീബ് നല്ല ധൈര്യം പകർന്നു. മൂന്നരവർഷത്തിനുശേഷം വീണ്ടും അൽ അസറിലെത്തി പഠനം പുനരാരംഭിച്ചു. പഴയ സുഹൃത്തുക്കളില്ല, അധ്യാപകരില്ല. എങ്കിലും വാശിയോടെ പഠിച്ച് ബിഡിഎസ് പൂർത്തിയാക്കി. അതോടെയും വാശി തീർന്നില്ല. എംഡിഎസിനായി എൻട്രൻസ് എഴുതി. ആദ്യചാൻസിൽ തന്നെ പാസായി. ഇഷ്ടവിഷയമായ കമ്മ്യൂണിറ്റി ഡെന്റിസ്ട്രി എടുത്ത് മംഗലാപുരത്ത യെനപ്പോയയിൽ പഠനം നടത്തി. പിജി അവസാന വർഷമെത്തിയതോടെ സുഹൃത്തുക്കളായ പലർക്കും വേണ്ടി ചില പേപ്പറുകൾ തയാറാക്കി നൽകി. യുകെയിൽ പഠിക്കുന്നവരും ജോലി ചെയ്യുന്നവരുമായ സുഹൃത്തുക്കളാണ് ഇത്തരത്തിൽ അമിതയെ ആശ്രയിച്ചത്. ആദ്യഘട്ടത്തിൽ തന്നെ ഇതിൽ തനിക്ക് ഭാവിയുണ്ടെന്ന് മനസിലാക്കിയ അമിത തന്റെ ഗുരുവായ ഡോ. പ്രദീപ് ജോദാലിയുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തി. അദ്ദേഹത്തിന്റെ പിന്തുണയോടെ കൂടുതൽ ജോലികൾ ഏറ്റെടുത്ത് പൂർത്തിയാക്കി. ഇതിനിടെ സൗദിലേക്കെത്തി സയന്റിഫിക് റൈറ്റിംഗ് എന്നത് പ്രൊഫഷനാക്കാൻ തന്നെ തീരുമാനിച്ചു.
അതിനായി യു.കെ ആസ്ഥാനമായുള്ള കൊക്രേന എന്ന സ്വതന്ത്ര ആഗോള നെറ്റ് വർക്ക് കമ്പനിയുടെ ഇന്ത്യയിലെ കേന്ദ്രമായ വെല്ലൂർ സിഎംസിയിൽ ചേർന്ന് സയന്റിഫിക് റൈറ്റിംഗിൽ കൂടുതൽ പരിശീലനം സിദ്ധിച്ചു. പിന്നീട് കൂടുതൽ ജോലികൾ ഏറ്റെടുത്ത അമിതയ്ക്ക് ജോലി ഭാരം ഏറി. അപ്പോൾ സമാനചിന്താഗതിക്കാരായ ഏതാനും ചിലരെ കൂട്ടി കമ്പനി രൂപീകരിച്ചു. സയന്റിഫിക് റൈറ്റിംഗ് എന്നതിന്റെ ചുരുക്കമായ 'സൈ റൈ' എന്ന പേരിലുള്ള കമ്പനിയുടെ ആസ്ഥാനം കൊച്ചിയിലാണ്.
ഇന്ത്യ, യുഎഇ, യുകെ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ പ്രഗത്ഭ കമ്പനികൾക്കും സർവകലാശാലകൾക്കുംവേണ്ടിയാണ് ഇപ്പോൾ വർക്ക് ചെയ്യുന്നത്. പ്രതിമാസം 2.5 ലക്ഷം മുതൽ 3.5 ലക്ഷം വരെ വരുമാനമുള്ള ജോലിയാണ് അമിത ഏറ്റെടുത്ത് ചെയ്യുന്നത്. സയന്റിഫിക് റൈറ്റിംഗിൽ ഡോ. പ്രവീണുമായി ചേർന്ന് അമിത എഴുതിയ പുസ്തകം മണിപ്പാൽ ബുക്‌സിൽ പ്രിന്റിംഗിലാണ്.
ഇതിനൊപ്പം കേരളത്തിലും സൗദിയിലും ആരോഗ്യസുരക്ഷാ ക്ലാസുകൾ എടുക്കുന്നുണ്ട്. നിരവധിപേരാണ് ഓരോ തവണയും ക്ലാസുകളിൽ പങ്കെടുക്കുന്നത്.
കോവിഡുമായി ബന്ധപ്പെട്ട് അമിത എഴുതിയ ലേഖനം ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആരോഗ്യരംഗത്തെ വേറിട്ട പ്രവർത്തനം കണക്കിലെടുത്ത് 2022ലെ ഇന്ത്യ ഇൻസ്‌പെയറിംഗ് വനിതാ അവാർഡിന് അമിത തെരഞ്ഞെടുക്കപ്പെട്ടു. പത്മശ്രീ ഡോ. വിജയകുമാർ ഷാ അധ്യക്ഷനായ അവാർഡ് കമ്മിറ്റിയാണ് അമിതയെ തെരഞ്ഞെടുത്തത്. പഠനകാലത്ത് ഐസിഎംആർ ഗ്രാന്റും ബ്രസീലിയൻ ഫാർമസ്യൂട്ടിക്കൽസ് കമ്പനിയുടെ ബയോഡൈനാമിക് ഗ്രാന്റും ലഭിച്ചിട്ടുണ്ട്. ബി.ഡി.എസ്, എംഡി.എസ് പഠനകാലയളവിൽ കോളജുകളിലെ മാഗസിൻ എഡിറ്ററുമായിരുന്നു.
ഹരിപ്പാട്ടെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന പരേതനായ എം.എം ബഷീറിന്റെയും നസീമയുടെയും മകളാണ് ഡോ. അമിത ബഷീർ. തരീഖ് ബഷീർ, ജസീം ബഷീർ എന്നിവർ സഹോദരങ്ങളാണ്.






