അവൾ കരയുകയായിരുന്നു. അലസമായ ചുരുണ്ട സ്വർണത്തലമുടി പാറിക്കളിക്കുന്നു. വെളുത്ത് നീണ്ട് മെലിഞ്ഞ ശരീരം. കർചീഫ് എടുത്ത് കണ്ണുകൾ തുടക്കുന്നു. ഷാർജ എയർപോർട്ടിൽ ചെക്ക് ഇൻ കൗണ്ടറിൽ ക്യുവിൽ എന്റെ നേരെ മുമ്പിലായിരുന്നു അവൾ. ഇടക്ക് പിറകോട്ട് നോക്കി അവൾ വിതുമ്പുന്നുണ്ടായിരുന്നു. എനിക്കൊന്നും മനസ്സിലായില്ല. കുട്ടിയെ വേർപിരിയേണ്ടിവന്ന അമ്മയെ പോലെയായിരുന്നു അപ്പോളവൾ. എനിക്കവളോട് സംസാരിക്കണമെന്ന് തോന്നി. എന്തിനാണവൾ കരയുന്നത് ? എന്താണ് അവൾക്ക് നഷ്ടപ്പെട്ടത് ? പിറകിലുള്ള ഡസ്റ്റ് ബിൻ നോക്കി എന്തിനാണവൾ വിതുമ്പുന്നത്. ഏതായാലും അവളോട് സംസാരിക്കുക തന്നെ .
എക്‌സ് ക്യൂസ് മീ എന്ന ആമുഖത്തോട് തന്നെ ഞാൻ അവളോട് ചോദിച്ചു . എന്തിനാണ് നിങ്ങൾ കരയുന്നത് ?

കണ്ണുനീർ തുടച്ചുകൊണ്ട് അവൾ പറഞ്ഞു ......
... ലബനോനിൽനിന്ന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുക്കാനെത്തിയവരായിരുന്നു ബെയ്റൂത്ത്കാരിയായ ഡോറിസ്. പുസ്തകങ്ങളെ പ്രണയിക്കുന്ന യുവതി. അവളുടെ വീട്ടിലെ മുറികൾ മുഴുവൻ പുസ്തകങ്ങളാണ്. പുസ്തകങ്ങളോടൊപ്പം കിടന്നുറങ്ങുന്ന ഡോറിസ് . ക്ലാസ്സിക്കൽ പുസ്തകങ്ങൾ കയ്യിലെടുക്കുമ്പോൾ വായിച്ചു തീർന്ന പേജുകൾ അവൾ ചുംബിക്കുമായിരുന്നു. കിടപ്പ്മുറിയിലെ ഭിത്തികളിൽ അവൾക്കിഷ്ടപ്പെട്ട എഴുത്തുകാരുടെ വാക്കുകൾ വിശുദ്ധ വചനങ്ങളായി അവൾ എഴുതിവെച്ചിരുന്നു. ഒരു പുസ്തകം ഒരു ദിവസം കൊണ്ട് വായിച്ചുതീർക്കുക എന്നതായിരുന്നു അവളുടെ ദിനചര്യ. സമ്പന്ന കുടുംബാംഗം. ഉന്നതവിദ്യാഭ്യാസം ലഭിച്ചവൾ. എന്നിട്ടും അവൾ തെരഞ്ഞെടുത്തത് ഒരു പുസ്തക പ്രസാധക കമ്പനിയിലെ ജോലിയായിരുന്നു . വരുമാനമായിരുന്നില്ല അവളുടെ ലക്ഷ്യം. ഗ്രന്ഥങ്ങൾക്കിടയിലെ ഗന്ധം അവൾ ആസ്വദിക്കുകയായിരുന്നു. പുസ്തകോത്സവങ്ങൾ ലോകത്ത് എവിടെയായിരുന്നാലും ജോലി ചെയ്യുന്ന പ്രസാധകരെ പ്രതിനിധീകരിച്ച് അവൾ അവിടെ എത്തിയിരിക്കും. അങ്ങിനെയാണ് ഇത്തവണ അവൾ ഷാർജ പുസ്തകോത്സവത്തിനെത്തിയത് .
സൗഹൃദം പങ്കിടാനെന്നവണ്ണം ഞാൻ അവളോട് പറഞ്ഞു .ലോക പ്രശസ്തനായ ഖലീൽജിബ്രാനാണ് എന്റെ എക്കാലത്തെയും ഇഷ്ട കവി. അദ്ദേഹം നിങ്ങളുടെ നാട്ടുകാരനാണല്ലോ. എന്നിട്ട് എന്റെ മനസ്സിനെ എന്നും തട്ടിയുണർത്തുന്ന ഖലീൽജിബ്രാന്റെ രണ്ട് വരികൾ ഞാനവളെ കേൾപ്പിച്ചു .
ജിബ്രാന്റെ വരികൾ അവളെ കൂടുതൽസങ്കടത്തിലാക്കിയതായി തോന്നി. അവളുടെ കണ്ണുകൾ അപ്പോഴും ഡസ്റ്റ് ബിന്നിൽ
തന്നെയായിരുന്നു . ഇനി ഏതായാലും അവളുടെ ദുഃഖ കാരണം ഒരാവർത്തി കൂടി ചോദിക്കാൻ തീരുമാനിച്ചു.
വിതുമ്പികൊണ്ട് അപ്പോൾ അവൾ പറഞ്ഞു ......

...കഴിഞ്ഞ ഒരാഴ്ചയായി അവൾ പുസ്തകമേളയിലായിരുന്നു. തനിക്കിഷ്ടപ്പെട്ട ഒട്ടേറെ അറബ് - ഇംഗ്‌ളീഷ് പുസ്തകങ്ങൾ വാങ്ങികൂട്ടി . ഇഷ്ടപ്പെട്ട കളിപ്പാട്ടങ്ങൾക്കിടയിൽ പെട്ട ഒരു കുട്ടിയെ പോലെയായിരുന്നു അപ്പോൾ അവൾ . ക്രെഡിറ്റ് കാർഡിലെ പരിധികഴിഞ്ഞപ്പോഴാണ് വാങ്ങിക്കൂട്ടൽ നിർത്താൻ നിർബന്ധിതയായത്. വളരെ പഴക്കമുള്ളതും അത്യപൂർവവുമായ പുസ്തകങ്ങൾ വിൽക്കുന്ന ഇറാൻ വംശജനായ അമേരിക്കൻ പൗരന്റെ ഷാർജ ബുക്ക് ഫെയറിലെ പുസ്തക സ്റ്റാൾ സന്ദർശിച്ചത് അപ്പോൾ എന്റെ ഓർമ്മയിൽ വന്നു. 1800 - ൽ പ്രസിദ്ധീകരിച്ച ആയിരത്തൊന്ന് രാവുകളുടെ ഗ്രന്ഥത്തിനവിടെ ആറായിരം ദിർഹമായിരുന്നു വില ( ഒന്നേ കാൽ ലക്ഷം രൂപ ) .
അത്രയും പൗരാണികവും അപൂർവ്വവുമായ പുസ്തകങ്ങൾ !
പുസ്തകോത്സവത്തിന്റെ കൊടി ഇറങ്ങിയപ്പോൾ പുസ്തക കെട്ടുകളുമായ് ഡോറിസ് എയർപോർട്ടിലെത്തി. അനുവദിച്ചതിലും അധികം തൂക്കമുണ്ടായപ്പോൾ അധിക തൂക്കത്തിന് ഫീസ് അടച്ചു. പക്ഷെ എല്ലാറ്റിനും പരിധിയുണ്ടല്ലോ. തന്റെ പ്രിയപ്പെട്ട കുറെ പുസ്തകങ്ങൾ എയർപോർട്ടിൽ ഉപേക്ഷിക്കാൻ അവൾ നിർബന്ധിതയായി. പുസ്തകങ്ങളെ പ്രണയിച്ച ഖലീൽ ജിബ്രാന്റെ നാട്ടുകാരിക്ക് അധിക ഭാരമായിരുന്ന തന്റെ ഇഷ്ട പുസ്തകങ്ങളെ ഡസ്റ്റ് ബിന്നിൽ ഉപേക്ഷിക്കേണ്ടി വന്നു. തന്റെ പിഞ്ചു കുഞ്ഞുങ്ങളെ നഷ്ടപ്പെടുത്തേണ്ടിവന്ന ഒരമ്മയെ പോലെ വിതുമ്പി ..... അവൾക്ക് കയറേണ്ട ഫ്‌ളൈറ്റിന്റെ സമയമായി. എന്നോട് യാത്ര പറഞ്ഞവൾ നടന്ന് പോയി. എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ഞാൻ കൗണ്ടറിലേക്ക് നീങ്ങി.
അറിയാതെ എന്റെ കണ്ണുകൾ ഡോറിസിന് പുസ്തകങ്ങൾ ഉപേക്ഷിക്കേണ്ടി വന്ന ഡസ്റ്റ് ബിന്നിൽ ചെന്നുടക്കി. മനസ്സിൽ അവളുടെ കരച്ചിൽ ഒരു വിതുമ്പലോടെ അപ്പോൾ ഞാനുൾകൊണ്ടു.
പുസ്തകങ്ങളെ അത്രമേൽ സ്‌നേഹിക്കുന്നവർ ലോകത്തെവിടെയുമുണ്ടെന്ന യാഥാർഥ്യം ഞാൻ തിരിച്ചറിയുകയായിരുന്നു.






