തെറ്റ് ചെയ്യാത്തവരായി ആരുണ്ട്?

സാധാരണക്കാരായ പ്രവാസികൾക്കൊപ്പം കഴിയുമ്പോൾ രസകരമായ പല വിവരങ്ങളും ലഭിക്കാറുണ്ട്. ഇവരാരും തന്നെ ഏതെങ്കിലും വിഷയത്തിൽ എം.ഫിലും പി.എച്ച്ഡിയും നേടിയവരല്ല. എന്നാൽ പ്രായോഗിക ജീവിതത്തെ കുറിച്ച് വ്യക്തമായ ബോധമുള്ളവരും. ചെറിയ പ്രായത്തിൽ നാട് വിട്ടവർ. അറബിയിൽ നല്ല പ്രാവീണ്യമുള്ളവർ. വീക്കെൻഡിലെത്തുന്ന അതിഥികളുമായുള്ള സംസാരത്തിനിടെയാണ് രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക കാര്യങ്ങളിൽ പുതിയ പുതിയ കാര്യങ്ങൾ കൈമാറുക. ഇങ്ങിനെ ഒരിക്കൽ കേട്ടതാണ് ബി.ജെ.പിയുടെ വലിയ നേതാക്കളാണ് ഗൾഫ് നാടുകളിലേക്ക് ബീഫ് കയറ്റി അയക്കുന്നതെന്ന്. എന്നാൽ ഇതിൽ സത്യമുണ്ടെന്ന് പിന്നീട് ബോധ്യമായി. ഇന്ത്യയിൽ നിന്ന് ബീഫ് കയറ്റുമതി ചെയ്യുന്ന രണ്ടു പ്രമുഖരും ബി.ജെ.പിയുടെ നേതാക്കളാണ്. ഇവരിലൊരാൾ ദൽഹിയിലെ ഉന്നത നേതാവുമായിരുന്നു. 
പിൽക്കാലത്ത് ഇന്ത്യൻ തുണിത്തരങ്ങളുടെ സുപ്രധാന വിപണന ശൃംഖല സൗദി ഉൾപ്പെടെ ഗൾഫ് നഗരങ്ങളിലെല്ലാമുയർന്നു. പെട്ടെന്ന് പോപ്പുലറായ ഈ തുണിക്കടകളിൽ ഇടക്കിടെ ക്ലിയറൻസ് സെയിൽ വരുന്നതിനാൽ പ്രവാസികളുടെ ഇഷ്ട കേന്ദ്രവുമായി. ഈ സ്ഥാപനം അദ്വാനിയുടേതാണെന്നാണ് ബാച്ച്‌ലർ മുറികളിൽ പ്രചരിച്ച കഥ. അയോധ്യയിൽ പള്ളി പൊളിക്കാൻ ഗുജറാത്തിലെ സോമനാഥിൽനിന്ന് രഥയാത്ര നടത്തിയ എൽ.കെ അദ്വാനിയിലും ഒരു വാണിജ്യ പ്രമുഖൻ ഒളിഞ്ഞിരിക്കുന്നുവോ? ആദ്യം കേട്ടപ്പോൾ വിശ്വസിക്കാനായില്ല. എന്നാൽ ഇത്തരം കേട്ടുകൾവികളിൽ സത്യത്തിന്റെ അംശമുണ്ടാവുമെന്നതാണ് യാഥാർഥ്യം. 
അതെന്തോ ആകട്ടെ. മോഡേൺ കാപ്പിറ്റലിസത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് പണം സമാഹരിക്കുന്നത് ഓഹരി വിപണിയിലൂടെയാണെന്നതാണല്ലോ. കൂടുതൽ മൂലധനം ബിസിനസിന് ആവശ്യമായി വന്നപ്പോൾ ഒരു വ്യക്തിയ്ക്ക് തനിച്ച് നിക്ഷേപിക്കാൻ കഴിയില്ലെന്നായി. അങ്ങിനെയാണ് പങ്കാളിത്ത ബിസിനസ് വന്നത്. പരസ്പര വിശ്വാസത്തിന്റെ പ്രശ്‌നങ്ങളിൽ മുന്നോട്ട് യാത്ര ചെയ്യാനാവില്ലെന്നായപ്പോൾ അതിനും തടസ്സമായി. അപ്പോഴാണ് കോടികൾ സമാഹരിക്കാനാവുന്ന ജോയന്റ് സ്‌റ്റോക്ക് കമ്പനികൾ യഥേഷ്ടം ഫണ്ട് സപ്ലൈ ചെയ്യാനായി രംഗത്തെത്തിയത്. 
മലയാളിയുടെ ഓർമയിലെ ഏറ്റവും വലിയ സാമ്പത്തിക സ്ഥാപന തകർച്ച പാലാ ബാങ്കിന്റേതായിരുന്നുവെന്ന് വായിച്ചിട്ടുണ്ട്. നമ്മുടെ തലമുറ നേരിട്ട് കണ്ട രണ്ട് തകർച്ചകളും ടേക്ക് ഓവറുകളുമാണ് ബാങ്ക് ഓഫ് കൊച്ചിന്റേതും നെടുങ്ങാടി ബാങ്കിന്റേതും. 
80കളിൽ ബാങ്ക് ഓഫ് കൊച്ചിൻ തകരുമെന്നായപ്പോൾ ബാങ്കുകളുടെ വല്യഛനായ റിസർവ് ബാങ്ക് ഇടപെട്ടു. ഇതിനെ ഏതെങ്കിലും ദേശസാൽകൃത ബാങ്ക് ഏറ്റെടുക്കണമെന്നായി. സിണ്ടിക്കേറ്റ് ബാങ്കാണ് ഇതിനെ ഏറ്റെടുത്തത്. അതു കഴിഞ്ഞപ്പോഴതാ വരുന്നു നെടുങ്ങാടി ബാങ്കിന്റെ തകർച്ച. കോഴിക്കോട് ആസ്ഥാനമായ ബാങ്ക് ആര് ഏറ്റെടുക്കുമെന്നത് സംബന്ധിച്ച് ഊഹാപോഹങ്ങൾ പ്രചരിച്ചു കൊണ്ടേയിരുന്നു. ബിസിനസ് പേപ്പറുകളുടെ പണിയും ഇതാണല്ലോ. മുൻനിര നാഷണലൈസ്ഡ് ബാങ്കുകൾ ഏറ്റെടുക്കുമെന്ന് പൊടിപ്പും തൊങ്ങലും വെച്ച് വാർത്ത പ്രചരിച്ചപ്പോൾ പത്ത് രൂപ മുഖവിലയുള്ള നെടുങ്ങാടി ബാങ്കിന്റെ ഷെയറുകൾ നാനൂറ് രൂപയ്ക്കും കിട്ടാനില്ലെന്നായി. പിഎൻബി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന പഞ്ചാബ് നാഷണൽ ബാങ്ക് നെടുങ്ങാടിയെന്ന ലോക്കൽ ബാങ്കിനെ ഏറ്റെടുത്തപ്പോൾ ജീവനക്കാർക്ക് അഫ്്ഗാനിസ്ഥാനിലെ കാബൂളിൽ വരെ ജോലി ചെയ്യാനുള്ള ഭാഗ്യമാണ് സിദ്ധിച്ചത്. വടക്കേ ഇന്ത്യയിലും തൊട്ടടുത്ത വിദേശ രാജ്യങ്ങളിലും പിഎൻബിക്ക് ശാഖകളുണ്ടായിരുന്നു. ഓഹരി വിപണിയിലെ ഇടപാടുകളെല്ലാം ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് വർഷാവർഷം മുഹൂർത്ത ട്രേഡിലും ലക്ഷങ്ങൾ നഷ്ടപ്പെടുന്നവരോട് ചോദിച്ചാലറിയാം. മലപ്പുറം ജില്ലയിലെ വ്യവസായ മേഖല പുഷ്ടിപ്പെടുത്താനാണ് ജില്ലാ അതിർത്തിയ്ക്കടുത്ത് ഐക്കരപ്പടിയിൽ ഒരു ടയർ കമ്പനി തുടങ്ങിയത്. പത്ത് രൂപയുടെ ടയർ കമ്പനി ഓഹരികളുടെ വിലയിടിഞ്ഞ് കൂട്ടിയിട്ട് കത്തിക്കാൻ ആളെ അന്വേഷിക്കുന്നതാണ് പിന്നീട് കണ്ടത്. ഇതെല്ലാം ചരിത്രം. ലോക സമ്പന്നനായ അദാനിയുടെ ദയനീയ പതനമാണ് ഇന്ത്യക്കാരുടെ ആശങ്കയ്്ക്ക് ആധാരം. മൂപ്പരില്ലെങ്കിൽ കേരളവും ഇന്ത്യയും വികസിക്കില്ലെന്നതാണല്ലോ സ്ഥിതി. കേരളത്തിലെ ദേശീയ പാത ആറുവരിപ്പാതയാക്കുന്നത്, വിഴിഞ്ഞം കണ്ടെയിനർ ടെർമിനൽ, പാചക വാതകം വീട്ടിലെത്തിക്കൽ, തിരുവനന്തപുരം വിമാനത്താവളം അങ്ങനെ എത്രയെത്ര സ്ഥാപനങ്ങൾ? അടുത്തിടെ പാർലമെന്റിൽ ഒരു ചർച്ചയ്ക്കിടെ ജോൺ ബ്രിട്ടാസ് എം.പിയോട് ധനമന്ത്രി നിർമല സീതാരാമൻ ഗുജറാത്തുകാരൻ കുത്തക വ്യവസായി അദാനി കേരളത്തിലെത്തിയപ്പോൾ തനി പ്രോളിറ്റേറിയനായി മാറിയതിനെ പരിഹസിച്ചതിൽ എല്ലാം അടങ്ങിയിരിക്കുന്നു. അദാനിയുടെ തകർച്ചയിൽ പാവം ഇടതു പ്രൊഫലുകൾ സമ്പൂർണ നിശബ്ദതയിലുമാണ്. എൽ.ഐ.സി, സ്റ്റേറ്റ് ബാങ്ക് തുടങ്ങിയ വൻകിട പൊതുമേഖലാ സ്ഥാപനങ്ങളുടെ പണമെടുത്തായിരുന്നു മൂപ്പരുടെ അഭ്യാസം. രാജ്യത്തെ ബാങ്കുകളിലെ ചേട്ടൻ സ്റ്റേറ്റ് ബാങ്ക് എന്നാണ് ക്ലാസ് മുറികളിൽ നമ്മൾ പഠിച്ചത്. എല്ലാറ്റിന്റേയും അഛനായി റിസർവ് ബാങ്ക് എന്ന ബാങ്കേഴ്‌സ് ബാങ്കും. മൗറീഷ്യസിലും സീഷെൽസിലും കടലാസ് കമ്പനികൾ തുടങ്ങിയിട്ട് കുറച്ചു കാലമായി.  ഓഹരി വിപണിയിലെ തട്ടിപ്പുകളെ കുറിച്ച് അന്വേഷിക്കുന്ന സെബിയുടെ ശ്രദ്ധയിൽ ഇത് പെട്ടിട്ടും ഒന്നര കൊല്ലമായി. ഇത്തരം കമ്പനികൾക്ക് ആരെങ്കിലും അറിയാതെ ലോൺ കൊടുത്തു പോയിട്ടുണ്ടെങ്കിൽ ഒന്നു ശ്രദ്ധിക്കണമെന്ന് ബാങ്കുകളുടെ അഛൻ പറയുന്നത് പിന്നിട്ട വാരത്തിലും. കാര്യമായ ജാഗ്രതകുറവ് ഉണ്ടായെന്നത് സത്യം. അദാനിയുടെ ബിസിനസ് സാമ്രാജ്യത്തേയും ബാങ്കിംഗ് ശൃംഖലകളേയും രക്ഷിക്കാനായി പ്രാർഥിക്കാം.  100 ബില്യൺ ഡോളറിലേറെയാണ് അമേരിക്കയിലെ ഹിൻഡൻബെർഗ് റിസർച്ച് റിപ്പോർട്ടിന് പിന്നാലെ അദാനിക്കുണ്ടായ നഷ്ടം. ഹിൻഡൻബെർഗ് മഹാ കുഴപ്പക്കാരനാണെന്നാണ് അന്വേഷണത്തിൽ മനസ്സിലായത്. ഓഹരി കമ്പോളത്തിൽ വിലസുന്ന സ്ഥാപനങ്ങളെ കുത്തുപാളയെടുപ്പിക്കാൻ ഇവൻ തീരുമാനിച്ചാൽ പിന്നെ അവരുടെ കാര്യം കട്ടപ്പുകയെന്നാണ് അനുഭവം. 
*** *** ***
സോഷ്യൽ മീഡിയ തുറന്നാൽ യുവജന കമ്മീഷൻ അധ്യക്ഷ  ചിന്ത ജെറോമിനെ പരിഹസിക്കുന്നവരുടെ ബഹളമാണ്. പ്രസംഗമായും ട്രോളായും വീഡിയോകൾ നിറയുന്നു. കമ്യൂണിസം എന്ന് തെറ്റില്ലാതെ എഴുതാൻ അറിയാത്തതിനെ പറ്റിയും ചിലർ വിലപിക്കുന്നു. ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റുകൾക്കും കോപ്പിയടിക്കുമെതിരെ സോഷ്യൽ മീഡിയ ഒന്നടങ്കം രംഗത്തുവന്നപ്പോൾ ചിന്തയെ പിന്തുണച്ചെത്തിയത് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. വളർന്നുവരുന്ന ഒരു യുവ വനിതാ നേതാവിനെ മനപ്പൂർവ്വം സ്ഥാപിത ലക്ഷ്യങ്ങൾ വെച്ചുകൊണ്ട് വേട്ടയാടുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
യുവജന കമ്മീഷൻ ചെയർപേഴ്സണിന്റെ ശമ്പളം നിശ്ചയിക്കുന്നതും ആനുകൂല്യങ്ങൾ തീരുമാനിക്കുന്നതും ചിന്തയല്ല. അത് ഗവൺമെന്റിന്റെ പൊതുനയത്തിന്റെ ഭാഗമായാണെന്നും അതിന്റെ പേരിൽ ചിന്തയെ വേട്ടയാടാൻ പലരും രംഗത്ത് ഇറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുവജന കമ്മീഷന്റെ അഭിനന്ദനീയമായ പ്രവർത്തനങ്ങൾ കണ്ട്, സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് നടത്തുന്ന ഇടപെടലുകൾ കണ്ട് അസഹിഷ്ണരായ ആളുകൾ ചിന്ത ജെറോമിനെ വ്യക്തിഹത്യ നടത്തുകയാണ്. ഈ വേട്ടയാടലിന്റെ ഭാഗമായാണ് ഒരോ കാര്യങ്ങളും തേടിപ്പിടിക്കുന്നതും വസ്തുതകൾ അന്വേഷിക്കാതെയുള്ള നീക്കങ്ങൾ നടത്തുന്നതും. ഇത്തരം നീചമായ പ്രവർത്തനങ്ങളിലൂടെ, നിരന്തര വേട്ടയാടലിലൂടെ, വിദ്യാർത്ഥി രംഗത്തും യുവജനരംഗത്തും ശക്തമായ സാന്നിദ്ധ്യമായി വളർന്നു വരുന്ന ഒരു മഹിളാനേതാവിനെ തളർത്തിക്കളയാമെന്നും തകർത്ത് കളയാമെന്നും ആരും വ്യാമോഹിക്കണ്ട.
ഒരുപാട് ശരികൾ ചെയ്യുന്നതിനിടയിൽ അറിയാതെ ചില പിഴവുകൾ വന്നുചേരാം. അതെല്ലാം മനുഷ്യസഹജമാണ്. എഴുത്തിലും വാക്കിലും പ്രയോഗങ്ങളിലും എല്ലാം തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ?. ഇത്തരത്തിലുള്ള കാര്യങ്ങളെ മനുഷ്യത്വപരമായി സമീപിക്കാതെ അതിനെ ഉപയോഗിച്ച് അവരെ ആക്രമിക്കുക എന്നതാണ് ചിന്തക്ക് നേരെ നടക്കുന്നത്. ഒരോന്നിനെ കുറിച്ചും നിരീക്ഷണം നടത്താനും പരിശോധനകൾ നടത്താനും അതിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങളെ വിശകലനം ചെയ്യാനും എല്ലാം അതോറിറ്റികൾ ഈ രാജ്യത്തുണ്ട്. അങ്ങിനെയാണ് കാര്യങ്ങളിൽ നിഗമനത്തിലെത്തുന്നത്-ഇപിജെ നയം വ്യക്തമാക്കി. 
*** *** ***
കുടുംബവിളക്ക് സീരിയലിലെ സുമിത്രയും രോഹിത്തും വിവാഹിതരാകുന്നു. പിന്നിട്ട വാരത്തിൽ പ്രമുഖ പത്രത്തിൽ വന്ന വിവാഹ വാർത്ത സോഷ്യൽ മീഡിയയിൽ  വൈറലായി.  ഇരുവരുടെയും വിവാഹ വാർത്തയാണ് ചിത്രസഹിതം പത്രത്തിൽ വന്നിരിക്കുന്നത്. പ്രേക്ഷകർ കാത്തിരിക്കുന്ന സീരിയലിലെ വിവാഹത്തിന് ആശംസകളുമായി നിരവധി പേർ രംഗത്തെത്തി.  അതിൽ കൂടുതലും ട്രോളുകൾ ആണെന്ന് മാത്രം. രാത്രി 8നും 8.30നും മധ്യേയാണ് മുഹൂർത്തമെന്ന് വാർത്തയിൽ നൽകിയിട്ടുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയാണ് കുടുംബവിളക്ക്. നടി മീര വാസുദേവൻ ആണ് സുമിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡോ.ഷാജു ഷാം ആണ് രോഹിത് ഗോപാലായി വേഷമിടുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമാണ് സീരിയലിൽ ചിത്രീകരിക്കാൻ പോകുന്നത്.
പ്രതിസന്ധികളൊന്നും ഇല്ലാതെ ഇരുവരുടെയും വിവാഹം നടക്കണമെന്നാണ് സോഷ്യൽ മീഡിയയിൽ എല്ലാവരുടെയും ആഗ്രഹം. സുമിത്രയുടെ മുൻ ഭർത്താവ് സിദ്ധാർത്ഥ് എന്തെങ്കിലും പ്രശ്നങ്ങളുമായി വരുമോ എന്ന പേടി പ്രേക്ഷകർക്കുണ്ടായിരുന്നു. ഇത്തരം വികാരങ്ങളെയാണ് അനന്തമായി തുടരുന്ന കുടുംബവിളക്കുകാരനും ചൂഷണം ചെയ്യുന്നത്. 
*** *** ***
കരിയറിന്റെ തുടക്കത്തിൽ തനിക്ക് നേരിടേണ്ടിവന്ന ഒരു കാസ്റ്റിംഗ് കൗച്ച് ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാര. കരിയറിന്റെ തുടക്കത്തിൽ തനിക്ക് ഒരു വലിയ സിനിമയിൽ അഭിനയിക്കാൻ അവസരം വന്നെന്നും അതിന് പകരമായി ചില വിട്ടുവീഴ്ചകൾ ചെയ്യണമെന്ന് ആവശ്യപ്പെട്ടെന്നും നടി പറയുന്നു. എന്നാൽ ഈ ഓഫർ നിഷേധിക്കുകയും തന്റെ കഴിവിൽ സ്വയം വിശ്വാസമുണ്ടെന്ന് അവരോട് പറയുകയും ചെയ്തെന്നും നയൻതാര  അഭിമുഖത്തിൽ വ്യക്തമാക്കി.
മനസ്സിനക്കരെ എന്ന സത്യൻ അന്തിക്കാടിന്റെ സിനിമയിലൂടെ ആണ് നയൻതാര അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് വിസ്മയത്തുമ്പത്ത്, നാട്ടുരാജാവ് എന്നീ ചിത്രങ്ങൾ ചെയ്തു. എന്നാൽ മലയാളത്തിൽ നടിക്ക് വലിയ സ്വീകാര്യത ലഭിച്ചില്ല. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലേക്ക് മാറുകയായിരുന്നു അവർ.
ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈ പറ്റുന്ന നായികയാണ് നയൻതാര. അഞ്ച് കോടിക്കും പത്ത് കോടിക്കും ഇടയിലാണ് നയൻതാരയുടെ പ്രതിഫലം.
*** *** ***
എൻഡിവി വിടുകയാണെന്ന് മുതിർന്ന അവതാരകൻ ശ്രീനിവാസൻ ജെയിൻ. മൂന്ന് പതിറ്റാണ്ടോളം നീണ്ട കരിയറിന് ശേഷം താൻ ചാനൽ വിടുകയാണെന്ന് അദ്ദേഹം തന്നെയാണ് അറിയിച്ചത്. 
'എല്ലാവർക്കും ഹായ്. എൻഡിടിവിയിലെ അതിശയകരവും ഏകദേശം മൂന്ന് പതിറ്റാണ്ട് നീണ്ട ഓട്ടം ഇന്ന് അവസാനിക്കുന്നു. രാജിവെക്കാനുള്ള തീരുമാനം എളുപ്പമായിരുന്നില്ല, പക്ഷേ .. അത് അങ്ങനെയാണ്. കൂടുതൽ പിന്നീട്- ശ്രീനിവാസൻ ട്വീറ്റ് ചെയ്തു.ന്യൂദൽഹി ടെലിവിഷൻ ലിമിറ്റഡിന്റെ ഏകദേശം 65% ഹോൾഡിംഗുകളുടെ നിയന്ത്രണം അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം,  ഗ്രൂപ്പിന്റെ പ്രസിഡന്റ് സുപർണ സിംഗ് ഉൾപ്പെടെ നിരവധി മുതിർന്ന എക്‌സിക്യൂട്ടീവുകൾ നേരത്തെ രാജിവെച്ചിരുന്നു.
 എൻഡിടിവിയുടെ ചീഫ് സ്ട്രാറ്റജി ഓഫീസർ അരിജിത് ചാറ്റർജി, ചീഫ് ടെക്നോളജി ആൻഡ് പ്രൊഡക്ട് ഓഫീസർ കവൽജിത് സിംഗ് ബേദി എന്നിവർ അടുത്തിടെ രാജിവെച്ചു. എന്നാൽ 'പുതിയ തന്ത്രപരമായ ദിശയും ലക്ഷ്യങ്ങളും സ്ഥാപിക്കുന്ന ഒരു പുതിയ നേതൃത്വ ടീമിനെ രൂപീകരിക്കാനുള്ള പ്രക്രിയയിലാണ് കമ്പനി' എന്നായിരുന്നു കൂട്ടരാജിക്ക് പിന്നാലെ എൻഡിടിവി പറഞ്ഞത്.
എൻഡിടിവി സ്ഥാപകരായ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും നവംബർ 29ന് എൻഡിടിവി പ്രൊമോട്ടർകമ്പനിയായ ആർആർപിആർ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ആർആർപിആർഎച്ച്) ഡയറക്ടർ സ്ഥാനം രാജിവെച്ചിരുന്നു. അടുത്ത ദിവസം നവംബർ 30ന് രവീഷ് കുമാർ, എ. എൻഡിടിവി ഹിന്ദിയിലെ ജനപ്രിയ അവതാരകയും രാജിവെച്ചു.
എൻഡിടിവിയുടെ എക്സിക്യൂട്ടീവ് എഡിറ്റർ സ്ഥാനം രാജിവെച്ച് നിധി റസ്ദാൻ. അദാനി ഗ്രൂപ്പ് ചാനൽ ഏറ്റെടുത്തതിന് പിന്നാലെ എൻഡിടിവിയിലുണ്ടായ രാജികളിൽ ഏറ്റവും ഒടുവിലത്തേതാണ് നിധി റസ്ദാന്റേത്. ഇതിനും മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് ശ്രീനിവാസൻ ജെയിൻ മുപ്പത് വർഷത്തോളം നീണ്ട എൻഡിടിവിയിലെ ജോലി അവസാനിപ്പിച്ചത്. നിധി റസ്ദാൻ 20 വർഷത്തിലേറെയായി എൻഡിടിവിയുടെ ഭാഗമായിരുന്നു. 22 വർഷങ്ങൾക്ക് ശേഷം എൻഡിടിവിയിൽ നിന്നും ഇറങ്ങാനുളള സമയമായിരിക്കുന്നു. അതൊരു അത്ഭുതകരമായ റോളർ കോസ്റ്റർ യാത്ര പോലെ ആയിരുന്നു, എന്നാൽ എവിടെ ഇറങ്ങണമെന്ന് അറിയണം. ഇനി ഏതാനും ആഴ്ചകൾ മാത്രം. ഇത്രയും വർഷക്കാലം തന്ന സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി- നിധി റസ്ദാൻ ട്വിറ്ററിൽ കുറിച്ചു. നല്ലൊരു ന്യൂസ് ചാനലായിരുന്നു എൻഡിടിവിയെന്ന് വിലപിക്കുകയേ നിർവാഹമുള്ളു. 

Latest News