ഹന്ന: ഹൃദയങ്ങൾ ഒപ്പിയെടുത്ത ഹർഷബിന്ദു

ഹന്നമോൾ  ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന, എല്ലാവരുടേയും സ്‌നേഹനിധിയായ മാലാഖക്കുട്ടിയാണ് ഈ പത്ത് വയസ്സുകാരി. ജീവിതത്തിന്റെ വെല്ലുവിളികളെ ധീരമായി നേരിട്ട പിതാവും മാതാവും ചേർന്ന് ഹന്നയുടെ രോഗാവസ്ഥയെ പൊരുതി തോൽപിച്ചു. പ്രമുഖ ഗായകൻ സലീം കോടത്തൂരാണ് ആ പിതാവ്. കഴിഞ്ഞ ദിവസം ഹന്നമോളെയും കൊണ്ട് മക്കയിലും മദീനയിലും പോയ സലീം പറഞ്ഞു: ആത്മസായൂജ്യത്തിലാണ് ഞങ്ങൾ. ഇതാദ്യമായി ഹന്നക്കുട്ടിയുമായി ഹറംശരീഫുകൾ സന്ദർശിച്ചതിലൂടെ സഫലീകരിക്കപ്പെട്ട സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ.

മലപ്പുറം, തൃശൂർ ജില്ലകൾ കൈകോർക്കുന്ന പെരുമ്പടപ്പിനടുത്ത കോടത്തൂർ നമ്പിശ്ശേരിയിൽ സലീമിന്റെ ജീവിതം ഇല്ലായ്മകളോട് പൊരുതി ജയിച്ച ഒരു കലാകാരന്റെ ത്യാഗങ്ങളുടേയും ക്ലേശങ്ങളുടേയും സങ്കടകഥ കൂടിയാണ്. നൂറോളം പാട്ടുകളിലൂടെ മലയാളി മനസ്സുകളിൽ ഇടം നേടിയ, അനന്യമായൊരു ശബ്ദസൗഭാഗ്യത്തിലൂടെ മാപ്പിളപ്പാട്ട് ഗാനശാഖയിൽ നൂതനശൈലിയുമായി അവതരിച്ച ഈ ഗായകൻ വേദികളിലെത്തുംമുമ്പ് ജീവിതായോധനത്തിനായി
ചെയ്യാത്ത ജോലികളില്ല. മുട്ടാത്ത വാതിലുകളില്ല. ആറാം ക്ലാസിൽ പഠിപ്പ് നിർത്തി കല്ലും മണ്ണും ചുമന്നു. വാർപ്പുപണി ചെയ്തു. തേപ്പ് ജോലിയിൽ മിടുക്കനായി. പണിയില്ലാ കാലങ്ങളിൽ മരം വെട്ടി. പ്ലാവിൽ കയറി ഇല പൊട്ടിച്ചു. ദിവസക്കൂലി അമ്പത് രൂപ. പിന്നെ ചെത്തിപ്പടവിന്റേയും പന്തലിന്റേയും പണി. ദർസ് പഠനത്തിന്റെ ബലത്തിൽ ഇടയ്ക്ക് കുറച്ചുനാൾ മദ്രസാധ്യാപകന്റെ ജോലി ചെയ്തതിന്റെ അനുഭവമാണ് പാട്ടെഴുത്തിനുള്ള പ്രധാനപ്രേരണയായത്. നബിദിനത്തിനാവശ്യമായ മദ്ഹ് രചനകളോടെയായിരുന്നു തുടക്കം. 
ജീവിതം കഠിനമായ സഹനമാണെന്ന തിരിച്ചറിവിനിടെ, പിന്നീട് ചില അനുഭവങ്ങൾ കുത്തിക്കുറിച്ചു. പാട്ടെഴുതി. എഴുതിയ പാട്ടുകൾ സ്വയം ട്യൂൺ ചെയ്ത് നോക്കി. പിന്നെ പാടിനോക്കി. സദസ്യരത് സഹർഷം ഏറ്റുവാങ്ങി. ചെറിയ വേദികളിൽനിന്ന് വലിയ വേദികളിലേക്ക് . കേരളത്തിനു പുറത്തേക്ക് സലീം കോടത്തൂരിന്റെ ആലാപനം വ്യാപിച്ചു. ഖൽബിൽ നിന്റെ ഇശ്ക്, ഓ സജ്‌നാ, മഹറിൽ നിൻ മനം, വല്ലാത്തൊരു മുഹബ്ബത്താണെടീ, ഞാൻ കെട്ടിയ പെണ്ണേ, കണ്ണീരില്ല കരയാൻ, മനസ്സിന്റെ മണിയറയിൽ സുന്ദരിയായൊരു മോളുണ്ട്, എത്രനാൾ കാത്തിരുന്നു ഒന്ന് കാണാൻ, മദീനയിലേക്കൊരു വെള്ളരിപ്രാവ്.. പാട്ടെഴുത്തും പാട്ട് പാടലും പ്രോൽസാഹിപ്പിച്ചവർ നിരവധി. പ്രശസ്ത ഗായകൻ അഫ്‌സലിന്റെ സഹായം സലീമിനു മറക്കാനാവില്ല. ദുബായിയിൽ അഫ്‌സലിന്റെ ഗാനമേളകളിലെ സാന്നിധ്യവും സലീം രചിച്ച് ചിട്ടപ്പെടുത്തിയ പാട്ടുകളുടെ ആലാപനവും ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി. ഗൾഫ് നാടുകളിൽ നിന്നുള്ള ക്ഷണം സ്വീകരിച്ച് മാപ്പിളപ്പാട്ടുകളുടെ ആലാപനത്തിൽ സലീം കോടത്തൂർ പുതിയൊരു ചരിത്രം രചിക്കുകയായിരുന്നു. എല്ലാ ഗൾഫ് രാജ്യങ്ങളിൽ നിന്നും ക്ഷണം കിട്ടി സലീമിന്. പുറമെ മലേഷ്യയിലും ഗാനമേള നടത്താൻ അവസരം കിട്ടി. പുതുവർഷാരംഭത്തിൽ സലീം പുറത്തിറക്കിയ റൂഹിൽ പതിഞ്ഞ നിലാവ് എന്ന ആൽബം ഏറെ ശ്രദ്ധിക്കപ്പെട്ടു.
പൊന്നാനി പുറങ്ങിൽ നിന്നാണ് സലീം കല്യാണം കഴിച്ചത്. കലയോടും സംഗീതത്തോടും താൽപര്യമുള്ള സുമീറ, ജീവിതത്തിലേക്ക് കടന്നുവന്നതോടെ പാട്ടെഴുത്തും പാട്ടുപ്രോഗ്രാമുകളും കൂടുതൽ സജീവമായി. മികച്ച മാപ്പിളപ്പാട്ട് ഗായകനുള്ള കേരള മാപ്പിള കലാ അക്കാദമി പുരസ്‌കാരം 2014 ൽ സലീം കോടത്തൂരിന് ലഭിച്ചു. മകൻ സിനാൻ അസ്സബാഹ് കോളേജിൽ ഡിഗ്രിക്കും മകൾ സന പാലപ്പെട്ടി സ്‌കൂളിൽ പത്താം ക്ലാസിലും പഠിക്കുന്നു. സിനാൻ സലീം മികച്ച ഗായകനാണ്. പ്രത്യേകിച്ചും ഹിന്ദി, തമിഴ് ഹിറ്റുകൾ മനോഹരമായി ആലപിക്കാൻ മിടുക്കനായ കലാകാരൻ. മൂന്നാമത്തെ മകളായി ജനിച്ച ഹന്നയാണ് സലീംസുമീറ ദമ്പതികളുടെ ജീവിതത്തിലേക്ക് സന്തോഷമായി ഹന്ന എത്തിയത്.
ഗർഭകാലത്ത് ഡോക്ടർമാരുൾപ്പെടെ പലരും പറഞ്ഞു: ഈ കുട്ടി ജനിക്കില്ല, പിന്നീട് അവർ പറഞ്ഞു: ജനിച്ചാലും ജീവിക്കാൻ പ്രയാസമാണ്. ഒടുവിൽ കേട്ടു: ജീവിച്ചാലും ഏറെ കഷ്ടപ്പെട്ടാണ് കുട്ടിക്ക് കഴിയേണ്ടി വരിക. 


മാസം തികഞ്ഞുതന്നെയാണ് ഹന്നയെ പ്രസവിച്ചത്. പക്ഷേ ഏഴാം മാസത്തിൽ അത് വരെ പറയാത്തൊരു കാര്യം ഡോക്ടർ പറഞ്ഞിരുന്നു: കുഞ്ഞിന് മതിയായ ഭാരമില്ല. ആവശ്യമായ പ്രോട്ടീൻ സമ്പുഷ്ടമായ മരുന്നും മറ്റും കുറിച്ചു തന്നു. പ്രസവം നടന്നപ്പോൾ നിങ്ങളുടെ കുഞ്ഞിന് രണ്ടു വിരലുകളില്ല എന്ന് മാത്രമാണ് ഡോക്ടർ പറഞ്ഞത്. രണ്ടു വിരലുകളില്ലെങ്കിലും കുഴപ്പമില്ല എന്ന് സമാധാനിച്ചു. ഒടുവിൽ ആ കാഴ്ച കണ്ടു. 950 ഗ്രാം തൂക്കം മാത്രം. സാധാരണ കുഞ്ഞുങ്ങൾക്കുണ്ടാകുന്ന ശാരീരിക വളർച്ചയൊന്നുമില്ല. ശ്വാസമെടുക്കാൻ വെമ്പുന്ന ആ കുരുന്നിനെ കാൺകെ സലീം കരഞ്ഞു. പിന്നീടൊരിക്കലും അവൾക്ക് വേണ്ടി കരയേണ്ടി വന്നില്ലെന്ന് അല്ലാഹുവിൽ അചഞ്ചലമായ വിശ്വാസം അരക്കിട്ടുറപ്പിച്ച് സലീം പറയുന്നു. ഉള്ളം കൈയിന്റെ വട്ടത്തിലൊതുങ്ങുന്ന കുഞ്ഞുജീവൻ. കരച്ചിലിന്റെ സ്ഥാനത്ത് ഒരു ഞെരങ്ങൽ മാത്രം. നോർമൽ കുട്ടിയെന്ന നിലയിലേക്ക് അവളെ തിരികെ കൊണ്ടുവരാൻ സലീമും സുമീറയും 
നിരന്തരശ്രമങ്ങളാണ് നടത്തിയത്. കുറവുകളുള്ള കുട്ടിയെന്ന് പലരും വിളിച്ചപ്പോൾ, മികവ് ഏറെയുള്ള കുട്ടിയാണ് തന്റെ ഈ കുഞ്ഞുമാലാഖയെന്ന് സലീം കോടത്തൂർ അതേ ആളുകളെക്കൊണ്ട് തിരിച്ചുപറയിച്ചു. അത്രയും നിശ്ചയദാർഢ്യമുണ്ടായിരുന്നു ആ ബാപ്പയ്ക്ക്. രക്ഷിതാക്കളുടെ ക്ഷമയും സ്‌നേഹവും കരുതലും ഹന്നമോളുടെ പുഞ്ചിരിയായി വിരിഞ്ഞു. വളർച്ചയുടെ ഓരോ ഘട്ടത്തിലും എല്ലാവരേയും അദ്ഭുതപ്പെടുത്തി കൂടുതൽ ഐ. ക്യു പ്രകടിപ്പിക്കുന്ന അസാധാരണ ബുദ്ധിയുള്ള ബാലികയായി ഹന്ന വളർന്നു. 
 എന്റേയും സുമീറയുടേയും ജീവിതത്തിലേക്ക് പടച്ചവൻ കൊണ്ടു വന്ന മൂന്നാമത്തെ നിധിയാണിത്.


നടൻ ദിലീപ്, ഹന്നയെ ആദരിക്കുന്നു. സലീം കോടത്തൂർ, നാദിർഷ, 
ജുനൈസ് ബാബു, ഡയാന ഹമീദ് സമീപം.


അപകർഷതാ ബോധം അകറ്റി ഹന്നയെ ഉയർത്തിക്കൊണ്ടുവരികയും സമൂഹത്തിന്റെ മുഖ്യധാരയിൽ അവൾക്കൊരു സ്ഥാനം നൽകുകയും ചെയ്യുന്നതിൽ സലീമിന്റെ ശ്രമങ്ങൾക്ക് നിരവധി സുഹൃത്തുക്കളും ആരാധകരും നാട്ടുകാരും പിന്തുണ നൽകി. പത്താം പിറന്നാളിന് മോളെക്കുറിച്ച് സലീം പോസ്റ്റ് ചെയ്ത ഒരു എഫ്.ബി കുറിപ്പ് കണ്ടാണ് ലോകമെമ്പാടുമുള്ള മലയാളികൾ ഹന്നമോളെ നെഞ്ചേറ്റിയതും തുടർച്ചയായി പരിപാടികളിലേക്ക് അവളേയും കൂട്ടിവരണമെന്ന് സലീമിനെ നിർബന്ധിച്ചതും. പലവേദികളിലും പതുക്കെപ്പതുക്കെ ഹന്നമോൾ പാടാൻ തുടങ്ങി. സഹതപിക്കുന്ന കണ്ണുകളിൽ സ്‌നേഹപ്പൂക്കൾ വിരിഞ്ഞു. വല്ലാത്തൊരു വാൽസല്യമാണ് ഹന്നമോളോട് ജനങ്ങൾ കാണിച്ചത്. സമൂഹമാധ്യമങ്ങൾ ഇക്കാര്യത്തിൽ വലിയ പങ്ക് വഹിച്ചു. ഓരോ പാട്ടിനും ആയിരങ്ങളുടെ ലൈക്കുകൾ. ഷെയറുകൾ, കമന്റുകൾ. 
ഇക്കഴിഞ്ഞ വ്യാഴാഴ്ച നടൻ ദിലീപ് മുഖ്യാതിഥിയായി എത്തിയ താരനിരയ്‌ക്കൊപ്പം ജിദ്ദ ഇക്വസ്ട്രിയൻ സ്‌റ്റേഡിയത്തിൽ ഗുഡ് ഹോപ് സംഘടിപ്പിച്ച സൗത്ത് ഇന്ത്യൻ മ്യൂസിക്കൽ നൈറ്റിലെ വേദിയിലും ഹന്നമോളുടെ സാന്നിധ്യം ജിദ്ദാ പ്രവാസികളിൽ ആവേശം നിറച്ചു. ദിലീപിനെ കാണണമെന്ന നാലുവർഷം മുമ്പത്തെ അവളുടെ ആശയാണ് ഇതോടെ സഫലമായത്. ഹന്നയെ എടുത്തുയർത്തി വാൽസല്യത്തോടെ തോളിൽ വെച്ചാണ് ദിലീപ് അവൾക്കുള്ള 'ഗുഡ്‌ഹോപ്' പുരസ്‌കാരം കൈമാറിയത്. ചെയർമാൻ ജുനൈസ് ബാബു അതിഥികളെ പരിചയപ്പെടുത്തി. സലീമിനേയും സുമീറയേയും ഹന്നയേയും സ്‌റ്റേജിലേക്ക് വിളിച്ചപ്പോൾ പ്രേക്ഷകർ ഏറെ സ്‌നേഹവാൽസല്യങ്ങളോടെയാണ് പ്രതികരണമറിയിച്ചത്. മഴവിൽ മനോരമയുടേയും കൈരളിയുടേയും പരിപാടികളിൽ പങ്കെടുത്തിട്ടുള്ള ഹന്നയ്ക്ക് ഫീനിക്‌സ് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. കൈരളി ചെയർമാൻ കൂടിയായ മമ്മൂട്ടിയാണ് ഹന്നയ്ക്ക് ഈ ഉപഹാരം നൽകിയിരുന്നത്.
റിയാദിൽ ബഷീർ കരോളത്തിന്റെ നേതൃത്വത്തിൽ എത്തിയ സലീം കോടത്തൂരിനും ഹന്നമോൾക്കും സൗദിയിൽ പാടാൻ അവസരം ഒരുക്കിയത് ജിദ്ദ ബഖാല കൂട്ടായ്മയും പാട്ടുകൂട്ടവും വേൾഡ് മലയാളി ഫെഡറേഷനും റിയാദ് ടാക്കീസുമായിരുന്നു.

Latest News