എനിക്ക് ഒരു കിഡ്‌നിയെ ഉള്ളു, എന്നിട്ടും ഞാന്‍ ഇവിടെ വരെയെത്തി- തുറന്ന് പറഞ്ഞ് അഞ്ജു

തിരുവനന്തപുരം- ഒളിംപിക് ഫൈനലില്‍ മെഡല്‍ നഷ്ടമായത് തലകറങ്ങി വീണതുകൊണ്ടാണെന്ന് മുന്‍ ലോംഗ് ജംപ് താരം അഞ്ജു ബോബി ജോര്‍ജ്. ഫൈനലിന്റെ തലേ ദിവസം ഏഴ് മീറ്ററാണ് ഞാന്‍ ചാടിയത്. ആ ദൂരം പിന്നിട്ടാല്‍ മെഡല്‍ ഉറപ്പായിരുന്നു. മത്സരത്തിന് മുന്‍പ് കുടുംബക്കാരൊക്കെ അവിടെ വന്നു. അവരെ കണ്ടതും തല കറങ്ങും പോലെ തോന്നി. കണ്ണിലൊക്കെ ഇരുട്ട് കയറി. ഞാന്‍ ഓടുന്നില്ലെന്ന് പറഞ്ഞു. പക്ഷേ ബോബി സമ്മതിച്ചില്ല. ഒളിമ്പിക്‌സ് ഫൈനല്‍ ആണ് ഓടിയെ പറ്റുള്ളൂ എന്ന് ബോബി പറഞ്ഞു. തിരുവനന്തപുരത്ത് അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

മത്സരത്തിനായി ഒരുങ്ങി. ചാടിയതെ ഓര്‍മ്മയുള്ളൂ, തല കറങ്ങിയാണ് വീണത്. 6.83 മീറ്ററാണ് ചാടിയത്. അത് ഇന്നും ദേശീയ റെക്കോഡ് ആണ്. മര്യാദക്ക് അന്ന് ചാടിയിരുന്നേല്‍ ഗോള്‍ഡ് ആണ്.
എന്റെ ആരോഗ്യസ്ഥിതി വെച്ച് നോക്കുകയാണെങ്കില്‍ ഒരു ജില്ലാ ചാമ്പ്യന്‍ പോലും ആകില്ല. ജന്മനാ എനിക്ക് ഒരു കിഡ്‌നിയെ ഉള്ളു. പൊടി അലര്‍ജിയുണ്ട്. 2003 ലെ ലോക ചാമ്പ്യന്‍ഷിപ്പ് കഴിഞ്ഞ് ഏഥന്‍സ് ഒളിംപിക്‌സിന് പോകുമ്പോള്‍ എല്ലാവരും മെഡല്‍ ഉറപ്പിച്ചിരുന്നു. ഏഥന്‍സില്‍ വെച്ച് പൊടിക്കാറ്റ് വന്നു. ജപ്പാന്‍കാരൊക്കെ മാസ്‌ക് വെച്ചു. ഞങ്ങളൊക്കെ ഇത് കണ്ട് ചിരിച്ചു- അഞ്ജു പറഞ്ഞു.

 

Latest News