VIDEO മുഹമ്മദ് സിറാജും ഉംറാന്‍ മാലിക്കും തിലകം നിരസിച്ചു, വിദ്വേഷ പ്രചാരണവുമായി സംഘ്പരിവാര്‍

ന്യൂദല്‍ഹി- ഇന്ത്യന്‍ ക്രിക്കറ്റര്‍മാരായ മുഹമ്മദ് സിറാജും ഉംറാന്‍ മാലിക്കും നെറ്റിയില്‍ തിലകം ചാര്‍ത്താന്‍ അനുവദിക്കാത്ത വീഡിയോ വൈറാലാക്കി സംഘ്പരിവാര്‍ വിദ്വേഷം. ഇവര്‍ ഇന്ത്യന്‍ ടീം അംഗങ്ങളാണെന്നും പാകിസ്ഥാന്‍ ടീം അംഗങ്ങളല്ലെന്നുമാണ് സംഘ്പരിവര്‍ വിദ്വേഷപ്രചാരകരുടെ വാദം.
ഓസ്‌ട്രേലിയക്കെതിരായ നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി നാഗ്പൂരില്‍ എത്തിയപ്പോള്‍ ഹോട്ടല്‍ റിസപ്ഷനില്‍
നല്‍കിയ സ്വീകരണത്തിലാണ് മുസ്ലിം ഫാസ്റ്റ് ബൗളര്‍മാരായ മുഹമ്മദ് സിറാജും ഉംറാന്‍ മാലിക്കും നെറ്റിയില്‍ തിലകം ചാര്‍ത്താന്‍ വിസമ്മതിച്ചത്.  താരങ്ങളുടെ സ്വന്തം തീരുമാനമാണെന്ന കാര്യം അംഗീകരിക്കാതെയാണ് വിദ്വേഷ കൊടുങ്കാറ്റഴിച്ചുവിടുന്നത്.

ഒരു ലക്ഷത്തോളം പേര്‍ കണ്ട വീഡിയോ  വൈറലായിക്കഴിഞ്ഞു. ഹെഡ് കോച്ചും മുന്‍ ക്രിക്കറ്റ് താരവുമായ രാഹുല്‍ ദ്രാവിഡിനൊപ്പം ഹോട്ടല്‍ ജീവനക്കാര്‍ കളിക്കാരെ നെറ്റിയില്‍ തിലകം ചാര്‍ത്തി സ്വാഗതം ചെയ്യുന്നതാണ് വീഡിയോ. സിറാജിന്റെ ഊഴമെത്തിയപ്പോള്‍ വിനയപൂര്‍വം നിരസിച്ചു. അതുപോലെ ഉംറാന്‍ മാലിക്കും.

അതിഥികളെ സ്വാഗതം ചെയ്യുന്നതിനുള്ള പരമ്പരാഗതമായി ഹിന്ദു, ജൈന ആചാരമാണ് തിലകം ചാര്‍ത്തല്‍. അന്‍വേഷ്‌ക ദാസ് പോസ്റ്റ് ചെയ്ത വീഡിയോ സംഘ് പരിവാര്‍ വൃത്തങ്ങളില്‍ വലിയ പ്രതികരണമാണ് സൃഷ്ടിച്ചത്. അല്‍ഗോരിതത്തില്‍ വീഡിയോയ്ക്ക് ആക്കം കൂട്ടുന്നതിനായി #RipLegend ഉള്‍പ്പെടെ  നിരവധി ട്രെന്‍ഡിംഗ് ഹാഷ്ടാഗുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

തിലകം നിരസിച്ചവരില്‍ മറ്റ് രണ്ട് പേര്‍ കൂടി ഉണ്ടെങ്കിലും, സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പൂര്‍ണ്ണമായും മുസ്ലിം ക്രിക്കറ്റ് താരങ്ങളെയാണ് ലക്ഷ്യമിടുന്നത്.   താരങ്ങളുടെ  നടപടി വര്‍ഗീയതക്കായി ഉപയോഗിക്കരുതെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ രംഗത്തുവന്നു.
വലതുപക്ഷ വാര്‍ത്താ ചാനലായ സുദര്‍ശന്‍ ടിവിയുടെ എഡിറ്റര്‍ഇന്‍ചീഫ് സുരേഷ് ചാവാന്‍കെ ഉണരുക എന്നര്‍ഥം വരുന്ന  'ജാഗോ' എന്ന ഹാഷ്ടാഗോടെയാണ് വീഡിയോ ട്വീറ്റ് ചെയ്തത്.

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News