Sorry, you need to enable JavaScript to visit this website.

വിനിസിയൂസിന് ഇരട്ട സന്തോഷം

മഡ്രീഡ് - സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മഡ്രീഡ് 2-0 ന് വലന്‍സിയയെ തോല്‍പിച്ചു. രണ്ടു മിനിറ്റിനിടെ മാര്‍ക്കൊ അസന്‍സിയോയും (52ാം മിനിറ്റ്) വിനിസിയൂസ് ജൂനിയറും (54) നേടിയ ഗോളുകളാണ് റയലിനെ വിജയവഴിയില്‍ തിരിച്ചെത്തി. എഴുപത്തിരണ്ടാം മിനിറ്റില്‍ ഗബ്രിയേല്‍ പോളിസ്റ്റയുടെ മാരകമായ ഫൗളില്‍ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടത് വിനിസിയൂസിന് ഇരട്ട സന്തോഷമായി. അതെത്തുടര്‍ന്നുണ്ടായ കശപിശയില്‍ പോളിസ്റ്റ ചുവപ്പ് കാര്‍ഡ് കണ്ടു. 
തന്നെ കടന്നുപോയ വിനിസിയൂസിന്റെ കാലിന് പോളിസ്റ്റ ശക്തമായി ചവിട്ടുകയായിരുന്നു. ബ്രസീലുകാരന്‍ ചാടിയെഴുന്നേറ്റ് പോളിസ്റ്റയെ നേരിട്ടു. മറ്റു കളിക്കാരും ഓടിക്കൂടി. കശപിശയില്‍ പോളിസ്റ്റയും നിലംപതിച്ചു. ചുവപ്പ് കാര്‍ഡ് കണ്ട് ഗ്രൗണ്ട് വിട്ട പോളിസ്റ്റയെ റയല്‍ താരം എഡര്‍ മിലിറ്റാവോയും അടിക്കാനോങ്ങി. പരിക്കേറ്റ മിലിറ്റാവോയെയും കരീം ബെന്‍സീമയെയും നേരത്തെ റയല്‍ പിന്‍വലിച്ചിരുന്നു.  പോളിസ്റ്റയെ വലന്‍സിയ കോച്ച് വോറൊ ഗോണ്‍സാലസും ന്യായീകരിച്ചില്ല.
കഴിഞ്ഞയാഴ്ച അത്‌ലറ്റിക്കൊ മഡ്രീഡിനെതിരായ മത്സരത്തിന് മുമ്പ് വിനിസിയൂസിന്റെ കൂറ്റന്‍ രൂപം വംശവെറിയന്മാര്‍ ഒരു പാലത്തിനു മുകളില്‍ കെട്ടിത്തൂക്കിയത് വന്‍ വിവാദമായിരുന്നു. 
ഡ്രിബഌംഗില്‍ മിടുക്കനായ വിനിസിയൂസിന് ചവിട്ട് കിട്ടുന്നത് പതിവാണെന്ന് റയല്‍ ഗോള്‍കീപ്പര്‍ തിബൊ കോര്‍ടവ ചൂണ്ടിക്കാട്ടി. വലന്‍സിയക്കെതിരായ ജയത്തോടെ ബാഴ്‌സലോണക്ക് അഞ്ച് പോയന്റ് പിന്നിലെത്തി റയല്‍. വലന്‍സിയ അവസാന 11 ലീഗ് മത്സരങ്ങളില്‍ ഒരെണ്ണമാണ് ജയിച്ചത്. കോച്ച് ജെന്നാരൊ ഗട്ടൂസോയെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. 

Latest News