Sorry, you need to enable JavaScript to visit this website.

എന്താണ് നോറോ വൈറസ്? രോഗലക്ഷണങ്ങളും മുൻകരുതലുകളും

കൽപ്പറ്റ - സംസ്ഥാനത്ത് കൊച്ചിയിലെ സ്‌കൂളിനു പിന്നാലെ വയനാട് ലക്കിടിയിലെ ഒരു സ്‌കൂളിലും നോറോ വൈറസ് സ്ഥിരീകരിച്ചിരിക്കുകയാണ്. സ്‌കൂളിലെ കുടിവെള്ള സ്രോതസ്സിൽനിന്നാണ് വൈറസ് ബാധയുണ്ടായതെന്നാണ് ആരോഗ്യവകുപ്പ് വൃത്തങ്ങൾ നൽകിയ വിവരം. എന്താണ് നോറോ വൈറസ് എന്നു നോക്കാം. ആരോഗ്യ വിദഗ്ധർ നൽകുന്ന മറുപടി ഇങ്ങനെ:

 ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകൾ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛർദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരിൽ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

രോഗം പകരുന്നതെങ്ങനെ?
നോറോ വൈറസ് ഒരു ജന്തുജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗം പടരും. രോഗ ബാധിതനായ ആളിന്റെ വിസർജ്യം വഴിയും ഛർദ്ദി് വഴിയും വൈറസ് പടരും. വളരെപ്പെട്ടന്ന് രോഗം പകരുന്നതിനാൽ വളരെയേറെ ശ്രദ്ധിക്കണം.

രോഗ ലക്ഷണങ്ങൾ...
വയറിളക്കം, വയറുവേദന, ഛർദ്ദി, മനംമറിച്ചിൽ, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗലക്ഷണങ്ങൾ. ഛർദ്ദി, വയറിളക്കം എന്നിവ മൂർച്ഛിച്ചാൽ നിർജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും. ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

രോഗബാധിതർ എന്ത് ചെയ്യണം?
വൈറസ് ബാധിതർ ഡോക്ടറുടെ നിർദേശാനുസരണം വീട്ടിലിരുന്ന് വിശ്രമിക്കണം. ഒ.ആർ.എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കണം. ആവശ്യമെങ്കിൽ ചികിത്സ ലഭ്യമാക്കണം. രോഗം മാറി രണ്ട് ദിവസം വരെ വൈറസ് പടരാൻ സാധ്യതയുള്ളതിനാൽ രണ്ടുദിവസം കഴിഞ്ഞ് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

- പരിസര ശുചിത്വവും വ്യക്തിശുചിത്വവും ഏറെ പ്രധാനമാണ്.
- ആഹാരത്തിനു മുമ്പും ടോയ്‌ലെറ്റിൽ പോയതിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകണം.
- മൃഗങ്ങളുമായി ഇടപഴകുന്നവർ പ്രത്യേകം ശ്രദ്ധിക്കണം.
- കുടിവെള്ള സ്രോതസുകൾ, കിണർ വെള്ളം ശേഖരിച്ച ടാങ്കുകൾ തുടങ്ങിയവ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക.
- വീട്ടാവശ്യങ്ങൾ് ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക.
- തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക.
- പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
- പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണ പദാർത്ഥങ്ങൾ ഉപയോഗിക്കാതിരിക്കുക.
- കടൽ മത്സ്യങ്ങളും, ഞണ്ട്, കക്ക തുടങ്ങിയ ഷെൽഫിഷുകളും നന്നായി പാകം ചെയ്തതിനുശേഷം മാത്രം കഴിക്കുക.

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

വയനാട്ടിൽ 98 വിദ്യാർത്ഥികൾക്ക് നോറോ വൈറസ്

- രോഗപ്പകർച്ച സ്‌കൂളിലെ കുടിവെള്ള സ്രോതസിൽ നിന്ന്
കൽപ്പറ്റ - കൊച്ചിക്കു പിന്നാലെ വയനാട്ടിലും നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. ലക്കിടി നവോദയ വിദ്യാലയത്തിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സ്‌കൂളിലെ 98 വിദ്യാർത്ഥികൾ ചികിത്സയിലാണ്. 
 സ്‌കൂളിലേക്കുള്ള കുടിവെള്ള സ്രോതസിൽ നിന്നാണ് രോഗം പകർന്നത്. ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിൾ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. കടുത്ത ഛർദ്ദി, വയറിളക്കം തുടങ്ങിയവയാണ് ഇതിന്റെ രോഗലക്ഷണം. ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ നോറോ വൈറസ് ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്. 
 മലിന ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും രോഗബാധിതരുമായുള്ള സമ്പർക്കത്തിലൂടെയും രോഗം പടരാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. നേരത്തെ കൊച്ചി കാക്കനാട്ടെ സ്‌കൂളിലെ ഒന്നാം ക്ലാസിലെ 19 വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും രോഗബാധയുണ്ടായിരുന്നു.

Latest News