ഹജ്: രണ്ടാം ഗഡു അടക്കാനുള്ള സമയം അവസാനിച്ചു; പുതിയ ബുക്കിംഗ് നടത്താം

മക്ക - ആഭ്യന്തര തീര്‍ഥാടകര്‍ തെരഞ്ഞെടുത്ത ഹജ് പാക്കേജ് പ്രകാരമുള്ള തുകയുടെ രണ്ടാം ഗഡു അടക്കാനുള്ള സമയം അവസാനിച്ചതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. നിശ്ചിത സമയത്തിനകം രണ്ടാം ഗഡു അടക്കാത്തവരുടെ ഹജ് ബുക്കിംഗ് റദ്ദായി. തുക അടക്കാനുള്ള അവസാന ദിവസം റജബ് ഏഴ് ആയിരുന്നു. മൂന്നാം ഗഡു അടക്കാനുള്ള സാവകാശം ശവ്വാല്‍ പത്തു വരെ തുടരും. റജബ് നാലു മുതല്‍ ഹജ് പാക്കേജ് നിരക്ക് ഗഡുക്കളായി അടക്കാനുള്ള ഓപ്ഷന്‍ ഇല്ലാതായി.
രണ്ടാം ഗഡു അടക്കാത്തതു മൂലം ഹജ് ബുക്കിംഗ് റദ്ദായവര്‍ക്ക് ലഭ്യമായ സീറ്റുകള്‍ക്കനുസരിച്ച് വീണ്ടും പുതിയ ബുക്കിംഗ് നടത്താന്‍ സാധിക്കും. വിവിധ പാക്കേജുകളില്‍ ബാക്കിയാകുന്ന സീറ്റുകള്‍ക്കനുസരിച്ച് ദുല്‍ഹജ് ഏഴു വരെ ഹജ്, ഉംറ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റും നുസുക് ആപ്പും വഴി ഹജ് ബുക്കിംഗ് നടത്താന്‍ സാധിക്കും. ഹജ് പാക്കേജ് നിരക്ക് അടക്കുകയും ബുക്കിംഗ് നടപടികള്‍ പൂര്‍ത്തിയാവുകയും ചെയ്യുന്ന പക്ഷം ആഭ്യന്തര മന്ത്രാലയം ഹജ് പെര്‍മിറ്റ് അനുവദിക്കും. ശവ്വാല്‍ പതിനഞ്ചു മുതല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍ വഴി അപേക്ഷകര്‍ ഹജ് പെര്‍മിറ്റിന്റെ പ്രിന്റൗട്ട് എടുക്കണം. ഹജ് പെര്‍മിറ്റ് നമ്പര്‍ അപേക്ഷകര്‍ക്ക് എസ്.എം.എസ്സ് ആയി ലഭിക്കും. ഹജ് ബുക്കിംഗ് റദ്ദാക്കാന്‍ ആഗ്രഹിക്കുന്ന പക്ഷം ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ആഭ്യന്തര ഹജ് തീര്‍ഥാടകര്‍ക്കുള്ള ഇ-ട്രാക്കിന്റെ മെയിന്‍ പേജില്‍ ലഭ്യമാണെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News