ഇന്ത്യന്‍ സംസ്‌കാരത്തില്‍ ഭാര്യയെ അഞ്ച് പേര്‍ക്ക് പങ്കിടാം, ബംഗാള്‍ നേതാവിന്റെ പരാമര്‍ശം വിവാദമായി

കൊല്‍ക്കത്ത- ഇന്ത്യന്‍ സംസ്‌കാരത്തില്‍ ഒരു ഭാര്യയെ അഞ്ച് പുരുഷന്മാര്‍ക്ക് വരെ പങ്കിടാമെന്ന തൃണമൂല്‍ കോണ്‍ഗ്രസ് നിയമസഭാംഗം മദന്‍ മിത്രയുടെ പരാമര്‍ശം വിവാദമായി. മഹാഭാരതത്തിലെ ദ്രൗപദിയെയും അഞ്ച് ഭര്‍ത്താക്കന്മാരെയും പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ടാണ് മദന്‍ മിത്രയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം.  
പശ്ചിമ ബംഗാളില്‍ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നത് അവലോകനം ചെയ്യാനെത്തിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഫീല്‍ഡ് ഇന്‍സ്‌പെക്ഷന്‍ ടീം നടത്തിയ കണ്ടെത്തല്‍ പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് വ്യക്തികള്‍ക്ക് അനുവദിച്ച കൂലി ഏഴ് പാചക സഹായികള്‍ക്ക് തുല്യമായി വിതരണം ചെയ്ത കൃത്രിമമാണ് സംഘം കണ്ടെത്തിയത്.
മിത്രയുടെ വിവാദ പരാമര്‍ശത്തിനെതിരെ  ബി.ജെ.പിയില്‍ നിന്നും സ്വന്തം പാര്‍ട്ടിയില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഭരണകക്ഷിക്ക് സ്ത്രീകളോട് യാതൊരു ബഹുമാനവും ഇല്ലെന്ന് തെളിയിക്കുന്നതാണ് ഈ പ്രസ്താവനയെന്ന്
ഫാഷന്‍ ഡിസൈനറും രാഷ്ട്രീയ നേതാവുമായ അസന്‍സോള്‍ (സൗത്ത്) നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി അംഗം അഗ്‌നിമിത്ര  കുറ്റപ്പെടുത്തി.  
തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ പട്ടികയില്‍ ബലാത്സംഗക്കേസുകളിലും പീഡനക്കേസുകളിലും പ്രതികളായ നിരവധി പേരുണ്ടാകാന്‍ കാരണം ഇതാണെന്നും  അവര്‍ പറഞ്ഞു.
മിത്രയുടെ പരാമര്‍ശം സ്വന്തം പാര്‍ട്ടിയില്‍ നിന്നും രൂക്ഷമായ പ്രതികരണങ്ങള്‍ ക്ഷണിച്ചുവരുത്തി. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണമായിരുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി വക്താവുമായ കുനാല്‍ ഘോഷ് പറഞ്ഞു.
മദന്‍ മിത്രയുടെ അഭിപ്രായത്തെ ശക്തമായി അപലപിക്കുന്നു. ഏതൊരു പൊതു പ്രസ്താവന നടത്തുമ്പോഴും ഓരോ വ്യക്തിയും വാക്കുകള്‍ തിരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കണം. ഇന്ത്യയുടെ മഹത്തായ ഇതിഹാസത്തെക്കുറിച്ചുള്ള യുക്തിരഹിതമായ പരാമര്‍ശം ഒരിക്കലും അംഗീകരിക്കാനാവില്ല- ഘോഷ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News