സര്‍ജറിക്കിടെ അവയവങ്ങള്‍ മോഷ്ടിച്ചുവെന്ന് ആരോപണം, 15 കാരിയുടെ മരണത്തില്‍ പോലീസ് അന്വേഷണം

ന്യൂദല്‍ഹി- ദേശീയ തലസ്ഥാനത്ത് ആശുപത്രിയില്‍ ശസ്ത്രകിയക്കിടെ  പെണ്‍കുട്ടിയുടെ അവയവങ്ങള്‍ മോഷ്ടിച്ചുവെന്ന് ആരോപണം. അവയവങ്ങള്‍ നീക്കം ചെയ്ത പതിനഞ്ചുകാരിയുടെ ശരീരം പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞുവെന്നും ഇതാണ് മരണ കാരണമെന്നും വീട്ടുകാര്‍ ആരോപിച്ചു. ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ദല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഈ ആരോപണങ്ങള്‍ ശരിയാണോ അല്ലയോ എന്ന് വ്യക്തമാകൂയെന്ന്  പോലീസ് പറഞ്ഞു. ജനുവരി 21നാണ് കുടല്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജനുവരി 24 ന് ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍ നടത്തിയെങ്കിലും ജനുവരി 26 ന് മരിച്ചുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അതേസമയം, പരാതിയൊന്നും ഉന്നയിക്കാതെയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയതെന്ന് ദല്‍ഹി നോര്‍ത്ത് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍  സാഗര്‍ സിംഗ് കല്‍സി പറഞ്ഞു. സംസ്‌കാര ചടങ്ങുകള്‍ക്ക് തയ്യാറെടുക്കുമ്പോഴാണ് കുടുംബം സംശയം ഉന്നയിച്ചതെന്ന് കല്‍സി പറഞ്ഞു.
പരാതിയെ തുടര്‍ന്ന്, ലോക്കല്‍ പോലീസ് സംഘം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചിരിക്കയാണ്.
എംസിഡി നടത്തുന്ന ഹിന്ദു റാവു ആശുപത്രിയില്‍ ജനുവരി 26 നാണ് പെണ്‍കുട്ടി മരിച്ചത്. അതിനിടെ, പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ദല്‍ഹി പോലീസ് ഡല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വയറ്റില്‍ ചില സുഷിരങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി അവയവങ്ങള്‍ നീക്കം ചെയ്തതായാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അവകാശപ്പെടുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News