VIDEO രണ്ട് മുസ്ലിം കുട്ടികളെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു: മൂന്ന് പേര്‍ അറസ്റ്റില്‍

ബരാബങ്കി- ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയിലെ രണ്ട് മുസ്ലിം കുട്ടികളെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ച കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഖസ്പരിയ ഗ്രാമത്തില്‍ നടന്ന സംഭവത്തില്‍  ഒരു പിതാവിനെയും മക്കളെയുമാണ് അറസ്റ്റ് ചെയ്തത്.   
ജനുവരി 29 നാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. കുട്ടികളായ ഷദാബും ഷക്കീലും തങ്ങളുടെ ആടുകള്‍ക്ക് തീറ്റ ശേഖരിക്കാന്‍ ഗ്രാമത്തിലേക്ക് പോയതായിരുന്നു. വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവരെ ത്രിലോകിയും മക്കളായ സോനുവും സൂരജും ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി മരത്തില്‍ കെട്ടിയിട്ട് വടികൊണ്ട് അടിച്ചു. സംഭവത്തിന്റെ  വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായിരിക്കുകയാണ്. ഭയന്ന് വിറക്കന്നതായി വീഡിയോയില്‍ കാണുന്ന കുട്ടികളെ അധിക്ഷേപിക്കുന്നുമുണ്ട്.
സമീപവാസികളാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.  പിതാവ് മജ്ബുള്ളയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹമെത്തിയാണ്  സംഭവസ്ഥലത്തെത്തി കുട്ടികളെ വീട്ടിലേക്ക് കൂട്ടികൊണ്ടു പോയത്.
അന്യായമായി തടഞ്ഞുവെച്ചിതനും ഭീഷണിപ്പെടുത്തിയതിനും മര്‍ദിച്ചതിനും ഇന്ത്യന്‍ ശിക്ഷാ നിമയത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്.
പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യപ്പെടുത്തിയതിനാലാണ് കുട്ടികളെ മര്‍ദിച്ചതെന്ന്  ത്രിലോകി പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി. അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

 

Latest News