മനാമ - ബഹ്റൈനും ഖത്തറിനും ഇടയിലുള്ള വിമാനങ്ങൾ 2017 ന് ശേഷം ആദ്യമായി പുനരാരംഭിക്കുമെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രി മുഹമ്മദ് അൽ കാബി പറഞ്ഞു. ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങളിലെയും സിവിൽ ഏവിയേഷൻ അധികാരികൾ തമ്മിൽ ധാരണയിലെത്തിയതായും പാർലമെന്റിന്റെ പ്രതിവാര സമ്മേളനത്തിൽ അദ്ദേഹം എം.പിമാരോട് പറഞ്ഞു.
ഇത് ഒരു ഷെഡ്യൂളിംഗ് മാത്രമാണെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനം വരേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയ കാര്യം മന്ത്രി സ്ഥിരീകരിച്ചു.
ഇരു രാജ്യങ്ങളിലെയും പൗരന്മാരുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിന് ഖത്തറുമായി തീർപ്പാക്കാത്ത എല്ലാ പ്രശ്നങ്ങളും പരിഹരിക്കേണ്ടതിന്റെ ആവശ്യകത ഹമദ് രാജാവ് ഊന്നിപ്പറഞ്ഞു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും ഖത്തർ അമീർ ഷെയ്ഖ് തമീൻ ബിൻ ഹമദ് അൽ താനിയും തമ്മിൽ കഴിഞ്ഞയാഴ്ച ഫോണിൽ സംഭാഷണം നടത്തിയിരുന്നു.
ബോസ്നിയ ആൻഡ് ഹെർസഗോവിനയുമായി ബഹ്റൈൻ സർക്കാർ തയ്യാറാക്കിയ വ്യോമയാന കരാറിന് എം.പിമാർ ഏകകണ്ഠമായി അംഗീകാരം നൽകിയ സാഹചര്യത്തിലാണ് മന്ത്രി ഖത്തറുമായുള്ള വിമാന സർവീസിന്റെ കാര്യവും പറഞ്ഞത്.ഇറാഖ്, സിറിയ, ഇറാൻ എന്നിവിടങ്ങളിലേക്ക് വീണ്ടും സർവീസുകൾ ആരംഭിക്കണമെന്ന് എംം.പിമാർ നിർദ്ദേശിച്ചെങ്കിലും ഇതിനായി വിവിധ ഘടകങ്ങളുമായി ചർച്ച ആവശ്യമാണെന്ന് മന്ത്രി മന്ത്രി ചൂണ്ടിക്കാട്ടി.






