Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗജന്യ ട്രാന്‍സിറ്റ് വിസ സൗദിയെ ആഗോള വിനോദ സഞ്ചാര കേന്ദ്രമാക്കും - മന്ത്രി

അഹ്മദ് അല്‍ഖതീബ്

റിയാദ് - സൗദി വിമാന കമ്പനികളില്‍ യാത്ര ചെയ്യുന്ന വിദേശികള്‍ക്ക് സൗജന്യ ട്രാന്‍സിറ്റ് വിസ അനുവദിക്കുന്ന സേവനം സൗദി അറേബ്യയെ ആഗോള നിലവാരത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന് ടൂറിസം മന്ത്രി അഹ്മദ് അല്‍ഖതീബ് പറഞ്ഞു. ഉംറ നിര്‍വഹിക്കാനും ബിസിനസ് മീറ്റിംഗുകളില്‍ പങ്കെടുക്കാനും സുഹൃത്തുകളെ സന്ദര്‍ശിക്കാനും 96 മണിക്കൂര്‍ നേരത്തേക്ക് സൗദിയില്‍ പ്രവേശിക്കാന്‍ സന്ദര്‍ശകര്‍ക്കും ടൂറിസ്റ്റുകള്‍ക്കും സാധിക്കും. സൗദിയില്‍ ആസ്വാദ്യകരമായ നിമിഷങ്ങള്‍ ചെലവഴിക്കാന്‍ സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നതിന് സൗദി എയര്‍ലൈന്‍സുമായും ഫ്‌ളൈ നാസുമായും സഹകരിക്കാന്‍ ടൂറിസം മന്ത്രാലയം ആഗ്രഹിക്കുന്നതായും അഹ്മദ് അല്‍ഖതീബ് പറഞ്ഞു.
പുതിയ ട്രാന്‍സിറ്റ് വിസ സേവനത്തെ സൗദി ടൂറിസം അതോറിറ്റി സ്വാഗതം ചെയ്തു. സൗദിയയിലും ഫ്‌ളൈ നാസിലും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ 90 ദിവസ കാലാവധിയുള്ള സൗജന്യ ട്രാന്‍സിറ്റ് വിസക്കും അപേക്ഷിക്കാന്‍ സാധിക്കും. വിദേശ മന്ത്രാലയത്തിനു കീഴിലെ ഏകീകൃത വിസാ പ്ലാറ്റ്‌ഫോം വഴി തല്‍ക്ഷണം വിസകള്‍ അനുവദിച്ച് അപേക്ഷകരുടെ ഇ-മെയിലില്‍ വിസ അയച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. മൂന്നു മാസ കാലാവധിയുള്ള ഈ വിസയില്‍ പരമാവധി 96 മണിക്കൂര്‍ നേരമാണ് സൗദിയില്‍ തങ്ങാന്‍ കഴിയുക.
സൗദിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും പ്രകൃതി, കാലാവസ്ഥാ വൈവിധ്യം ആസ്വദിക്കാനും ചരിത്ര, പൈതൃക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും സൗദി സംസ്‌കാരം അടുത്തറിയാനും വിദേശികള്‍ക്ക് ട്രാന്‍സിറ്റ് വിസ അവസരമൊരുക്കും. നുസുക് പ്ലാറ്റ്‌ഫോം വഴി രജിസ്റ്റര്‍ ചെയ്ത് മുന്‍കൂട്ടി പെര്‍മിറ്റ് നേടി ഉംറ കര്‍മം നിര്‍വഹിക്കാനും ട്രാന്‍സിറ്റ് വിസയില്‍ രാജ്യത്ത് പ്രവേശിക്കുന്ന സന്ദര്‍ശകര്‍ക്ക് സാധിക്കും. ലോക ടൂറിസം ഭൂപടത്തില്‍ സ്ഥാനം മെച്ചപ്പെടുത്താനും ലോക രാജ്യങ്ങളില്‍ നിന്ന് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനും ഉംറ തീര്‍ഥാടകരുടെ വരവ് എളുപ്പമാക്കാനുമുള്ള സൗദി അറേബ്യയുടെ ശ്രമമാണ് പുതിയ ചുവടുവെപ്പ് സ്ഥിരീകരിക്കുന്നത്. സൗദി ടൂറിസം അതോറിറ്റി, ടൂറിസം മന്ത്രാലയം, വിദേശ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഹജ്, ഉംറ മന്ത്രാലയം, സൗദിയ, ഫ്‌ളൈ നാസ് എന്നിവ തമ്മിലുള്ള സംയോജനത്തിന്റെയും സഹകരണത്തിന്റെയും ഭാഗമായാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്.
2030 ഓടെ പ്രതിവര്‍ഷം 10 കോടിയിലേറെ വിദേശ സന്ദര്‍ശകരെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യം കൈവരിക്കാന്‍ പുതിയ വിസാ സേവനം സഹായിക്കുമെന്ന് സൗദി ടൂറിസം അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗവും എം.ഡിയുമായ ഫഹദ് ഹുമൈദുദ്ദീന്‍ പറഞ്ഞു. പുതിയ വിഭാഗം സന്ദര്‍ശകരെയും അന്താരാഷ്ട്ര യാത്രക്കാരെയും സൗദിയിലേക്ക് ആകര്‍ഷിക്കാനുമുള്ള ശ്രമങ്ങള്‍ക്ക് പുതിയ സേവനം കരുത്തുപകരുമെന്നും ഫഹദ് ഹുമൈദുദ്ദീന്‍ പറഞ്ഞു. സൗദിയില്‍ നടപ്പാക്കുന്ന ഡിജിറ്റല്‍ പരിവര്‍ത്തന പദ്ധതിയുടെ ഫലങ്ങളില്‍ ഒന്നാണ് പുതിയ സേവനമെന്ന് സൗദിയ സി.ഇ.ഒ ക്യാപ്റ്റന്‍ ഇബ്രാഹിം ബിന്‍ സല്‍മാന്‍ അല്‍കശി പറഞ്ഞു. ഉംറ തീര്‍ഥാടകരുടെയും ടൂറിസ്റ്റുകളുടെയും സൗദി അറേബ്യ സന്ദര്‍ശിക്കുന്ന വ്യവസായികളുടെയും എണ്ണം വര്‍ധിപ്പിക്കാന്‍ പുതിയ വിസാ സേവനം സഹായിക്കുമെന്ന് ഫ്‌ളൈ നാസ് സി.ഇ.ഒ ബന്ദര്‍ അല്‍മുഹന്ന പറഞ്ഞു. ട്രാന്‍സിറ്റ് വിസാ അപേക്ഷകള്‍ സ്വീകരിക്കാനുള്ള അധികാരം സൗദി വിമാന കമ്പനികള്‍ക്ക് നല്‍കിയത് സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവരുടെ വിസാ നടപടികള്‍ എളുപ്പമാക്കുന്നു. 2030 ഓടെ സൗദിയില്‍ പ്രതിവര്‍ഷ വിമാന യാത്രക്കാരുടെ എണ്ണം 33 കോടിയായും സൗദിയില്‍ നിന്ന് സര്‍വീസുകളുള്ള വിദേശ നഗരങ്ങളുടെ എണ്ണം 250 ആയും ഉയര്‍ത്താനുള്ള സിവില്‍ ഏവിയേഷന്‍ തന്ത്രവുമായി പുതിയ സേവനം ഒത്തുപോകുന്നതായും ബന്ദര്‍ അല്‍മുഹന്ന പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 

 

Latest News