അതിസമ്പന്നരുടെ പട്ടികയിലെ ആദ്യ പത്തില്‍ നിന്നും അദാനി പുറത്തായി

മുംബൈ- ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിന് പിറകെ ഗൗതം അദാനിക്ക് ഗതികിട്ടാത്ത അവസ്ഥ. ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ ആദ്യത്തെ പത്തില്‍ നിന്നും ഗൗതം അദാനി പുറത്തായി. ബ്ലൂംബെര്‍ഗിന്റെ കോടീശ്വരന്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനമുണ്ടായിരുന്ന അദാനി പതിനൊന്നിലേക്കാണ് ഇറങ്ങിയത്. 

മൂന്ന് ദിവസത്തിനിടെ 3400 കോടി ഡോളറിന്റെ നഷ്ടം വ്യക്തിപരമായി അദാനിക്കുണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏഷ്യയിലെ സമ്പന്നരില്‍ ഒന്നാമനെന്ന സ്ഥാനവും അദാനിക്ക് നഷ്ടപ്പെട്ടെക്കുമെന്നാണ് സൂചന. 

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ 844 കോടി ഡോളറിന്റെ ആസ്തിയുള്ള അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ വന്‍ ഇടിവാണ് സംഭവിച്ചത്. പുതിയ പട്ടിക പ്രകാരം മെക്സികന്‍ വ്യവസായി കാര്‍ലോസ് സ്ലിം, ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍, മൈക്രോ സോഫ്റ്റ് മുന്‍ സി. ഇ. ഒ സ്റ്റീവ് ബാല്‍മെര്‍ എന്നിവര്‍ക്ക് പിന്നിലാണ് ഇപ്പോള്‍ ഗൗതം അദാനി. ഇലോണ്‍ മസ്‌ക്, ജഫ് ബസോസ്, ബെര്‍നാള്‍ഡ് ആര്‍നോള്‍ട്ട് എന്നിവരാണ് പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനത്തുള്ളത്.

Latest News