Sorry, you need to enable JavaScript to visit this website.

ഡോ. പി.സി ഷാനവാസിന്റെ ദുരൂഹ മരണത്തിൽ അന്വേഷണം വേണമെന്ന് ഹരജി

കൊച്ചി- ആദിവാസി മേഖലയിലെ ആതുരസേവനം കൊണ്ട് ശ്രദ്ധേയനായ ഡോ. പി.സി ഷാനവാസിന്റെ ദുരൂഹ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടു സമർപ്പിച്ച ഹരജിയിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി. ആത്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ മറവിൽ ഷാനവാസിന്റെ സുഹൃത്തുക്കൾ നടത്തിയ സാമ്പത്തിക തട്ടിപ്പിനെകുറിച്ച്  അന്വേഷണം വേണമെന്നു ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ സെക്രട്ടറി മനോജ് കേദാരത്തിന്റെ ഹരജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് നിർദേശം നൽകിയത്. മനോജിനു വേണ്ടി അഡ്വ. സി.എം മുഹമ്മദ് ഇഖ്ബാൽ ഹാജരായി.
മരണസമയത്ത് കാറിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മമ്പാട് സ്വദേശി എ.കെ അനീഷ് സ്ത്രീപീഡനക്കേസിൽ 10 വർഷവും 3 മാസവും കഠിന തടവിന് ശിക്ഷിക്കപ്പെട്ടതും ഷാനവാസിന്റെ പേരിൽ ജീവകാരുണ്യ പ്രവർത്തനത്തിനെന്ന പേരിൽ സുഹൃത്തുക്കൾ ലക്ഷങ്ങൾ പിരിച്ചെടുത്തതുമടക്കമുള്ള ദുരൂഹതകളുണ്ടെന്നാണ് ആരോപണം. മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ സെക്രട്ടറി മനോജ് കേദാരം ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
2015 ഫെബ്രുവരി 13 ന് അർധരാത്രി കോഴിക്കോട്ടെ പാർട്ടിക്കു ശേഷം മൂന്നു സുഹൃത്തുക്കൾക്കൊപ്പം കാറിൽ നിലമ്പൂരിലേക്കു മടങ്ങുന്നതിനിടെയാണ് ഷാനവാസിന്റെ മരണം. നിലമ്പൂരിൽ നിന്നും പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴയിലേക്കും മൂന്നുമാസത്തിനിടെ ശിരുവാണിയിലേക്കും സ്ഥലം മാറ്റിയതിനെ തുടർന്നുള്ള മനോവേദനയിൽ അധികൃതർക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതിഷേധം രേഖപ്പെടുത്തി ഷാനവാസ് ജീവൻ വെടിഞ്ഞു എന്ന പ്രചാരണമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഷാനവാസിന്റെ മരണം ആത്മഹത്യയല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടെന്നു ഹരജിഭാഗം ആരോപിച്ചു. മദ്യത്തിന്റെ അംശവും ശ്വാസനാളത്തിൽ ഭക്ഷണാവശിഷ്ടങ്ങളും ഉള്ളതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. ഷാനവാസ് മരണപ്പെട്ടിട്ടും രണ്ടു മണിക്കൂർ നേരം ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ കാറോടിച്ചു പോവുകയും കുളിപ്പിച്ച് വസ്ത്രം മാറ്റി തൊട്ടടുത്ത നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിക്കാതെ എടവണ്ണയിലെ ക്ലിനിക്കിലെത്തിച്ചതിലും ദുരൂഹതയുണ്ട്. ഹരജി പിന്നീട് പരിഗണിക്കും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News