എസ്.ഐയുടെ വീട്ടില്‍ യുവാവിന്റെ ആത്മഹത്യ; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

ഹരിപ്പാട്- എസ് ഐയുടെ വീട്ടില്‍  യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍.   തൃക്കുന്നപ്പുഴ വലിയപറമ്പ് ആറ്റുവാത്തല ക്കല്‍ സഞ്ജീവന്‍  സഫിയ ദമ്പതികളുടെ മകന്‍ സൂരജാണ് (24) ആണ് മരിച്ചത്.  കനകക്കുന്ന് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ മുതുകുളം വടക്ക് ചേപ്പാട് കന്നിമ്മേല്‍  സാരംഗിയില്‍ സുരേഷിന്റെ വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ ആണ് സൂരജിന്റെ മൃതദേഹം കണ്ടത്.
 സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:  
കഴിഞ്ഞ ദിവസം രാത്രി സൂരജ്   എസ്‌ഐയുടെ വീട്ടില്‍ എത്തി കുടുംബാംഗങ്ങളുമായി വാക്ക് തര്‍ക്കം ഉണ്ടാവുകയും  പിന്നീട് അനുനയിപ്പിച്ചു പറഞ്ഞുവിടുകയും ചെയ്തു. തുടര്‍ന്ന്  പുലര്‍ച്ചെയാണ് വീടിന് സമീപത്തെ ഷെഡില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അയല്‍വാസികളെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. ഈ സമയം എസ് ഐ വീട്ടില്‍ ഉണ്ടായിരുന്നില്ല.
ഫോറന്‍സിക് , വിരലടയാള വിദഗ്ധരും, ഡോഗ് സ്‌ക്വാഡും സ്ഥലത്ത് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു. വീടിന് സമീപത്തുനിന്നും  യുവാവിന്റെ ബൈക്ക് കണ്ടെടുത്തു. കൂടാതെ ഒരു മൊബൈലും പോലീസിന് ലഭിച്ചിട്ടുണ്ട്.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സൂരജിന്റെ മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് ചൊവ്വ ഉച്ചയ്ക്ക് രണ്ടുമണിക്ക് സംസ്‌കരിക്കും. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം പരാതി നല്‍കുമെന്നും വീട്ടുകാര്‍ പറഞ്ഞു. സഹോദരി :സൂര്യ

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News