മരണ ഗ്രൂപ്പിൽ ആര് വീഴും

മരണ ഗ്രൂപ്പിൽ ആര് വാഴും, ആര് വീഴും എന്ന് പ്രവചിക്കുക എളുപ്പമല്ല. അർജന്റീന മുന്നേറുമെന്ന് തന്നെയാണ് പ്രതീക്ഷിക്കേണ്ടത്. പക്ഷെ പ്രതിഭാസമ്പന്നമാണ് ക്രൊയേഷ്യയും നൈജീരിയയും. നൈജീരിയ പഴയ പ്രതാപം വീണ്ടെടുക്കുകയാണ്, അർജന്റീനയെ കഴിഞ്ഞ വർഷം സന്നാഹ മത്സരത്തിൽ തോൽപിച്ചിട്ടുമുണ്ട്. ഐസ്‌ലന്റ് ആർക്കും വെല്ലുവിളിയാണെന്ന് കഴിഞ്ഞ യൂറോ കപ്പിൽ തെളിയിച്ചു. ഇംഗ്ലണ്ടിനെ അട്ടിമറിച്ചാണ് അവർ ക്വാർട്ടറിലെത്തിയത്. ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് പ്രി ക്വാർട്ടറിൽ ഫ്രാൻസിനെ നേരിടേണ്ടി വന്നേക്കാം.
യോഗ്യതാ റൗണ്ടിൽ ക്രൊയേഷ്യയും ഐസ്‌ലന്റും ഒരേ ഗ്രൂപ്പിലായിരുന്നു. ഇരു ടീമുകളും ഓരോ കളി ജയിച്ചു. ഈ ടീമുകൾ കഴിഞ്ഞ എട്ട് വർഷത്തിനിടെ ആറു തവണ ഏറ്റുമുട്ടി. നാലെണ്ണം ക്രൊയേഷ്യ ജയിച്ചു. എന്നാൽ അവസാനത്തെ ജയം ഐസ്‌ലന്റിനാണ്.  നൈജീരിയ 1981 ൽ സൗഹൃദ മത്സരത്തിൽ ഐസ്‌ലന്റുമായി കളിച്ചിട്ടുണ്ട്, ഐസ്‌ലന്റ് 3 0 ന് ജയിച്ചു. അർജന്റീനയും ഐസ്‌ലന്റും തമ്മിലും നൈജീരിയയും ക്രൊയേഷ്യയും തമ്മിലും ഇത് ആദ്യ പോരാട്ടമായിരിക്കും. നൈജീരിയയെ ലോകകപ്പിൽ നാലു തവണ ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീന നേരിട്ടിരുന്നു. നാലും അർജന്റീന ജയിച്ചു. 1994 ൽ 2 1 നും 2002 ൽ 1 0 നും 2010 ൽ 1 0 നും. കഴിഞ്ഞ ലോകകപ്പിലെ പോരാട്ടം ആവേശകരമായിരുന്നു. 3 2 ന് അർജന്റീന കഷ്ടിച്ച് രക്ഷപ്പെട്ടു. 
അർജന്റീന ഗ്രൂപ്പ് ചാമ്പ്യന്മാരാവുമെന്നു തന്നെയാണ് പ്രതീക്ഷിക്കേണ്ടത്. നൈജീരിയയെ രണ്ടാം സ്ഥാനത്തേക്ക് തള്ളാൻ ക്രൊയേഷ്യ വല്ലാതെ ബുദ്ധിമുട്ടേണ്ടി വരും. കന്നി ലോകകപ്പിൽ പൊരുതിവീഴാനാവണം ഐസ്‌ലന്റിന്റെ ഗതി.
ക്രൊയേഷ്യയും അർജന്റീനയും 1998 ലെ ലോകകപ്പിൽ ഏറ്റുമുട്ടിയിട്ടുണ്ട്. അർജന്റീന 1 0 ന് ജയിച്ചു. ഇത്തവണ ലിയണൽ മെസ്സിയെ മെരുക്കേണ്ട ചുമതല ബാഴ്‌സലോണയിലെ സഹതാരം ഇവാൻ റാകിറ്റിച്ചിനായിരിക്കും. 
 

Latest News