നൈജീരിയൻ ഫുട്‌ബോളിലെ പ്രക്ഷുബ്ധതയുടെ വർഷങ്ങൾക്ക് വിട. സ്ഥിരതയും ശാന്തതയും വീണ്ടെടുത്ത് ലോകകപ്പിന് ടീമിനെ ഒരുക്കാൻ ജർമൻകാരനായ കോച്ച് ഗെർനോറ്റ് റോറിന് സാധിച്ചിരിക്കുന്നു. കഴിഞ്ഞ ലോകകപ്പിൽ നിരാശപ്പെടുത്തിയശേഷം രണ്ടു വർഷത്തിനിടെ അഞ്ച് കോച്ചുമാരുടെ കൈയിലൂടെ പോയ ടീമാണ് ഇത്. എന്നാൽ ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇത്തവണ യോഗ്യതാ റൗണ്ട് അനായാസം പിന്നിട്ടു. ആഫ്രിക്കൻ ചാമ്പ്യന്മാരായ കാമറൂണിനെ കീഴടക്കിയ അവർ മേഖലയിൽ നിന്ന് യോഗ്യത നേടിയ ആദ്യ ടീമായി. ഗ്രൂപ്പ് ഡിയിൽ ഒപ്പമുള്ള അർജന്റീനയെ കഴിഞ്ഞ വർഷം സന്നാഹ മത്സരത്തിൽ തോൽപിച്ച് കരുത്തു തെളിയിച്ചു. പ്രീമിയർ ലീഗിലെ മുത്തുകളായ വിക്ടർ മോസസും അലക്‌സ് ഇവോബിയും കെലേചി ഇഹനാചോയും അഹ്മദ് മൂസയുമൊക്കെ അടങ്ങുന്ന ടീം ഒരുപാട് ദൂരം പോകാൻ സാധ്യതയുള്ളതാണ്. പ്രതിരോധം ശക്തമല്ലെന്നതും ആഫ്രിക്കൻ ടീമുകളുടെ പതിവ് അച്ചടക്കലംഘനവുമായിരിക്കും പ്രധാന ദൗർബല്യങ്ങൾ. വേതനത്തർക്കമാണ് കഴിഞ്ഞ ലോകകപ്പിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചത്. ഫ്രാൻസിനെതിരായ കളി ബഹിഷ്‌കരണം ഒഴിവായത് അവസാന നിമിഷമാണ്. ആ കളി തോൽക്കുകയും ചെയ്തു.
കോച്ച്
ഗാബോൺ, നൈജർ, ബുർക്കിനാഫാസൊ തുടങ്ങിയ കൊച്ചു ടീമുകളെ പരിശീലിപ്പിച്ച പരിചയം വെച്ചാണ് ആഫ്രിക്കയിലെ ഏറ്റവും പ്രയാസകരമായ ദൗത്യം റോർ ഏറ്റെടുത്തത്. 2016 ഓഗസ്റ്റിൽ റോർ ചുമതലയേറ്റ ശേഷം രണ്ടു കളിയിലേ നൈജീരിയ തോറ്റിട്ടുള്ളൂ. വ്യത്യസ്ത ശൈലികൾ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് അദ്ദേഹം.
ഗോൾകീപ്പർമാർ
നമ്പർ വൺ ഗോളി കാൾ ഇകേമെക്ക് കാൻസർ ബാധിച്ചതോടെ പകരക്കാരനെ കണ്ടെത്താനുള്ള ഓട്ടത്തിലാണ് കോച്ച്. നൈജീരിയൻ ക്ലബ്ബിൽ കളിക്കുന്ന ഇകേചുകു എസൻവയെയാണ് യോഗ്യതാ റൗണ്ടിലെ അവശേഷിച്ച കളികളിൽ പകരം ദൗത്യമേൽപിച്ചത്. സ്പാനിഷ് ലീഗിൽ പതിനെട്ടാം വയസ്സിൽ ഡിപോർടിവൊ ലാ കൊറൂണ്യയിൽ അരങ്ങേറി വാർത്ത സൃഷ്ടിച്ച ഫ്രാൻസിസ് ഉസോഹോയെ നിരീക്ഷിക്കുകയാണ് ഇപ്പോൾ കോച്ച്. സ്പാനിഷ് ലീഗിലെ പ്രായം കുറഞ്ഞ വിദേശ ഗോളിയെന്ന ബഹുമതി സ്വന്തമാക്കിക്കഴിഞ്ഞു ഉസോഹൊ. ആറടി അഞ്ചിഞ്ച് ഉയരമുള്ള ഉസോഹൊ ഗോൾവലക്കു മുന്നിൽ ശക്തമായ സാന്നിധ്യമായിരിക്കും.
ഡിഫന്റർമാർ
ജർമനിയിൽ ജനിച്ച ലിയോൺ ബലോഗുൺ, നെതർലാന്റ്‌സിൽ ജനിച്ച വില്യം ട്രൂസ്റ്റ് ഇകോംഗ് എന്നിവരാണ് സെൻട്രൽ ഡിഫന്റർമാർ. വിംഗ് ബാക്കുകളെ തീരുമാനിച്ചിട്ടില്ല. ലെഫ്റ്റ്ബാക്കിൽ സാധ്യത എൽഡേഴ്‌സൻ എചിയജിലെക്കാണ്. ഷെഹു അബ്ദുല്ലാഹി റൈറ്റ് ബാക്കായി വന്നേക്കും. നൈജീരിയൻ മാതാപിതാക്കൾക്ക് സെയ്ന്റ്പീറ്റേഴ്‌സ്ബർഗിൽ ജനിക്കുകയും റഷ്യയിൽ ജീവിക്കുകയും ചെയ്യുന്ന ബ്രയാൻ ഇദോവു ലെഫ്റ്റ്ബാക്ക് സ്ഥാനത്ത് പരിഗണിക്കപ്പെടുന്നുണ്ട്.
മിഡ്ഫീൽഡർമാർ
ക്യാപ്റ്റൻ ജോൺ ഒബി മികേൽ, ഒജന്യി ഒനാസി എന്നിവരാണ് ടീമിന്റെ അടിത്തറ. അവർ സൃഷ്ടിക്കുന്ന അടിത്തറ കാരണമാണ് മൂന്നും നാലും കളിക്കാരെ ആക്രമണത്തിന് വിടാൻ നൈജീരിയക്ക് സാധിക്കുന്നത്. ലെസ്റ്ററിന്റെ ഇരുപത്തൊന്നുകാരൻ വിൽഫ്രഡ് എൻദീദി വിശ്വാസമാർജിച്ചു വരുന്നുണ്ട്.
ഫോർവേഡുകൾ
ചെൽസി താരം വിക്ടർ മോസസ് എതിർ ഡിഫന്റർമാർക്ക് പേടിസ്വപനമായിരിക്കും. മൂസയും ഇവോബിയുമായിരിക്കും ഒപ്പം സ്റ്റാർടിംഗ് ലൈനപ്പിൽ.
സെൻട്രൽ സ്‌ട്രൈക്കർ മൂസയായിരിക്കുമെങ്കിലും മുൻനിരയിലേക്ക് മത്സരം ശക്തമാണ്. മോസസ് സൈമൺ, ചൈനയിൽ കളിക്കുന്ന ഒദിയോൻ ഇഗാലൊ എന്നിവരും പരിഗണിക്കപ്പെടും.
മത്സരങ്ങൾ
ജൂൺ 26 ന് സെയ്ന്റ്പീറ്റേഴ്‌സ്ബർഗിൽ അർജന്റീനയെ നേരിടും മുമ്പെ 16 ന് ക്രൊയേഷ്യക്കും 22 ന് ഐസ്‌ലന്റിനുമെതിരെ അനുകൂല ഫലങ്ങൾ നേടിയെടുക്കാനാണ് നൈജീരിയ ശ്രമിക്കുക.