അര്‍വ മോളെ റിയാദില്‍ മറവു ചെയ്തു; മാതാപിതാക്കള്‍ ആശുപത്രി വിട്ടു

റിയാദ്- ഉംറ കഴിഞ്ഞു മടങ്ങി വരുമ്പോള്‍ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം റിയാദില്‍ ഖബറടക്കി. തിരുവനന്തപുരം പാറശ്ശാല കണിയിക്കാവിള സ്വദേശി മുഹമ്മദ് ഹസീമിന്റെ മകള്‍ അര്‍വയുടെ മൃതദേഹമാണ് അല്‍റാജ്ഹി മസ്ജിദില്‍ മയ്യിത്ത് നിസ്‌കാര ശേഷം നസീം ഖബര്‍സ്ഥാനില്‍ ഖബറടക്കിയത്.
റിയാദില്‍നിന്ന് 400 കിലോമീറ്റര്‍ അകലെ മക്ക റോഡിലെ അല്‍കോബാറില്‍ നിന്ന് മക്കയിലേക്ക് ഉംറക്ക് പോയി തിരിച്ചുവരുമ്പോള്‍ അല്‍ഖാസറയില്‍ ശനിയാഴ്ച ഉച്ചക്കാണ് അപകടമുണ്ടായത്. കാറിന്റെ ടയര്‍പൊട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ശേഷമാണ് അര്‍വ മരിച്ചത്. ഹസീമിന്റെ ഭാര്യാമാതാവ് നജ്മുന്നീസ ചികിത്സയില്‍ തുടരുകയാണ്. ഹസീമിന്റേയും ഭാര്യ ജര്‍യ, മക്കളായ അയാന്‍, അഫ്‌നാന്‍ എന്നിവരുടെ പരിക്ക് ഗുരുതരമായിരുന്നില്ല. ഇവര്‍ ആശുപത്രി വിട്ടു. ഹസീമും കുടുംബവും അല്‍കോബാറിലാണ് താമസിക്കുന്നത്. ഭാര്യാമാതാവ് സന്ദര്‍ശന വിസയിലെത്തിയതാണ്.

റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, വൈസ് ചെയര്‍മാന്‍ മഹ്ബൂബ് ചെറിയ വളപ്പില്‍, കിഴക്കന്‍ പ്രവിശ്യ കെഎംസിസി തിരുവനന്തപുരം ജില്ല പ്രസിഡന്റ് അമീന്‍ മുഹമ്മദ് കളിയിക്കാവിള, അല്‍കോബാര്‍ കെഎംസിസി പ്രസിഡന്റ് ഇഖ്ബാല്‍ ആനമങ്ങാട്, ഹാരിസ് കുറുവ എന്നിവരാണ് ഇവരെ സഹായിക്കാന്‍ രംഗത്തുണ്ടായിരുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News