ഉദ്യോഗസ്ഥര്‍ക്ക് സ്വര്‍ണ സമ്മാനം നല്‍കാനുള്ള നീക്കം പിന്‍വലിച്ചു

കൊച്ചി- സപ്ലൈകോ ഉദ്യോഗസ്ഥര്‍ക്ക് സ്വര്‍ണ നാണയം സമ്മാനമായി നല്‍കാനുള്ള നീക്കം സപ്ളൈകോ പിന്‍വലിച്ചു.കഴിഞ്ഞ വര്‍ഷത്തെ ഓണക്കിറ്റ് വിതരണത്തില്‍ സപ്ലൈകോ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ വക സ്വര്‍ണം  സമ്മാനമായി നല്‍കുന്നതില്‍ പ്രതിഷേധം ശക്തമായിരുന്നു.  
കുറ്റമറ്റരീതിയില്‍ ഓണക്കിറ്റ് വിതരണം നടത്തിയതിന് പ്രോത്സാഹനമായാണ്  മാനേജര്‍മാര്‍ക്ക്  ഒരു ഗ്രാം സ്വര്‍ണം  സമ്മാനമായി വിതരണം ചെയ്യുന്നതെന്ന് സപ്ലൈകോ സി എം ഡി സജീവ് കുമാര്‍ പട്ജോഷി  ജനുവരി 24 ന് പുറപ്പെടുവിച്ച നോട്ടീസില്‍ പറഞ്ഞിരുന്നു. നോട്ടീസ്  പ്രകാരം 27 ന് സ്വര്‍ണ സമ്മാനം വിതരണം ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അധികൃതരുടെ തീരുമാനം ഏറെ വിമര്‍ശങ്ങള്‍ക്കും ഇടയാക്കിയി. സപ്ലൈകോയിലെ റീജണല്‍ മാനേജര്‍ (ആര്‍ എം) ,ഏരിയ റീജണല്‍ മാനേജര്‍ (എ ആര്‍ എം ) ഡിപ്പോ മാനേജര്‍ (ഡി എം) എന്നിവര്‍ക്കും ഓണ സമ്മാന മഴ വിജയികള്‍ക്കുമാണ് സ്വര്‍ണ സമ്മാനം നല്‍കാന്‍ തീരുമാനമുണ്ടായത്. നിലവിലെ നിരക്കടിസ്ഥാനത്തില്‍ ഒരു ഗ്രാമിന് 4800 രൂപയാണ് സ്വര്‍ണ ചിലവ് വരിക. എന്നാല്‍ ഓണക്കിറ്റ് വിതരണം അവസാന ഘട്ടത്തില്‍ തടസപ്പെട്ടതും ,ഒട്ടേറെ പേര്‍ക്ക് കിട്ടാതാകുകയും , പിന്നിട് വിതരണം ചെയ്യാമെന്ന് പ്രഖ്യാപിക്കുകയും ചെയ്തത് മറച്ചുവെച്ചാണ് സ്വര്‍ണ സമ്മാന വിതരണമെന്നും  ആക്ഷേപമുയര്‍ന്നിരുന്നു. ഇതിനെതിരെ റേഷന്‍ വ്യാപാരികള്‍ കരിദിനാചരണവും നടത്തിയിരുന്നു. 89 ലക്ഷം ഓണ കിറ്റുകളാണ് റേഷന്‍ കടകളിലൂടെ വിതരണം ചെയ്തത്. സാമ്പത്തിക പ്രതിസന്ധിയുയര്‍ത്തി റേഷന്‍ കടക്കാര്‍ക്ക്  കിറ്റ്  വിതരണത്തിന് കമ്മീഷന്‍ നല്‍കില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍.സപ്ലൈകോ ഉദ്യോഗസ്ഥര്‍ക്ക് സ്വര്‍ണം നല്‍കുന്നതില്‍  ഒരു വിഭാഗം ജീവനക്കാര്‍ക്കിടയിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. കോവിഡ്  കാലത്ത് 2020 ജൂണ്‍ മുതല്‍ റേഷന്‍ കടകള്‍ വഴി  സൗജന്യകിറ്റ് വിതരണം ചെയ്തതില്‍ കമ്മീഷന്‍ നല്‍കണമെന്ന്  ഹൈക്കോടതി വിധിച്ചിരുന്നു . ഇതില്‍ 13 മാസത്തെ കമ്മീഷന്‍ കുടിശികയായിരിക്കെയാണ് അത് നല്‍കാതെ  സ്വര്‍ണ സമ്മാന വിതരണമെന്നതാണ് കടക്കാരുടെ പ്രതിഷേധത്തിനിടയാക്കിയത് . കൂടാതെ റേഷന്‍ ഉല്‍പന്ന വിതരണത്തില്‍ 2022 ഡിസംബറിലെ കമ്മീഷന്‍ വിതരണവും നടത്തിയിട്ടില്ല. അതേസമയം ഓണ സമ്മാന  വിജയികള്‍ക്ക് സപ്ളൈകോ സ്വര്‍ണ നാണയ വിതരണം നടത്തുകയും ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News