Sorry, you need to enable JavaScript to visit this website.

ആദ്യ ലോകകപ്പുമായി ഇന്ത്യന്‍ പെണ്‍പട

പോചഫ്‌സ്ട്രൂം - പ്രഥമ അണ്ടര്‍ -19 വനിതാ ട്വന്റി20 ലോകകപ്പ് ഇന്ത്യക്ക്. ഫൈനലില്‍ ഇന്ത്യന്‍ പെണ്‍കൊടികള്‍ ഏഴു വിക്കറ്റിന് ഇംഗ്ലണ്ടിനെ തരിപ്പണമാക്കി. 17.1 ഓവറില്‍ ഇംഗ്ലണ്ടിനെ 68 ന് ഓളൗട്ടാക്കിയ ഇന്ത്യ ആറോവറും ഏഴു വിക്കറ്റും ശേഷിക്കെ ജയിച്ചു. ആറു വിക്കറ്റ് പങ്കുവെച്ച ടിറ്റാസ് സാധു (4-0-6-2) അര്‍ച്ചന ദേവി (3-0-17-2) പാര്‍ഷവി ചോപ്ര (4-0-13-2) എന്നിവരാണ് ഇ്ന്ത്യയുടെ വിജയത്തിന് അടിത്തറയിട്ടത്. റയാന്‍ മക്‌ഡൊണാള്‍ഡ് ഗേയായിരുന്നു (19) ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോറര്‍. ഇന്ത്യക്ക് ഓപണര്‍മാരായ ഫോമിലുള്ള വൈസ് ക്യാപ്റ്റന്‍ ശ്വേത സെറാവത്തിനെയും (5) ക്യാപ്റ്റന്‍ ശഫാലി വര്‍മയെയും  (11 പന്തില്‍ 15) എളുപ്പം നഷ്ടപ്പെട്ടെങ്കിലും സൗമ്യ തിവാരിയും (24 നോട്ടൗട്ട്) ഗോംഗാഡി തൃഷയും (29 പന്തില്‍ 24) വിജയമുറപ്പാക്കി. 
16 ടീമുകളുമായി തുടങ്ങിയ ടൂര്‍ണമെന്റിലാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. സൂപ്പര്‍ സിക്‌സില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലൊഴികെ എല്ലാം ഇന്ത്യ സുഗമമായി മുന്നേറുകയായിരുന്നു. ഇംഗ്ലണ്ടാവട്ടെ ഇതുവരെ ഒരു കളിയും തോറ്റിരുന്നില്ല. രണ്ടാം സെമി ഫൈനലില്‍ തോല്‍വിയുടെ വക്കില്‍ നിന്ന് തിരിച്ചടിച്ചാണ് അവര്‍ ഓസ്‌ട്രേലിയയെ മൂന്നു റണ്‍സിന് തോല്‍പിച്ചത്. 
വനിതാ ക്രിക്കറ്റില്‍ ഇന്ത്യ ആദ്യമായാണ് ലോകകപ്പ് നേടുന്നത്. 18 വര്‍ഷം മുമ്പാണ് ഇന്ത്യ ആദ്യമായി വനിതാ ലോകകപ്പില്‍ ഫൈനലിലെത്തുന്നത് -2005 ലെ സീനിയര്‍ ഏകദിന ലോകകപ്പില്‍. പിന്നീട് പല ഫൈനലുകള്‍ കളിച്ചെങ്കിലും വിജയം അകന്നു നിന്നു. അതുകൊണ്ടു തന്നെ ശഫാലി വര്‍മയുടെയും കൂട്ടരുടെയും നേട്ടത്തിന് പൊലിമയേറുന്നു.
ടൂര്‍ണമെന്റിനായി മാസങ്ങളായി ടീം ഒരുങ്ങുന്നുണ്ട്. വിശാഖപട്ടണത്തു നടന്ന ടൂര്‍ണമെന്റില്‍ വെസ്റ്റിന്‍ഡീസ്, ശ്രീലങ്ക, ഇന്ത്യ അണ്ടര്‍-19 ബി ടീമുകളെ തോല്‍പിച്ച് കിരീടം നേടി. ന്യൂസിലാന്റ് യുവനിരയെ അഞ്ചു മത്സര പരമ്പരയില്‍ തൂത്തുവാരി. ദക്ഷിണാഫ്രിക്കയില്‍ ആതിഥേയ ടീമിനെ 4-0 ന് തോല്‍പിച്ചു. മുന്‍ സ്പിന്നര്‍ നൂഷിന്‍ അല്‍ഖദീറിന്റെ കോച്ചിംഗ് ടീമിന് കരുത്തും ആവേശവും പകരുന്നതാണ്. 2005 ല്‍ ദക്ഷിണാഫ്രിക്കയില്‍ തന്നെ ഏകദിന ലോകകപ്പ് ഫൈനലില്‍ തോറ്റ ടീമില്‍ നൂഷിന്‍ അംഗമായിരുന്നു. 
സീനിയര്‍ വനിതാ ട്വന്റി20യിലും ഏകദിനത്തിലും പ്രഥമ ലോകകപ്പ് ചാമ്പ്യന്മാര്‍ ഇംഗ്ലണ്ടായിരുന്നു. അണ്ടര്‍-19 ട്വന്റി20 ലോകകപ്പിലും ആ ചരിത്രം ആവര്‍ത്തിക്കാനുള്ള അവരുടെ ശ്രമമാണ് ഇന്ത്യ തകര്‍ത്തത്. 


വനിതാ ലോകകപ്പില്‍
വനിതകള്‍ ചരിത്രം കുറിക്കും

ജോഹന്നസ്ബര്‍ഗ് - ദക്ഷിണാഫ്രിക്ക വേദിയൊരുക്കുന്ന ട്വന്റി20 വനിതാ ലോകകപ്പ് ചരിത്രത്തിലാദ്യമായി പൂര്‍ണമായും വനിതകളടങ്ങുന്ന അമ്പയര്‍മാരുടെ പാനല്‍ നിയന്ത്രിക്കും. ഏഴ് രാജ്യങ്ങളിലെ 10 അമ്പയര്‍മാരും മൂന്നു മാച്ച് റഫറിമാരുമുള്‍പെടുന്ന പാനലിനെ ഐ.സി.സി പ്രഖ്യാപിച്ചു. 
ഇന്ത്യയില്‍ നിന്ന് ജി.എസ്. ലക്ഷ്മി (മാച്ച് റഫറി), വൃന്ദ റാഥി (ഫീല്‍ഡ് അമ്പയര്‍), എന്‍. ജനനി എന്നിവര്‍ പാനലിലുണ്ട്. 
ഇപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ പുരോഗമിക്കുന്ന അണ്ടര്‍-19 ട്വന്റി20 വനിതാ ലോകകപ്പില്‍ ഒമ്പത് വനിതകള്‍ കളി നിയന്ത്രിക്കുന്നുണ്ട്. ഫെബ്രുവരി 10 നാണ് വനിതാ ട്വന്റി20 ലോകകപ്പ് തുടങ്ങുക. ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇംഗ്ലണ്ടും അയര്‍ലന്റും പാക്കിസ്ഥാനും വെസ്റ്റിന്‍ഡീസുമടങ്ങുന്ന ഗ്രൂപ്പ് ബി-യിലാണ് ഇന്ത്യ. ഫെബ്രുവരി 26 ന് ന്യൂലാന്റ്‌സിലാണ് ഫൈനല്‍. 


 

Latest News