Sorry, you need to enable JavaScript to visit this website.

നമിതയുടെ കോഫിയും ദിലീപിന്റെ പുട്ടും

നാല് ദശകങ്ങൾക്കപ്പുറം എറണാകുളം നഗരം കണ്ടവരെ വിസ്മയിപ്പിക്കുന്ന വിധത്തിലാണ് മെട്രോ നഗരത്തിലേക്കുള്ള ചുവടുമാറ്റം. തുറമുഖമുണ്ടെന്നതൊഴിച്ചാൽ 80കളിൽ കേരളത്തിലെ മറ്റു പല ജില്ലാ ആസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കാര്യമായ വ്യത്യാസം ഫീൽ ചെയ്തിരുന്നില്ല. പേട്ടയിൽ നിന്ന് തുടങ്ങുന്ന കൊച്ചിയിൽ വൈറ്റില ഹബിനടുത്തുള്ള സ്‌റ്റേഷനിൽനിന്ന് കയറി  കടവന്ത്ര ഭാഗത്തു കൂടി  കടന്നു വരുമ്പോഴത്തെ കാഴ്ച ആരിലും മതിപ്പുളവാക്കും. പുറത്തേക്ക് നോക്കുമ്പോൾ മുംബൈ പോലൊരു മഹാ നഗരത്തിന്റെ ഭാവമുണ്ട്. ഇതിനൊപ്പം സ്വാഭാവികമായും വ്യവസായവും വാണിജ്യവും വളർന്നിട്ടുണ്ടാവും തീർച്ച. വരിവരിയായി നിൽക്കുകയാണ് കോൺക്രീറ്റ് വനങ്ങൾ. ഉമ്മൻചാണ്ടി,  കെ. കരുണാകരൻ, വയലാർ രവി, ജോർജ്  ഈഡൻ, വി.എം സുധീരൻ, ഹൈബി ഈഡൻ, പ്രൊഫ.കെവി തോമസ്, പി.ടി തോമസ്, ഇബ്രാഹിം കുഞ്ഞ്,  എ.കെ ആന്റണി എന്നിങ്ങനെ കൊച്ചി നഗരം വളർത്തിയെടുക്കുന്നതിൽ വലിയ പങ്ക് വഹിച്ച നിരവധി രാഷ്ട്രീയ നേതാക്കളുണ്ട്.  മലബാറിന്റെ ആസ്ഥാനമായ കോഴിക്കോടിന്റെ നിശ്ചലാവസ്ഥ വെച്ചുനോക്കുമ്പോഴാണ് മധ്യ കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ പ്രാധാന്യം മനസ്സിലാവുക. കോഴിക്കോടിന് ഒന്നും കിട്ടിയില്ലെന്ന് പറയാനാവില്ല. തീരദേശത്ത് ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ രണ്ട് ശുചിമുറി മാലിന്യ പ്ലാന്റുകൾ സ്ഥാപിക്കുന്നുണ്ടല്ലോ. ഓരോ ജനതയ്ക്കും അവരർഹിക്കുന്ന ഭരണാധിപരെ ലഭിക്കുമെന്ന് പറയുന്നത് വെറുതെയല്ലല്ലോ. നഷ്ടത്തിലോടുന്നുവെന്ന് പറയുന്ന കൊച്ചി മെട്രോയിൽ റിപ്പബ്ലിക് ദിനത്തിൽ നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇന്ത്യയുടെ വൈവിധ്യം വിളിച്ചറിയിക്കുന്ന വിധത്തിലുള്ള സഞ്ചാരി സമൂഹത്തെയാണ് വിവിധ മെട്രോ സ്‌റ്റേഷനുകളും ബോട്ട് ജെട്ടികളിലും അന്നേ ദിവസം കണ്ടത്. ആലുവയിൽനിന്ന് എറണാകുളം ഭാഗത്തേക്ക് വരുന്ന വഴിയിലെ ഒരു മെട്രോ സ്‌റ്റേഷനാണ് ചങ്ങമ്പുഴ പാർക്ക്. പഴയ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോട് ആരോ എന്തോ കാര്യങ്ങൾ സംസാരിച്ചുവെന്ന് മാധ്യമങ്ങളുടെ തലക്കെട്ടായിരുന്ന  പാർക്ക്. ഉച്ച നേരത്ത് കൊച്ചി മെട്രോയിൽ ഈ സ്‌റ്റേഷനിൽ നിന്നൊരു യുവ സംഗീത സംവിധായകൻ കയറി. ഇരിക്കാൻ സ്ഥലമില്ലാത്ത കോച്ചിൽ അദ്ദേഹവും നിന്ന് യാത്ര ചെയ്തു. 10 വർഷം മുമ്പ് ഗൃഹലക്ഷ്മിയുടെ ഒരു സിനിമയിൽ പ്രധാന റോളിൽ അഭിനയിക്കുകയും പിന്നീട് സംഗീതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്ത മെബി ജോസഫിനൊപ്പം അദ്ദേഹത്തെ തിരിച്ചറിഞ്ഞ ന്യൂജെൻ പടമെടുക്കുന്നതും കണ്ടു. 
സിനിമക്കാർ ഹോട്ടൽ ബിസിനസ് രംഗത്തേക്ക് കടന്നു വരുന്നതും കൊച്ചിയിൽ പുതിയ കാര്യമല്ല. കൊച്ചിയിൽ പലർക്കുമുണ്ട് ഭോജനശാലകൾ. ഏറ്റവുമൊടുവിൽ തുടങ്ങിയത് നടി നമിത പ്രമോദാണ്. നമിതയുടെ കഫേയെ സിനിമാ രംഗത്തുള്ളവർ പ്രോത്സാഹിപ്പിക്കുന്നത് കണ്ടു, നല്ല കാര്യം. പനമ്പിള്ളി നഗറിലുള്ള നടിയുടെ പുതിയ കഫേ ഈ മാസം പതിനെട്ടിനാണ് ഉദ്ഘാടനം ചെയ്തത്. 'സമ്മർ ടൗൺ കഫേ' എന്നാണ് പേരിട്ടിരിക്കുന്നത്. താൻ ഭക്ഷണം എൻജോയ് ചെയ്യുന്നയാളാണെന്നും ചില്ലി ചിക്കനും പാസ്തയുമൊക്കെ നന്നായിട്ട് പാകം ചെയ്യാനറിയാമെന്നും നടി പറഞ്ഞു. കഫേയുടെ സ്പെഷൽസ് എന്തൊക്കെയാണെന്നും ടിവി അഭിമുഖത്തിൽ നമിത വെളിപ്പെടുത്തി. നടൻ ദിലീപിന് ദേ പുട്ട് എന്ന പേരിൽ സ്ഥാപനമുണ്ടായിരുന്നു. കോഴിക്കോട്ടും കൊച്ചിയിലുമൊക്കെ നല്ല നിലയിൽ നടന്നിരുന്ന സ്ഥാപനങ്ങൾ. പുതിയറ ജംഗ്ഷനിലെ ദേ പുട്ടിൽ ഏത് പാതിരാവിലും പല തരം പുട്ടുകൾ ലഭിക്കുമായിരുന്നു. ചെമ്മീൻ പുട്ടൊക്കെ സൂപ്പർ ഹിറ്റായിരുന്നു. അൺ ലിമിറ്റഡായി ലൈം ടീയും കസ്റ്റമേഴ്‌സിന് നൽകി. മിതമായ നിരക്കിൽ ഭക്ഷണം ലഭിച്ചിരുന്ന ദേ പുട്ട് ഇപ്പോൾ വിസ്മൃതിയിലായി. 
*** *** ***
ഷാരൂഖ് ഖാൻ ചിത്രം പത്താൻ രണ്ടാം ദിവസം നൂറ് കോടി ക്ലബിലെത്തി. ഇതിനി 500 കോടി ക്ലബിലെത്തിയാലും അതിശയമില്ല. ആദ്യദിനം ചിത്രം 57 കോടി രൂപയാണ് നേടിയതെങ്കിൽ രണ്ടാം ദിനം ലഭിച്ചത് 70 കോടിയാണ്. രണ്ടുദിവസത്തിനുള്ളിൽ ചിത്രം 123 കോടി രൂപയാണ് വാരിയത്. ഹിന്ദി സിനിമയുടെ ചരിത്രത്തിൽ രണ്ട് ദിവസത്തിനുള്ളിൽ റെക്കോർഡ് തുകയാണ് ചിത്രം നേടിയത്. റിത്വിക് റോഷന്റെ ചിത്രം വാറിനെയാണ് ഷാരൂഖ് ചിത്രം മറികടന്നത്. ദീപിക പദുക്കോൺ, ജോൺ എബ്രഹാം തുടങ്ങി വൻ നിരയാണ് ചിത്രത്തിലുള്ളത്. 
നീണ്ട 4 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിംഗ്  ഖാൻ വെള്ളിത്തിരയിൽ തിരിച്ചെത്തിയ ചിത്രം കൂടിയാണ് 'പത്താൻ'. 2018-ൽ പുറത്തിറങ്ങിയ ആനന്ദ് എൽ റായ് സംവിധാനം ചെയ്ത 'സീറോ' ആയിരുന്നു ഷാരൂഖിന്റെ പുറത്തിറങ്ങിയ അവസാന ചിത്രം. 'സീറോ' ബോക്‌സ് ഓഫീസ് ദുരന്തമാകുകയും ചെയ്തു.
കേരളത്തിലെ തിയേറ്ററുകളിലും പത്താന് മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്.  സിനിമക്കാരുടെ ഭാഷയിൽ പറഞ്ഞാൽ മികച്ച ഇനീഷ്യൽ പുള്ളാണ് കേരളത്തിലെ മൾട്ടിപ്ലക്സുകളിൽ ഈ സിനിമയ്ക്ക്. അതും ശക്തമായ ഒപ്പോസിഷനിടെയാണ് സിനിമയുടെ റീലീസ്. വിനീത് ശ്രീനിവാസന്റെ തങ്കം, മമ്മൂട്ടിയുടെ മയക്കവും തമിഴ് ഹിറ്റ് വാരിസും ഉണ്ണി മുകുന്ദന്റെ മാളികപ്പുറവും മറ്റു മലയാള ചിത്രങ്ങളും മോശമില്ലാത്ത കലക്ഷനിൽ മുന്നേറുന്നതിനിടെയാണ് കിംഗ് ഖാന്റെ വിവാദ ചിത്രമെത്തിയത്.
അടിമുടി ദേശസ്‌നേഹിയായ ഒരു സൈനികനായാണ് ഷാരൂഖ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. സിനിമയുടെ പ്രധാന പോസിറ്റീവ് ഘടകവും ഷാരൂഖിന്റെ സ്‌ക്രീൻ പ്രസൻസും അഭിനയവും തന്നെ. വളരെ എനർജറ്റിക്കായാണ് ഷാരൂഖിനെ എല്ലാ സീനുകളിലും കാണുന്നത്. ജോൺ എബ്രഹാം, ദീപിക പദുക്കോൺ, ഡിംപിൾ കപാഡിയ എന്നിവരും തകർത്തഭിനയിച്ചിട്ടുണ്ട്.
ഒരു ഹോളിവുഡ് സിനിമയുടെ നിലവാരമാണ് പത്താന്. സംഘട്ടന രംഗങ്ങളും വി.എഫ്.എക്‌സും സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നു. വടക്കൻ കേരളത്തിൽ രാഷ്ട്രീയ പ്രബുദ്ധത കൂടിയ സ്ഥലങ്ങളിൽ ദീപികയുടെ വിവാദ സീനിന് മികച്ച കൈയടിയും ലഭിക്കുന്നുണ്ട്. 
*** *** ***
മഞ്ജു വാര്യർ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച ആയിഷയിൽ പലപ്പോഴും ഭാവാഭിനയത്തിന്റെ കാര്യത്തിൽ മുന്നിട്ടു നിന്നത് സിറിയക്കാരി സലാമയാണ്. ദുബായിൽ പ്രവാസ ജീവിതം നയിക്കുകയാണ് ചിത്രത്തിൽ മാമ്മയായി വേഷമിട്ട അവർ. ഈ മാസം ഇരുപതിനാണ് ഈ ചിത്രം റിലീസ് ചെയ്തത്. ജനുവരി 27ന് വൈകുന്നേരം അഞ്ചിനുള്ള പ്രധാന ഷോ കാണാൻ വടകര സിഎൻസി അശോകിന്റെ ഓഡി റ്റുവിലെത്തിയത് പത്ത് പ്രേക്ഷകർ. നല്ല കലക്്ഷനുള്ള സിനിമ സാധാരണ ഗതിയിൽ ഓഡി വണ്ണിലാണല്ലോ വരിക. അതിലാണല്ലോ സീറ്റിംഗ് കപ്പാസിറ്റി കൂടുതൽ. ഇതേ തിയേറ്ററിൽ കുഞ്ചാക്കോ ബോബന്റെ എന്നാ താൻ കേസ് കൊട് സിനിമ കണ്ടത് റിലീസ് ചെയ്ത് പതിനേഴാം ദിവസം. മൂന്നാം വാരത്തിനടുത്തെത്തിയിട്ടും ഹൗസ് ഫുള്ളിനടുത്ത് ഓഡിയൻസ്. വടകരയാണ് സ്ഥലം. ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഈറ്റില്ലം.
കേരളമാകെ എൽഡിഎഫ് തരംഗം ആഞ്ഞു വീശിയപ്പോഴും സഖാവ് ടി.പി ചന്ദ്രശേഖരന്റെ വിധവയെ നിയമസഭയിലേക്ക് തെരഞ്ഞെടുത്ത സ്ഥലം.  എന്നിട്ടും നിലമ്പൂർ ആയിഷയുടെ ബയോ പിക് എന്നു പറയുന്ന സിനിമ വീഴുകയോ? ഇ.എം.എസ്, കെ.ടി മുഹമ്മദ്, മുസ്്‌ലിം സമുദായത്തിൽ നിന്ന് ആദ്യമായി നാടകത്തിൽ അഭിനയിച്ച നിലമ്പൂർ ആയിഷ എന്നീ ചേരുവകളെല്ലാമുണ്ടായിട്ടും കാണാനാളില്ലാതെ പോയത് തൊട്ടടുത്ത സ്‌ക്രീനിൽ 27ന് റിലീസ് ചെയ്ത തങ്കം പ്രദർശിപ്പിക്കുന്നത് കൊണ്ടു മാത്രമായിരിക്കില്ല. ഈ ചിത്രം പറയാനുദ്ദേശിച്ചത് നിലമ്പൂർ ആയിഷയുടെ കഥയാണെങ്കിലും പ്രേക്ഷകരിൽ ഭൂരിഭാഗത്തിനും ബോധ്യപ്പെട്ടത്  മാമ്മയും മഞ്ജു വാരിയരുടെ ആയിഷയും തമ്മിലുള്ള അടുപ്പമാണ്. ഗൾഫ് നാടുകളിലെ വലിയ വീടുകളിൽ ജോലി ചെയ്യുന്നവരുടെ ജീവിതം നന്നായി വരച്ചു കാട്ടിയിട്ടുണ്ട്. ഏറെ ചർച്ച ചെയ്യപ്പെട്ട ഗദ്ദാമ സൃഷ്ടിച്ച നെഗറ്റീവ് ഇമ്പ്രഷൻ മാറ്റിയെടുക്കാൻ കഴിഞ്ഞുവെന്നതും നല്ല കാര്യം. യു.എ.ഇയിലെ റാസൽ ഖൈമയിൽ  സെറ്റിട്ടാണ് സിനിമ ചിത്രീകരിച്ചത്. ബത്്ഹയിലെ വെള്ളിയാഴ്ചയും ആയിഷയെ ആളുകൾ തിരിച്ചറിയുന്നതുമൊക്കെ കൊള്ളാം. ഒരു സെക്യൂരിറ്റിയുമില്ലാതെ എപ്പോഴും ജനക്കൂട്ടത്തിന് ഇരച്ചു കയറി വാരാൻ പാകത്തിലുള്ള മാമ്മയുടെ  വസതിയെ കൊട്ടാരമെന്ന് വിശേഷിപ്പിക്കേണ്ടിയിരുന്നില്ല. ആശുപത്രി മുതലാളിയായ മാഡത്തിന്റെ വീടെന്നാക്കിയാൽ ഒ.കെ. ഇനി പാലസ് തന്നെ വേണമായിരുന്നുവെങ്കിൽ ഹൈദരാബാദിനടുത്ത രംഗറെഡ്ഡി ഡിസ്ട്രിക്റ്റിലെ രാമോജി ഫിലിം സിറ്റിയെ സമീപിച്ചിരുന്നെങ്കിൽ അവർ അത് ചെയ്തു തരുമായിരുന്നല്ലോ. പ്രഭു ദേവ കൊറിയോഗ്രാഫ് ചെയ്ത കണ്ണില്.. കണ്ണില് ഗാന-നൃത്ത രംഗം മനോഹരമായി. പക്ഷേ, കഥയുടെ ഒഴുക്കുമായി ഇതിന് ഒരു ബന്ധവുമില്ല. ബുൾസൈയിലെ മഞ്ഞ ഭാഗം പോലെ മുഴച്ചു നിൽക്കുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സവിശേഷത ആയിഷ അറബ് സ്ത്രീയ്ക്ക് വിവരിച്ചു കൊടുക്കുന്നുണ്ട്. ഞങ്ങളെ നാട്ടിലെ കമ്യൂണിസത്തിൽ വിശ്വാസികളുമാവാം, ലോകത്ത് ആദ്യമായി ബാലറ്റ് പേപ്പറിലൂടെ കമ്യൂണിസം അധികാരത്തിലേറിയ സ്ഥലമാണ് കേരളം. ഈ സിനിമ പ്രവാസികൾക്കും മുൻ പ്രവാസികൾക്കും ഇഷ്ടമാവും. പാർട്ടി ഇടപെട്ടതിനെ തുടർന്നുള്ള ആയിഷയുടെ കേരളത്തിലേക്കുള്ള വരവും അറബി വീട്ടുകാരുടെ താൽപര്യം കണക്കിലെടുത്തുള്ള തിരിച്ചു പോക്കുമൊക്കെയാണ് കാണികളെ വാച്ചിൽ നോക്കാൻ പ്രേരിപ്പിച്ചത്. ആ ഭാഗം എഡിറ്റ് ചെയ്ത് ഒഴിവാക്കിയിരുന്നെങ്കിൽ ഡ്രാഗ് ചെയ്തതായി ഫീൽ ചെയ്യില്ലായിരുന്നു. 
*** *** ***
ബിബിസിയും ഗുജറാത്തുമൊക്കെയാണല്ലോ ചർച്ചാ വിഷയം. രണ്ടു ഭാഗങ്ങളായി ഇറക്കിയ ഡോക്യുമെന്ററിയിൽ പുതുതായി വല്ലതും വെളിപ്പെട്ടുവോ എന്നറിയില്ല. ഇന്ത്യ തെരഞ്ഞെടുപ്പു വർഷത്തിലേക്ക് നീങ്ങുമ്പോഴാണ് ലോകമാകെ ചർച്ചയാവും വിധം ഇതു സംപ്രേഷണം ചെയ്തത്. ഇതിനിടയ്ക്ക് വർഷങ്ങൾക്ക് മുൻപ് നരേന്ദ്ര മോഡി ബിബിസിയെ പുകഴ്ത്തിയ പ്രസംഗം വീണ്ടും ചർച്ചയാകുന്നുവെന്ന്് റിപ്പോർട്ടർ ടി.വി. ബിബിസി ഡോക്യുമെന്ററിയ്ക്ക് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയതിന് പിന്നാലെയാണ് 2013ലെ പ്രസംഗം സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. ബിബിസിയുടെ വാർത്തകൾക്ക് ആകാശവാണി, ദൂരദർശൻ എന്നിവയുടെ വാർത്തകളെക്കാൾ വിശ്വാസ്യതയുണ്ടെന്നായിരുന്നു മോഡിയുടെ അന്നത്തെ പ്രസ്താവന. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഒരു പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് ബിബിസിയെ നരേന്ദ്ര മോഡി പുകഴ്ത്തിയത്. എന്നാൽ ഇപ്പോൾ ബിബിസിയ്ക്ക് കൊളോണിയൽ അജണ്ടയാണെന്നാണ്  കേന്ദ്രം പറയുന്നത്. അത് കൊണ്ട് തന്നെ ബിബിസിയുടെ ഡോക്യുമെന്ററിക്ക് കേന്ദ്രം വിലക്കേർപ്പെടുത്തുകയും ചെയ്തു. ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പങ്ക് ആരോപിക്കുന്ന ഡോക്യുമെന്ററിക്കായിരുന്നു കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയത്. 'ഇന്ത്യ ദ മോഡി ക്വസ്റ്റിയൻ' എന്ന ഡോക്യുമെന്ററി വിലക്കിയതിന് എതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗത്തിൽ പൗരത്വ ഭേദഗതി നിയമം കൊണ്ട് വന്നതും  കശ്മീർ പുനഃസംഘടനയുടെ മറുപുറം തുടങ്ങിയവയാണ്  ഉള്ളടക്കം. ദൽഹിയിൽ ഇഫ്്താർ സംഗമങ്ങൾ അവസാനിച്ചത് 2014ന് ശേഷമാണ്. അടുത്തിടെ പതിവ് തെറ്റിച്ച് നബിദിനത്തിന് ആശംസ നേർന്നപ്പോഴത് ഈദ് മുബാറക്കായി മാറിപ്പോയിട്ടുമുണ്ട്. 
*** *** ***
ചുംബന സമരത്തിന് ആരെങ്കിലും ഭാര്യയെ അയക്കുമോ എന്ന്  സ്പീക്കറും സി.പി.എം  നേതാവുമായ എ.എൻ ഷംസീർ. ദേശീയ പത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു എ.എൻ ഷംസീർ. സ്വകാര്യതയിൽ ചെയ്യേണ്ട ഒരു കാര്യം തെരുവിൽ ചെയ്യുന്നതിനെ താൻ എതിർക്കുന്നു എന്നായിരുന്നു എ.എൻ ഷംസീർ ചുംബന സമരത്തെ അനുകൂല ിക്കുമോ എന്ന ചോദ്യത്തിന് നൽകിയ മറുപടി.ഷംസീറിന്റെ തിരിച്ചുള്ള ചോദ്യം. താൻ എന്തായാലും അത്ര പുരോഗമനവാദിയല്ല എന്നും ചിരിച്ച് കൊണ്ട് എ.എൻ ഷംസീർ മറുപടി പറഞ്ഞു. 
2014 ൽ ആണ് കേരളത്തിൽ ചുംബനം സമരം എന്ന പ്രതിഷേധം അരങ്ങേറിയത്. ചുംബന സമരത്തിന്റെ തുടക്കം കോഴിക്കോട് ഡൗൺടൗൺ കഫെയിൽ സദാചാരവിരുദ്ധ പ്രവർത്തനം നടക്കുന്നെന്ന വാർത്ത ഒരു ചാനലിൽ വന്നതിനു പിന്നാലെ, കുറച്ച് സദാചാര വാദികൾ റെസ്റ്റോറന്റ് അടിച്ച് തകർത്തതിന് പിന്നാലെ ആണ് ചുംബന സമരം അരങ്ങേറിയത്. കിസ്സ് ഓഫ് ലവ് എന്ന പേരിൽ കൊച്ചിയിൽ ആണ് ആദ്യം സമരം നടന്നത്. പിന്നീട് കോഴിക്കോട് അടക്കമുള്ള കേരളത്തിലെ മറ്റ് സ്ഥലങ്ങളിലും സമരം നടന്നിരുന്നു.
പുരോഗമന കാഴ്ചപ്പാടുള്ള ആളായിട്ടും ചുംബന സമരത്തിന് എതിരെ നിലപാട് എടുത്തത് എന്തുകൊണ്ടാണ് എന്നായിരുന്നു ഷംസീറിനോടുള്ള ചോദ്യം. ഇതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സ്വകാര്യതയിൽ ചെയ്യേണ്ട കാര്യങ്ങൾ തെരുവിൽ ചെയ്യാൻ പാടില്ല എന്നാണ് എന്റെ നിലപാട്. അത് അരാജകത്വമാണ്. അത്തരം അരാജകത്വത്തെ താൻ പ്രോത്സാഹിപ്പിക്കുന്നില്ല. ചുംബനം എങ്ങനെ സമരമാകും ചുംബനം എങ്ങനെയാണ് ഒരു പ്രതിഷേധത്തിന്റെ മാർഗമാകുന്നത് എന്നും എ.എൻ ഷംസീർ ചോദിച്ചു.  നമുക്ക് ചില അടിസ്ഥാന സാംസ്‌കാരിക ധാർമ്മികതകളും മൂല്യങ്ങളും ഉണ്ട് എന്നും താൻ അന്ന് അത് പറഞ്ഞപ്പോൾ ചില അരാജകവാദികൾ തന്നെ രൂക്ഷമായി ആക്രമിച്ചിരുന്നു.  എന്നാൽ  അന്ന് പറഞ്ഞതിൽ തന്നെയാണ് ഇപ്പോഴും ഉറച്ച് നിൽക്കുന്നത് എന്ന് എ.എൻ ഷംസീർ പറഞ്ഞു.അന്ന് സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും എ.എൻ ഷംസീറിന്റെ നിലപാടിനെ പിന്തുണച്ചിരുന്നു. 

Latest News