Sorry, you need to enable JavaScript to visit this website.

വീൽചെയർ ജീവിതത്തിലും നേട്ടങ്ങളുടെ നിറക്കൂട്ട്: ജസ്ഫർ ഒരു വിസ്മയം

ശരീരത്തിന്റെ എൺപത് ശതമാനവും തളർന്നുപോയ മലപ്പുറം കോട്ടക്കുന്നിലെ പുളിക്കത്തൊടി ജസ്ഫർ അഞ്ചു വർഷം മുമ്പ് സ്വപ്‌നം കണ്ട തന്റെ ജീവിതത്തിലെ ഒരു അഭിലാഷം പൂവണിഞ്ഞ സംതൃപ്തിയിലായിരുന്നു കഴിഞ്ഞയാഴ്ച ദുബായിലെത്തിയത്. അഞ്ചു വർഷം മുമ്പ് പതിനഞ്ച് ചതുരശ്ര അടി വിസ്തീർണമുള്ള ക്യാൻവാസിൽ, ബ്രഷ് കടിച്ചുപിടിച്ച് യു.എ.ഇ വൈസ് പ്രസിഡന്റം പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമിന്റേയും ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദിന്റേയും ഒരുമിച്ചുള്ള മനോഹരമായ പെയിന്റിംഗ് കൈമാറാൻ സാധിച്ചതിന്റെ നിറഞ്ഞ ചാരിതാർഥ്യത്തോടെയാണ് ജസ്ഫർ വീൽചെയറിൽ ദുബായിലെത്തിയത്. നീണ്ട പ്രയത്‌നത്തിനൊടുവിൽ 2017 ൽ എമിറേറ്റ്‌സ് ടവറിൽ വെച്ചാണ് ഈ ചിത്രം കൈമാറിയത്.

ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തമായിരുന്നു അതെന്ന് ജസ്ഫർ പറയുന്നു. വിരലുകളാൽ വര നിരാകരിക്കപ്പെട്ട, വിഷാദത്തിന്റെ കൊളാഷായി മാറിയ ഈ ചിത്രം ദുബായ് രാജകൊട്ടാരത്തിന്റെ ചുമരിൽ തൂങ്ങുന്നു. 2021 ഏപ്രിലിൽ ജസ്ഫർ, പാലറ്റിൽ നിന്ന് ആവശ്യമായ നിറം പരസഹായത്തോടെ തെരഞ്ഞെടുത്ത് അവയിൽ ചാലിച്ച ബ്രഷ് പല്ലുകൾക്കിടയിൽ കടിച്ചുപിടിച്ച് വരച്ച രണ്ടു ഡസൻ പെയിന്റിംഗുകൾ വേൾഡ് ആർട്ട് ദുബായിയിൽ പ്രദർശിപ്പിച്ചത് നിരവധി പേരാണ് അദ്ഭുതാദരങ്ങളോടെ നോക്കിക്കണ്ടത്.
അംഗവൈകല്യമുള്ള ഇരുപത് ഇന്ത്യൻ ചിത്രകാരന്മാർ കൂടി അംഗങ്ങളായുള്ള ആഗോളാടിസ്ഥാനത്തിലുള്ള ഇന്റർനാഷനൽ മൗത്ത് ആന്റ് ഫൂട്ട് പെയിന്റിംഗ് ആർടിസ്റ്റുകളുടെ (എം.എഫ്.പി.എ) കൂട്ടായ്മയിലെ അംഗമായ ജസ്ഫർ പെയിന്റിംഗിനു പുറമെ ജീവകാരുണ്യസംഘടനയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഗ്രീൻ മൂവ്‌മെന്റിന്റെ പ്രവർത്തകൻ കൂടിയാണ്. ശാരീരികവൈകല്യങ്ങളെ മറികടന്നുള്ള സ്വയം സമർപ്പണത്തിന് എ.പി.ജെ അബ്ദുൽകലാമാണ് തന്റെ മാതൃകയെന്നും ജസ്ഫർ പറയുന്നു. അബ്ദുൽകലാമിനെക്കുറിച്ചും ജസ്ഫർ പെയിന്റിംഗ് ചെയ്തിരുന്നു. ചിത്രരചനയിലേയും പെയിന്റിംഗിലേയും വൈവിധ്യം കണക്കിലെടുത്തും വൈകല്യം അതിജീവിച്ചുകൊണ്ടുള്ള സേവനപ്രവർത്തനം പരിഗണിച്ചുമാണ് ജസ്ഫറിന് ഗോൾഡൻ വിസ അനുവദിച്ചത്. കേരളത്തിനു പുറത്ത് മുംബൈയിലും ജസ്ഫറിന്റെ പെയിന്റിംഗ് പ്രദർശനം അരങ്ങേറിയിട്ടുണ്ട്. സിംഗപ്പൂരിലും പ്രദർശനം സംഘടിപ്പിച്ചിരുന്നു. 


പല കേന്ദ്രങ്ങളിൽ നിന്നുമുള്ള എതിർപ്പുകൾ മറികടന്ന് ജസ്ഫറിന്റെ കരം പിടിക്കാൻ സുധീരം മുന്നോട്ടുവന്ന കാമുകി ഫാത്തിമാ ദോഫറാണ് കലയിലും ജീവിതത്തിലും ജസ്ഫറിന് നിറച്ചാർത്തണിയുന്നത്. ഇന്റർനാഷനൽ ഡേ ഓഫ് പേഴ്‌സൺസ് വിത്ത് ഡിസ്എബിലിറ്റി ദിനമായി ആചരിക്കുന്ന ഡിസംബർ മൂന്നിനാണ് തലശ്ശേരി കേയി കുടുംബാംഗമായ ഫാത്തിമാ ദോഫർ ജനിച്ചത് എന്നതും ആകസ്മികം. ബാല്യവും പഠനവുമെല്ലാം ബാപ്പ ജോലി ചെയ്ത ഒമാനിലെ സലാലയിൽ. പഠനം പൂർത്തിയാക്കി അവിടെത്തന്നെ ജോലിയിൽ പ്രവേശിച്ച ഫാത്തിമ അക്കാലത്ത് നന്നായി കവിതകളെഴുതിയിരുന്നു. രണ്ട് പുസ്തകങ്ങളും പുറത്തിറക്കി. 'ഒരു അദൃശ്യരേഖ ' എന്ന കാവ്യസമാഹാരം എം.എ ബേബിയാണ് പ്രകാശനം ചെയ്തത്. എഴുത്തിനോടൊപ്പം സാമൂഹിക രംഗങ്ങളിലും ജീവകാരുണ്യമേഖലയിലും സജീവമായ ഫാത്തിമയുടെ മനസ്സിൽ ജസ്ഫർ, ജയാരവമായി കയറി വന്നത് ഫേയ്‌സ്ബുക്ക് സൗഹൃദത്തിലൂടെയായിരുന്നു. നന്നായി വായിക്കുന്ന ജസ്ഫർ, ഫാത്തിമയുടെ കവിതകളിലും ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന ഫാത്തിമ, ജസ്ഫറിന്റെ വരകളിലും ഒരു നിയോഗം പോലെ, നിറഞ്ഞ പാരസ്പര്യത്തോടെ അലിഞ്ഞുചേരുകയായിരുന്നു. പരിചയം കടുത്ത പ്രണയത്തിലേക്ക് മാറിയതോടെ പ്രശ്‌നമായി. ജസ്ഫറിന്റെ പ്രതിഭയും ഗ്രീൻ പാലിയേറ്റീവ് മൂവ്‌മെന്റുമെല്ലാം മനസ്സിൽ അടിയുറച്ചുവെങ്കിലും ഫാത്തിമയുടെ കുടുംബത്തിൽ നിന്ന് പ്രണയത്തിന് ആദ്യഎതിർപ്പുകളുണ്ടായി. അത് സ്വാഭാവികമായ എതിർപ്പായിരുന്നുവെന്ന് ജസ്ഫർ പറയുന്നു. എല്ലാവർക്കും ഷോക്കായിരുന്നു ഈ വാർത്ത. ശാരീരിക വൈകല്യമുള്ള, വീൽചെയറിൽ ജീവിതം തള്ളിനീക്കുന്ന, തന്നെ മാത്രമേ വിവാഹം കഴിക്കൂവെന്ന ഫാത്തിമയുടെ ദൃഢനിശ്ചയത്തിൽ മാറ്റമുണ്ടായില്ല. ജസ്ഫറിന്റെ സഹോദരൻ ദുബായിയിൽ നിന്ന് ഒമാനിലെത്തുകയും ഫാത്തിമയോടും അവളുടെ ബാപ്പയോടും ദീർഘനേരം സംസാരിക്കുകയും ചെയ്തു. ബാപ്പയുടെ ഭാഗത്ത് നിന്നുള്ള എതിർപ്പിന്റെ മഞ്ഞുരുകിയെങ്കിലും അടുത്ത ബന്ധുക്കളിൽ നിന്നും മറ്റും പ്രതികൂലമായ പ്രതികരണമായിരുന്നു. 2015 ഡിസംബറിലാണ് ജസ്ഫറിന്റേയും ഫാത്തിമയുടേയും വിവാഹം തീരുമാനിച്ചത്. സലാലയിൽ നിന്ന് കാലത്ത് കരിപ്പൂരിലിറങ്ങിയ ഫാത്തിമയെ കാണാൻ ജസ്ഫർ എയർപോർട്ടിലെത്തി. കമിതാക്കളുടെ ആദ്യ സമാഗമം. വീൽചെയറിലിരുന്ന ജസ്ഫറിന്റെയടുത്തേക്ക് ഓടി വന്ന് കെട്ടിപ്പിടിച്ച് ഫാത്തിമ ആനന്ദാശ്രു പൊഴിക്കുകയും വീൽചെയർ തള്ളി ജസ്ഫറുമായി പുറത്ത് കടക്കുകയും ചെയ്തു. പിന്നെയുള്ള കാലം ഫാത്തിമ ആ വീൽചെയറിന്റെ പിടി വിട്ടില്ല. ജസ്ഫർ സുരക്ഷിതനായി. കരുതലോടെയുള്ള ആ ചേർത്ത് പിടിക്കലിൽ സ്‌നേഹത്തിന്റെ കരുത്ത് തെളിമയാർന്നു നിന്നു.
നിത്യപ്രണയത്തിന്റെ സാക്ഷാൽക്കാരമായിരുന്നു അത്. പ്രമുഖ മോട്ടിവേറ്ററും പ്രഭാഷകനുമായ പി.എം.എ ഗഫൂറിന്റെ കാർമികത്വത്തിലാണ് ഇരുവരുടേയും വിവാഹം തീർത്തും ലളിതമായ ചടങ്ങിൽ നടന്നത്. ഗഫൂർ, ജസ്ഫറിന്റെ ഒരു മെന്റർ കൂടിയാണ്. ക്രമേണ ബന്ധുക്കളുടെയെല്ലാം എതിർപ്പുകൾ അവസാനിക്കുകയും ജസ്ഫറിന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ഫാത്തിമ, പുതിയ കവിതകളെഴുതുകയും ആധുനിക ചിത്രകലയുടെ സങ്കേതങ്ങളിലൂടെ ജസ്ഫറിന്റെ കലാജീവിതം വർണസുരഭിലമാക്കാൻ ശ്രമിക്കുകയും ചെയ്തു. കെൻസൽ റൂമി എന്ന നാലു വയസ്സുകാരൻ മകനുമുണ്ട് ഇപ്പോൾ ഇവരുടെ ജീവിതത്തിൽ.


മലപ്പുറം കോട്ടക്കുന്നിൽ പുളിക്കത്തൊടി അബ്ബാസിന്റേയും മന്നയിൽ ആബിദയുടേയും മകനായ ജസ്ഫറിന് ആറാം വയസ്സിലാണ് കൈകാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടത്. മസ്‌കുലർ ഡിസ്‌ട്രോഫി എന്ന രോഗം ബാധിച്ചാണ് ജസ്ഫറിന്റെ ശരീരം തളർന്നത്. മകനേയും കൊണ്ട് ഇരുവരും കയറിയിറങ്ങാത്ത ആശുപത്രികളില്ല. കോഴിക്കോട് ഹോമിയോ ആശുപത്രി മുതൽ തിരുവനന്തപുരം ശ്രീചിത്ര വരെ. 
അലോപ്പതിയും യൂനാനിയും ആയുർവേദവും ഹോമിയോയുമെല്ലാം പരാജയപ്പെട്ടു. കട്ടിലിൽ തളർന്ന് വിധിയെ പഴിക്കുന്നതിന് പകരം അല്ലാഹുവിൽ അടിയുറച്ച് വിശ്വസിച്ച് രോഗാവസ്ഥയിലും സർഗമുകുളമായി വിരിയുകയായിരുന്നു ആ ബാലൻ. ഉള്ളിലുറങ്ങിയ ഭാവനയ്ക്ക് ബ്രഷിൻ തുമ്പിലൂടെ ആവിഷ്‌കാരം നൽകാനുള്ള യത്‌നം. ഓടിക്കളിച്ചിരുന്ന കാലത്ത് കരിക്കട്ട കൊണ്ട് ചുമരിൽ വരച്ചിട്ട കിളികളും ആനകളും പ്രകൃതിദൃശ്യവുമെല്ലാം വീണ്ടും വരച്ചുനോക്കാനുള്ള പരിശ്രമം. കിടക്കയിൽ ചാരിക്കിടന്ന് ഉമ്മയുടെ സഹായത്തോടെ ചായം മുക്കിയ ബ്രഷ് കടിച്ചുപിടിച്ച് വരച്ചുനോക്കി. അതൊരു ചിത്രകാരന്റെ പിറവിയായിരുന്നു. പിന്നെ നിരന്തരമായ വരകൾ. ആദ്യം ലാപ്‌ടോപിൽ. പിന്നെ ക്യാൻവാസിൽ. ഇതിനിടെ ചിത്രകലയിലെ നൂതനസങ്കേതങ്ങളെക്കുറിച്ച് കിട്ടാവുന്ന വിവരങ്ങളത്രയും ശേഖരിച്ചു. 
ബ്രഷിൻ തുമ്പിൽ വിടരുന്ന നിറങ്ങളുടെ സംഗീതത്തിൽ ശരീരത്തിന്റെ അവശതകൾ പതിയെ വിസ്മരിച്ചു തുടങ്ങി. ഇതിനിടെ, മലപ്പുറത്തെത്തിയ രാഷ്ട്രപതി എ.പി.ജെ അബ്ദുൽകലാമിനെ നേരിൽ കാണാനുള്ള ആഗ്രഹം സാധ്യമായത് വലിയൊരു സാഫല്യത്തിന്റെ നിമിഷമായി. അംഗവൈകല്യം അതിജീവിച്ചു മുന്നേറുന്ന പ്രതിഭകളുടെചരിത്രം ജസ്ഫറിന് മാതൃകയായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പാലിയേറ്റീവ് പ്രസ്ഥാനത്തിലേയും ഗ്രീൻ മൂവ്‌മെന്റിലേയും പ്രതിനിധികളുമായി ഇ. മെയിൽ വിനിമയങ്ങൾ സ്ഥാപിച്ചു. പല സ്ഥലങ്ങളിലും ആർട് എക്‌സിബിഷനുകൾ സംഘടിപ്പിച്ചു. രക്ഷിതാക്കളും സുഹൃത്തുക്കളും നാട്ടുകാരും ബന്ധുക്കളുമെല്ലാം ജസ്ഫറിന്റെ സർഗശേഷി വളർത്താൻ മനസ്സ് നിറഞ്ഞ് സഹായിക്കുന്നു. യൂറോപ്പിലെ ലിറ്റെന്റിൻ ആർട് ക്ലബിൽ അംഗത്വമുള്ള ജസ്ഫറിന് ലോകമെമ്പാടും വിപുലമായ സുഹൃദ്‌വലയവുമുണ്ട്. ഫാത്തിമയും കെൻസൽ റൂമിയും പകരുന്ന സ്‌നേഹവാൽസല്യങ്ങളുടെ ശീതളിമയിൽ, ദേഹത്തിന്റെ തളർച്ചയറിയാത്ത ജസ്ഫർ തന്റെ ജീവിതത്തെ നിറങ്ങളുടെ സിംഫണിയാക്കി മാറ്റുന്നു.
 

Latest News