Sorry, you need to enable JavaScript to visit this website.

മൂന്ന് സ്റ്റാറുമായി ഇറങ്ങി, അര്‍ജന്റീന നാണം കെട്ടു

ബ്യൂണസ്‌ഐറിസ് - മൂന്നാം ലോകകപ്പ് നേടി ഒരു മാസം പിന്നിടും മുമ്പെ അര്‍ജന്റീന ഫുട്‌ബോളിന് നാണക്കേട്. മൂന്ന് നക്ഷത്രങ്ങളുള്ള ജഴ്‌സിയണിഞ്ഞ് ഇറങ്ങിയ ആദ്യ ടൂര്‍ണമെന്റില്‍ അവര്‍ കനത്ത തോല്‍വി ഏറ്റുവാങ്ങി. അണ്ടര്‍-20 ലോകകപ്പിന്റെ ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടായിരുന്നു പുതിയ ജഴ്‌സിയില്‍ അവരുടെ ആദ്യ മത്സരം. ലാറ്റിനമേരിക്കയില്‍ നിന്ന് അണ്ടര്‍-20 ലോകകപ്പ് കളിക്കുന്ന ടീമുകളിലൊന്നാവാന്‍ ഹവിയര്‍ മസ്‌ചെരാനൊ പരിശീലിപ്പിച്ച സംഘത്തിനായില്ല. യോഗ്യതാ മത്സരങ്ങളുടെ രണ്ടാം റൗണ്ടിലെത്തുന്ന ആറ് ടീമുകളിലൊന്നാവാന്‍ പോലും അര്‍ജന്റീനക്ക് സാധിച്ചില്ല. ഗ്രൂപ്പ് മത്സരങ്ങളില്‍ ഒരു ജയവും മൂന്നു തോല്‍വിയുമായി അവര്‍ മടങ്ങി. നിര്‍ണായക മത്സരത്തില്‍ ആതിഥേയരായ കൊളംബിയ 1-0 ന് അര്‍ജന്റീനയെ തോല്‍പിച്ചു. കൊളംബിയക്കൊപ്പം ബ്രസീലും പാരഗ്വായും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. 
യൂറോപ്യന്‍ ക്ലബ്ബുകള്‍ കളിക്കാരെ വിട്ടുകൊടുക്കാതിരുന്നത് അര്‍ജന്റീനയുടെ ഒരുക്കങ്ങളെ ബാധിച്ചിരുന്നു. മികച്ച കളിക്കാരാവട്ടെ ചെറുപ്രായത്തില്‍ യൂറോപ്പിലേക്ക് ചേക്കേറുകയാണ്. അലജാന്ദ്രൊ ഗര്‍നാചോയെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിട്ടുകൊടുത്തില്ല. ക്യാപ്റ്റന്‍ ഗുസ്റ്റാവൊ പ്യുയര്‍ടക്ക് കൊളംബിയക്കെതിരായ കളിയില്‍ സസ്‌പെന്‍ഷനായിരുന്നു. 
മസ്‌ചെരാനൊ ബാഴ്‌സലോണ സ്‌റ്റൈല്‍ വണ്‍ ടച്ച് ഫുട്‌ബോളാണ് ശ്രമിച്ചത്. എന്നാല്‍ ഗ്രൗണ്ടിന്റെ മോശം നിലവാരം മുതല്‍ പല കാരണങ്ങളാല്‍ അത് വിജയിച്ചില്ല. ബ്രസീലിനോട് 1-3 ന് അര്‍ജന്റീന തോറ്റു. 
 

Latest News