ഇന്ത്യൻ ഫീൽഡ് ഹോക്കിയുടെ ഈറ്റില്ലമാണ് സൻസാർപൂർ. പഞ്ചാബിലെ ജലന്ധറിലെ ഗ്രാമമായ സൻസാർപൂർ സങ്കടത്തിലാണ് ഇപ്പോൾ. ലോകകപ്പ് ഹോക്കിയിൽ നിന്ന് ക്വാർട്ടർ ഫൈനൽ പോലും കാണാതെ ഇന്ത്യ പുറത്തായതിന്റെ നിരാശ ഏറ്റവുമധികം പ്രതിഫലിക്കുന്നത് സൻസാർപൂരിലാണ്.
കുട്ടികൾ ഹോക്കി സ്റ്റിക്കുമായി പന്ത് ഡ്രിബ്ൾ ചെയ്തു മുന്നേറുന്നതും വളഞ്ഞുപുളഞ്ഞ് കുതിക്കുന്നതും സൻസാർപൂരിലെ പതിവ് കാഴ്ചയാണ്. വലിയ പ്രതാപമുണ്ടായിരുന്ന നാടായിരുന്നു ഇത്. ഇന്ന് എല്ലാം ഓർമ മാത്രം. ഇന്ത്യൻ ഹോക്കിയുടെ പരിഛേദമാണ് സൻസാർപൂർ. 1928 നും 1956 നുമിടയിൽ തുടർച്ചയായി ആറു തവണ ഒളിംപിക് സ്വർണം നേടിയ രാജ്യമാണ് ഇന്ത്യ. പിന്നീട് നീണ്ട നിദ്രയായിരുന്നു. ടോക്കിയോ ഒളിംപിക്‌സിലെ തിരിച്ചുവരവ് നൽകിയ പ്രതീക്ഷ ചില്ലറയായിരുന്നില്ല. അതാണ് ഒഡിഷയിൽ തകർന്നുവീണത്.
14 ഹോക്കി ഒളിംപ്യന്മാർക്ക് ജന്മം നൽകിയ നാടാണ് സൻസാർപൂർ. ആ കാലത്തെക്കുറിച്ച് സങ്കടത്തോടെ ഓർക്കുകയാണ് അവരിലൊരാളായ ബൽബീർ സിംഗ് കുലാർ. മാറാൻ തയാറാവാതിരുന്നതാണ് ഇന്ത്യൻ ഹോക്കിക്ക് ദുരന്തമായതെന്ന് എഴുപത്തൊമ്പതുകാരൻ പറയുന്നു. ഗ്രൗണ്ടുകളും കളിയുപകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും നിയമങ്ങളും എല്ലാം അടിക്കടി മാറുകയാണ്. കൃത്രിമ പ്രതലത്തിൽ കളി നടത്താൻ തീരുമാനിച്ചതായിരുന്നു ഏറ്റവും വലിയ മാറ്റം. പക്ഷേ എത്രകാലം ന്യായീകരണങ്ങൾ നിരത്തി നമുക്ക് രക്ഷപ്പെടാനാവും -ബൽബീർ ചോദിക്കുന്നു.
ഒളിംപിക്‌സിൽ എട്ട് സ്വർണം നേടിയിരുന്നു ഇന്ത്യ. പക്ഷേ അവസാന സ്വർണം 1980 ലായിരുന്നു. പ്രമുഖ ടീമുകൾ മാറിനിന്ന മോസ്‌കോ ഒളിംപിക്‌സിൽ. 2008 ൽ ഇന്ത്യക്ക് ഒളിംപിക്‌സിന് യോഗ്യത നേടാൻ പോലുമായില്ല. 1971 ൽ ആരംഭിച്ച ലോകകപ്പിൽ ഒരിക്കൽ മാത്രമാണ് ഇന്ത്യ കിരീടം നേടിയത്.
എൺപതുകൾ വരെ നിറഞ്ഞ സ്റ്റേഡിയങ്ങളിലായിരുന്നു ഇന്ത്യയിൽ ഹോക്കി കളിച്ചിരുന്നത്. ഇന്ന് ലോകകപ്പ് വാർത്ത പോലും പത്രങ്ങളിൽ ഒറ്റക്കോളത്തിൽ വന്നാൽ ഭാഗ്യം. ക്രിക്കറ്റ് ആദ്യം ഹോക്കിയെ മറികടന്നു. പിന്നീട് ഫുട്‌ബോളും കബഡിയും വരെ ഹോക്കിയെ മുൻനിരയിൽ നിന്ന് മാറ്റി. തകർച്ചക്ക് നിരവധി കാരണങ്ങളുണ്ട്. കൃത്രിമ പ്രതലത്തിലെ കളി ഇന്ത്യൻ ശൈലിക്ക് ഇണങ്ങുന്നതായിരുന്നില്ല. പക്ഷേ ഹോക്കി ഭരണത്തിലെ പിടിപ്പുകേടാണ് എല്ലാത്തിനേക്കാളും ദുരന്തമായത്. ഹോക്കിയിൽ പണമൊഴുക്കുകയും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്ത ഓസ്‌ട്രേലിയയും ബെൽജിയവുമൊക്കെ ഇന്ത്യയെ കടന്നുപോയി.
ഹോക്കി ജീവിത മാർഗമല്ലാതായതാണ് തകർച്ചക്ക് കാരണമെന്ന് മുൻകാല കളിക്കാരനും എഴുത്തുകാരനുമായ പോപീന്ദർ സിംഗ് കുലാർ അഭിപ്രായപ്പെടുന്നു. ഗ്രാമത്തിൽ നിന്ന് പുതിയ മേച്ചിൽപുറങ്ങൾ തേടി കുടുംബങ്ങൾ വിദേശത്തേക്ക് ചേക്കേറി. ഇന്ത്യൻ ഹോക്കി സമീപകാലത്ത് മെച്ചപ്പെട്ടെങ്കിലും സൻസാർപൂരിൽ സ്ഥിതി ദയനീയമാണെന്ന് പോപീന്ദർ പറയുന്നു.
ഹോക്കി കളിക്കാരെ സംഭാവന ചെയ്ത മിക്ക കുടുംബങ്ങളും ഇന്ന് ഇന്ത്യയിലില്ല.
ഒഡിഷയാണ് ഇന്ന് ഹോക്കി കളിക്കാർക്ക് പ്രചോദനം നൽകുന്നത്. ഭുവനേശ്വറിലെയും ഈയിടെ ഉദ്ഘാടനം ചെയ്ത റൂർക്കലയിലെയും മികച്ച ഗ്രൗണ്ടുകൾ നിരവധി യുവ കളിക്കാരുടെ വളർച്ചക്ക് വെള്ളവും വളവും നൽകി. വിദേശ കോച്ചുമാരുടെ വരവും അവർക്ക് ഗുണകരമായി. കഴിഞ്ഞ വർഷം ഇന്ത്യ ഒളിംപിക്‌സിൽ വെങ്കലവും കോമൺവെൽത്ത് ഗെയിംസിൽ വെള്ളിയും കരസ്ഥമാക്കി. 2019 ൽ കോച്ചായി ചുമതലയേറ്റ ഗ്രഹാം റീഡാണ് മുന്നേറ്റത്തിന് ഇപ്പോൾ ചുക്കാൻ പിടിക്കുന്നത്.
ലോകകപ്പിൽ ക്വാർട്ടർ കാണാതിരുന്നത് നിരാശാജനകമാണെന്നും ടീമിന്റെ സമീപകാല പ്രകടനങ്ങളെ സാധൂകരിക്കുന്നതായിരുന്നില്ല ലോകകപ്പിലെ കളിയെന്നും ഹോക്കി ഇന്ത്യ സെക്രട്ടറി ഭോലാനാഥ് സിംഗ് കരുതുന്നു. ഇപ്പോഴത്തെ ടീമിന് നിരവധി മെഡലുകൾ നേടാനാവും. ലോകകപ്പിൽ ടീമിന് ഭാഗ്യമുണ്ടായിരുന്നില്ല. ഒരു മോശം ദിനം കൊണ്ട് ടീമിനെ വിലയിരുത്തരുത്. നേട്ടങ്ങളുടെ ഭാവിയാണ് ഈ കളിക്കാരെ കാത്തിരിക്കുന്നത് -ഭോലാനാഥ് പറയുന്നു.






