ഭുവനേശ്വര്‍ - ഗോണ്‍സാലൊ പെയ്‌ലാടിന്റെ ഹാട്രിക്കില്‍ ഓസ്‌ട്രേലിയയെ ഞെട്ടിച്ച് ജര്‍മനി ലോകകപ്പ് ഹോക്കിയുടെ ഫൈനലില്‍ പ്രവേശിച്ചു. ബെല്‍ജിയവുമായി അവര്‍ കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടും. 4-3 നാണ് ജര്‍മനി ജയിച്ചത്.
അര്‍ജന്റീനയില്‍ ജനിച്ച പെയ്‌ലാറ്റ് മൂന്ന് പെനാല്‍ട്ടി കോര്‍ണറുകള്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. അവസാന വേളയില്‍ നിക്കളാസ് വെലനും സ്‌കോര്‍ ചെയ്തതോടെ ജര്‍മനി അത്യുജ്വല തിരിച്ചുവരവ് പൂര്‍ത്തിയാക്കി. ലോക ഒന്നാം നമ്പറായ ഓസ്‌ട്രേലിയ നാല്‍പത്തിരണ്ടാം മിനിറ്റ് വരെ 2-0 ന് ലീഡ് ചെയ്യുകയായിരുന്നു. അവസാന 18 മിനിറ്റിലാണ് ജര്‍മനി തിരിച്ചടിച്ചത്. അര്‍ജന്റീന ഹോക്കി അധികൃതരുമായി ഉടക്കി കഴിഞ്ഞ വര്‍ഷമാണ് പെയ്‌ലാറ്റ് ഓസ്‌ട്രേലിയന്‍ പൗരത്വമെടുത്തത്.
അവസാന ക്വാര്‍ട്ടറില്‍ ഗോളുകളും പെനാല്‍ട്ടി കോര്‍ണറുകളും പെയ്യുകയായിരുന്നു. മൂന്നു മിനിറ്റ് ശേഷിക്കെ ഓസ്‌ട്രേലിയ 3-2 ന് മുന്നിലെത്തി. അമ്പത്തെട്ടാം മിനിറ്റില്‍ പെയ്‌ലാറ്റിന്റെ ഡ്രാഗ്ഫഌക്ക് സ്‌കോര്‍ തുല്യമാക്കി. അമ്പത്തൊമ്പതാം മിനിറ്റിലാണ് വെലന്‍ വിജയ ഗോളടിച്ചത്.
നിലവിലെ ചാമ്പ്യന്മാരായ ബെല്‍ജിയം പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 3-2 ന് നെതര്‍ലാന്റ്‌സിനെ തോല്‍പിച്ചു. ബെല്‍ജിയത്തിനെതിരെ നെതര്‍ലാന്റ്‌സും അവസാന നിമിഷങ്ങള്‍ വരെ മുന്നിലായിരുന്നു. മൂന്നാം ക്വാര്‍ട്ടറിന്റെ അവസാന സെക്കന്റുകളില്‍ നിക്കളാസ് ഡി കെര്‍പല്‍ സ്‌കോര്‍ 2-2 ആക്കി ഗോള്‍കീപ്പര്‍ വിന്‍സന്റ് വനാഷ് ഷൂട്ടൗട്ടില്‍ ബെല്‍ജിയത്തിന്റെ ഹീറോ ആയി. 2018 ല്‍ ഇതേ വേദിയിലാണ് കഴിഞ്ഞ തവണ ബെല്‍ജിയം കിരീടമുയര്‍ത്തിയത്.