Sorry, you need to enable JavaScript to visit this website.

പാര്‍ട്ടിക്ക് തലവേദന ഒഴിയുന്നില്ല; സിപിഎം നേതാവ് പൊതുവഴി കൈയേറി

ആലപ്പുഴ-ജില്ലയില്‍ സി.പി.എം നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ പിടിമുറുക്കുന്നതിനിടയിലും സാധാരണക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി ബ്രാഞ്ച് സെക്രട്ടറി പൊതുവഴി കൈയ്യേറി  മതില്‍കെട്ടി. ഇത് പാര്‍ട്ടിക്കുള്ളിലും വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വളഞ്ഞവഴി തെക്ക് ബ്രാഞ്ച് സെക്രട്ടറി പി. ഉമ്മറിനെതിരെയാണ്  പാര്‍ട്ടിക്കുള്ളില്‍നിന്ന് വിവാദങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. വളഞ്ഞവഴി ജങ്ഷന് പടിഞ്ഞാറ് കാപ്പിത്തോടിന് കിഴക്ക് ഭാഗത്തുകൂടി കായ്പ്പള്ളി ക്ഷേത്രത്തിന് പിന്‍ഭാഗത്തുവരെ എത്തുന്ന പുറംമ്പോക്ക് സ്ഥലമാണ് 3 മീറ്റര്‍ വീതിയില്‍ നാട്ടുകാര്‍ വഴിയാക്കിയത്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പകുതിയിലേറെ ഭാഗംവഴി കോണ്‍ക്രീറ്റ് ചെയ്തിരുന്നു. അറുപതോളം കുടുംബങ്ങള്‍ക്ക് പ്രധാന റോഡില്‍ എത്തുന്ന പൊതുവഴിക്കരുകിലെ താമസക്കാരനായ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഇയാളുടെ വീടിന് സമീപം വഴിയടച്ച് മതില്‍ കെട്ടാന്‍ ഒരുങ്ങുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ പരാതിയില്‍ പാര്‍ട്ടി ഇടപെട്ട് ഇയാളെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴിതടസപ്പെടുത്താനുള്ള ഉറച്ചതീരുമാനത്തിലായിരുന്നു ഇയാള്‍. തുടര്‍ന്ന് അമ്പലപ്പുഴ പോലീസിന് നല്‍കിയ പരാതിയില്‍ ബ്രാഞ്ച് സെക്രട്ടറി പുറമ്പോക്ക് ഭൂമി കൈയ്യേറിയാണ് മതില്‍ കെട്ടുന്നതെന്ന് മനസിലാക്കി നിര്‍മ്മാണം നിര്‍ത്തിവെച്ചിരിക്കുകയാണ്. എങ്കിലും പുറംപോക്ക് ഭൂമി വിട്ടുകൊടുക്കാന്‍ ഇയാള്‍ തയ്യാറായില്ല.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് കാപ്പിത്തോട് കൈയേറ്റം ഒഴുപ്പിക്കുന്നതിനായി റവന്യു അധികൃതര്‍ സര്‍വ്വേ നടത്തി കല്ലുകള്‍ സ്ഥാപിച്ചിരുന്നു.നിലവിലെ തോടിനരികില്‍ നിന്ന് 2.5 മീറ്റര്‍ വീതിയാണ് ഈ ഭാഗത്ത് ഭൂമിക്കു ള്ളത്. ഇവിടെയാണ് സി പി എം നേതാവ് മതില്‍ കെട്ടാന്‍ ഒരുങ്ങുന്നത്. ഇതിനിടയില്‍ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മതില്‍ നിര്‍മാണം നിര്‍ത്തിവെക്കാന്‍ പഞ്ചായത്തധികൃതര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു ഇതിനെ
മറികടന്നാണ് ഇയാള്‍ മതില്‍ കെട്ടാന്‍ ഒരുങ്ങുന്നത്. പരാതിയെ തുടര്‍ന്ന്
വില്ലേജ് അധികൃതരും സ്ഥലം അളന്ന് തിട്ടപെടുത്തിയിരുന്നു. കൂടാതെ ഇത് സംബന്ധിച്ച് നാട്ടുകാരില്‍ ചിലര്‍ കോടതിയെ സമീപിച്ചിരിക്കുക
യാണ്.പുറമ്പോക്കു ഭൂമി തങ്ങള്‍ക്കു വഴി നടക്കാന്‍  നല്‍കണമെന്നാവശ്യപ്പെട്ട് ഇവിടെ സ്ഥിരതാമസമാക്കിയ ചില കുടുംബങ്ങള്‍ നേരത്തെ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കോടതി ഉത്തരവ് പ്രകാരം കപ്പിതോട് പുറമ്പോക്കായ ഈ ഭൂമി പഞ്ചായത്ത് വഴിയായി നല്‍കുന്നത്. ഇതാണ്  സി പി എം നേതാവ് വഴിയടച്ച് കൈയേറിയത്.
ഇതോടെ നിരവധി കുടുംബങ്ങള്‍ക്കാണ് വഴിയില്ലാതാകുന്നത്. ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പാര്‍ട്ടിക്കുള്ളിലും എതിര്‍പ്പിന്റെ പുക ഉയരുന്നുണ്ടെങ്കിലും ഏരിയ സെക്രട്ടറി ഇയാള്‍ക്ക് പിന്‍തുണയുമായി രംഗത്തുള്ളത് ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News