Sorry, you need to enable JavaScript to visit this website.

നോക്കി നിൽക്കേ, അവന്റെ പ്രാണൻ പറന്നകന്നു; തീരാനഷ്ടത്തെ കുറിച്ച് ഡോ. ഇന്ദുചന്ദ്ര

ഇരട്ടക്കുട്ടികളിൽ ഒരാളായിരുന്നു അവൻ. പ്രസവിച്ച ഉടനെ 
അമ്മ ഉപേക്ഷിച്ച അവൻ അനാഥ മന്ദിരത്തിലെത്തുകയായിരുന്നു. 
അവന്റെ കൂടെയുള്ള ഇരട്ടക്കുട്ടികളിൽ ഒന്ന് ജനിച്ചപ്പോഴേ മരിച്ചിരുന്നു. 
എന്തുകൊണ്ടോ എനിക്ക് അവനെ എന്റെ ജീവിതത്തിലേക്ക് 
കൂട്ടിക്കൊണ്ടു വരണം എന്ന് തോന്നി.

ഒരു മനുഷ്യായുസ്സിൽ അവന്റെ നഷ്ടങ്ങൾ എത്രയെന്ന് ഒരിക്കലും വിവരിച്ച് തീർക്കാൻ കഴിയില്ല. ജീവിതം എന്ന് പറയുന്നത് തന്നെ നഷ്ടങ്ങളുടെ ഒരു കൂമ്പാരമാണല്ലോ. അങ്ങനെ ഒരു തീരാനഷ്ടത്തെ കുറിച്ചാണ് ഞാൻ ഇനി എഴുതാൻ പോകുന്നത്. കണ്ണ് നിറയാതെ എനിക്ക് ഇത് ഒരിക്കലും എഴുതിത്തീർക്കാൻ കഴിയില്ല.
ഈ ലോകത്തിൽ ഏറ്റവും നിസ്വാർത്ഥമായ ബന്ധം ഏതാണ്? ഉത്തരങ്ങൾ പലതായിരിക്കും. ബന്ധങ്ങളുടെ ആഴം ഒരിക്കലും അളക്കാൻ കഴിയില്ല. പ്രസവിക്കാതെ തന്നെ എന്റെ രാഹുലിന്റെ അമ്മയായതിനെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്.
കുട്ടിക്കാലം മുതലേ എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു കുട്ടിയെ എടുത്തു വളർത്തുക എന്നുള്ളത്. യൂറോപ്യൻ നാടുകളിൽ സ്വന്തമായി മക്കളുള്ളവർ  പോലും ഒന്നോ രണ്ടോ കുട്ടികളെ എടുത്തുവളർത്തുക പതിവാണ്. ഇംഗ്ലീഷ് സിനിമകളും ഇംഗ്ലീഷ് ബുക്കുകളും ചെറുപ്പം മുതലേ വായിച്ചു പോന്നിരുന്ന എന്നെ ഏറ്റവും ആകർഷിച്ചിരുന്നത് പാശ്ചാത്യരുടെ ഈ 
സംസ്‌കാരമാണ്. സ്‌കൂളിൽ പഠിക്കുന്ന കാലം തൊട്ടേ ഞാനൊരു കുട്ടിയെ എടുത്തു വളർത്തും എന്ന് പറയുമ്പോൾ എല്ലാവരും കളിയാക്കുമായിരുന്നു. മെഡിസിൻ പഠിച്ചുകൊണ്ടിരുന്ന കാലത്തും എന്റെ മനസ്സിൽ ഈ ഒരു ആഗ്രഹം തീവ്രമായി നിലകൊണ്ടു. മെഡിക്കൽ കോളേജ് കാമ്പസിലെ വാർഡുകളിലുള്ള കുട്ടികൾ എല്ലാവരും എന്റെ സുഹൃത്തുക്കളായിരുന്നു. പീഡിയാട്രിക് പോസ്റ്റിംഗിന്റെ സമയത്ത് മിക്കവാറും ഒരു കുട്ടിയെങ്കിലും എന്റെ ഒക്കത്ത് ഉണ്ടാവുമായിരുന്നു. ലേബർ വാർഡിലായിരുന്നപ്പോൾ പിഞ്ചുകുഞ്ഞുങ്ങളാണ് മടിയിൽ ഉണ്ടാവുക. അങ്ങനെ കുട്ടികളോടൊപ്പമായിരുന്നു എന്റെ പോസ്റ്റിംഗ് കാലഘട്ടം. എല്ലാവരും കരുതിയിരുന്നത് ഞാനൊരു പീഡിയാട്രീഷ്യൻ ആവുമെന്നായിരുന്നു. കുട്ടികളെ എനിക്ക് ഒത്തിരി ഇഷ്ടമാണെങ്കിലും അവരെ വേദനിപ്പിക്കാൻ ഒരിക്കലും എനിക്ക് കഴിയില്ല എന്ന് പൂർണ ബോധ്യം ഉള്ളതുകൊണ്ട് ഞാൻ ആ വഴിക്ക് ചിന്തിച്ചില്ല. കാലം എന്നെ ഇവിടെ വരെ എത്തിച്ചുവെങ്കിലും നഷ്ടബോധമൊന്നും എനിക്കില്ല.
അങ്ങനെ എന്റെ എം.ബി.ബി.എസ് പഠനം തുടരുന്നതിനിടയിൽ ഞാൻ ക്രിസ്റ്റീന ഹോം എന്ന അനാഥ മന്ദിരത്തെക്കുറിച്ച് കേട്ടറിഞ്ഞു. പിന്നെ ഞാൻ അവിടത്തെ സ്ഥിരം സന്ദർശകയായി മാറി. അവിടെ വെച്ചാണ് സനീഷ് എന്ന ഓമനയെ ആദ്യമായി ഞാൻ കാണുന്നത്. അവരുടെ സനീഷ് ആണെങ്കിലും എന്റെ രാഹുൽ ആയിരുന്നു അവൻ. ഇരട്ടക്കുട്ടികളിൽ ഒരാളായിരുന്നു അവൻ. പ്രസവിച്ച ഉടനെ അമ്മ ഉപേക്ഷിച്ച അവൻ അനാഥ മന്ദിരത്തിലെത്തുകയായിരുന്നു. അവന്റെ കൂടെയുള്ള ഇരട്ടക്കുട്ടികളിൽ ഒന്ന് ജനിച്ചപ്പോഴേ മരിച്ചിരുന്നു. എന്തുകൊണ്ടോ എനിക്ക് അവനെ എന്റെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വരണം എന്ന് തോന്നി. അവിടുത്തെ ഫ്രാങ്കോ അച്ചനോട് അവനെ മറ്റാർക്കും ദത്തെടുക്കാൻ കൊടുക്കരുത് എന്ന് ഞാൻ അപേക്ഷിച്ചു. പഠിച്ചുകൊണ്ടിരുന്നതിനാൽ അവനെ ദത്തെടുക്കുക എളുപ്പമായിരുന്നില്ല. അന്നു ഞാൻ ഫൈനൽ ഇയർ കഴിഞ്ഞ് ഹൗസ് സർജൻസി സമയമായിരുന്നു. അതുകൊണ്ടാണ് അച്ചനോട് ഞാൻ പറഞ്ഞത് എനിക്ക് സമയം  വേണമെന്ന്. അവന് അന്ന് രണ്ടു മാസമാണ് പ്രായം. എല്ലാ ശനിയാഴ്ചകളിലും ഞാൻ അവിടെ പോയി അവനെ കാണുമായിരുന്നു. പിന്നെ ഞാൻ അവനെ വീട്ടിലേക്ക് കൊണ്ടുവരാൻ തുടങ്ങി. ശനിയാഴ്ച കൊണ്ടുവന്നാൽ തിങ്കളാഴ്ച രാവിലെ തിരികെ കൊണ്ടാക്കുമായിരുന്നു. അതായിരുന്നു പതിവ്. മനസ്സുകൊണ്ട് വളരെ പെട്ടെന്ന് ഞാൻ അവന്റെ അമ്മയായി മാറി.
അവന്റെ കളിയും ചിരിയും എന്നെ തെല്ലൊന്നുമല്ല ആഹ്ലാദിപ്പിച്ചത്. അവനെ വീട്ടിൽ കൊണ്ടുവരുന്ന കാര്യവും മറ്റും ഒന്നും ഞാൻ എന്റെ മാതാപിതാക്കളെയും മറ്റാരെയും അറിയിച്ചിരുന്നില്ല. ഒരു മോനുള്ള ഞാൻ ഇങ്ങനെ ചെയ്യുന്നതിനെ ആരും അംഗീകരിക്കില്ല  എന്നെനിക്കുറപ്പുണ്ടായിരുന്നു. 
എന്റെ മൂത്ത മോനും അവനെ വളരെ കാര്യമായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ഇരട്ടക്കുട്ടികളിൽ ഒരാളായതുകൊണ്ടു തന്നെ അവന്റെ ആരോഗ്യം അത്ര മെച്ചപ്പെട്ടതായിരുന്നില്ല. ഇടയ്ക്കിടക്ക് അവന് ശ്വാസംമുട്ടലും ചുമയും ഒക്കെ ഉണ്ടായി. അവന് എന്തെങ്കിലും അസുഖം വരുമ്പോൾ ഫ്രാങ്കോ അച്ചൻ വിളിച്ചു പറയും, കുട്ടിക്ക് അസുഖമാണെന്ന്. അവർ അവനെ കൊണ്ടുവന്ന് ജൂബിലി മിഷൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യും. കൂടെ നോക്കാനായിട്ട് ഒരു ആയ ഉണ്ടാവാറുണ്ട്. എന്റെ ജോലി കഴിഞ്ഞാൽ പിന്നെ അവന് രാത്രി ഞാനാണ് ഹോസ്പിറ്റലിൽ കൂട്ടിരിക്കാറുള്ളത്. മൂന്നാല് പ്രാവശ്യത്തെ ഹോസ്പിറ്റൽ വാസം കൊണ്ട് അവിടുത്തെ ഡോക്ടർമാരും നഴ്‌സുമാരും എന്റെ പരിചയക്കാരായി. ഞാൻ ഹോസ്പിറ്റലിൽ രാത്രി നിൽക്കുന്ന സമയത്ത് എല്ലാവരും എന്നെ ഒരു വിചിത്ര ജീവിയെ നോക്കുന്നതു പോലെയാണ് നോക്കിയിരുന്നത്. അനാഥമ ന്ദിരത്തിലെ ഒരു കുട്ടിക്ക് ഞാൻ കൂട്ടിരിക്കുന്നത് ആരുമങ്ങനെ ഇഷ്ടപ്പെട്ടിരുന്നില്ല. അതിനു പ്രധാന കാരണം ഞാൻ ഉള്ളതുകൊണ്ട് അവർക്ക് ആ കുട്ടിക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും കൊടുക്കേണ്ടിവരും എന്നുള്ളതാണ്. രക്തബന്ധങ്ങളേക്കാൾ ആഴത്തിലുള്ള ബന്ധങ്ങൾ പലതുമുണ്ട് എന്ന് ആ കാലഘട്ടത്തിലാണ് ഞാൻ മനസ്സിലാക്കിയത്. ആരും തുണയായി  ഇല്ലാത്ത രോഗികളുടെ സ്ഥിതി എന്താകുമെന്ന് ആ ഹോസ്പിറ്റൽ സന്ദർശനങ്ങളിൽ എനിക്ക് നേർക്കാഴ്ചകളായി. പക്ഷേ അവിടുത്തെ ഡോക്ടർമാർ വളരെ നല്ല പരിചരണമാണ് അവന് നൽകിയിരുന്നത്.
ദിവസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു. ശനി, ഞായർ ദിവസങ്ങളിൽ അവനെ വീട്ടിൽ കൊണ്ടുവരുമ്പോൾ പനിയോ മറ്റോ ഉണ്ടെങ്കിൽ ഞാൻ കൊണ്ടു കാണിച്ചിരുന്നത് മെഡിക്കൽ കോളേജിലെ ലുലു മാഡത്തെ ആയിരുന്നു.  മാഡം ക്രിസ്റ്റീന ഹോമിലെ കുട്ടികളെ ചികിത്സിക്കാൻ ഇടയ്ക്കിടെ പോകുമായിരുന്നു എന്നത് അറിഞ്ഞുകൊണ്ട് തന്നെയാണ് രാഹുലിനെ മാഡത്തെ തന്നെ കാണിച്ചിരുന്നത്.
അങ്ങനെ ഒരു പ്രാവശ്യം അവനെ ഞാൻ വെള്ളിയാഴ്ച വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. അപ്പോഴേക്കും അവൻ ചോറ് കഴിക്കാൻ തുടങ്ങിയിട്ടുണ്ടായിരുന്നു. ചെറിയ പനി ഉണ്ടെന്ന് എനിക്കപ്പോൾ തോന്നി.
പനിക്കുള്ള മരുന്നൊക്കെ ഞാൻ കൊടുത്തുവെങ്കിലും പനി കുറയുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് അവനെയും കൊണ്ട് ഞാൻ ലുലു മാഡത്തിന്റെ അടുക്കലേക്ക് പോയി. മാഡം നോക്കി ആന്റിബയോട്ടിക്കും മറ്റു മരുന്നുകളുമൊക്കെ കുറിച്ചു തന്നു. വീട്ടിൽ തിരിച്ചെത്തിയ ഞാൻ അവന് ചോറും മുട്ടക്കറിയിലെ മുട്ടയുടെ വെള്ളയും കൂട്ടി കൊടുത്തു. അവൻ അന്ന് നന്നായി ചോറ് കഴിച്ചത് കാരണം എനിക്ക് വലിയ സന്തോഷമായി. രാത്രി പനി മാറുമെന്നും രാവിലെ അവൻ നല്ല ഉഷാറാകും എന്നും ഞാൻ കരുതി . പക്ഷേ മറിച്ചായിരുന്നു സംഭവിച്ചത്. രാത്രി മുഴുവനും അവൻ ഒരുപോള കണ്ണടച്ചില്ല. എന്റെ തോളിൽ കിടന്ന് അവൻ ഞരങ്ങിക്കൊണ്ടേയിരുന്നു. രാവിലെ അവനെയും കൊണ്ട് ഞാൻ ലുലു മാഡത്തിന്റെ അടുക്കലേക്ക് ഓടി. മാഡം നോക്കിയിട്ട് അഡ്മിറ്റ് ചെയ്യേണ്ടിവരും എന്നാണ് പറഞ്ഞത്. അവനെ നന്നായി അറിയുന്നതുകൊണ്ട് എനിക്ക് ആകപ്പാടെ ഒരു വല്ലായ്മയായിരുന്നു. ലുലു മാഡത്തിന്റെ അടുക്കൽ നിന്നും നേരെ ഞാൻ ജൂബിലി മിഷനിലെ കാഷ്വാലിറ്റിയിലേക്കാണ് പോയത്. അവനെയും കൊണ്ട് കാഷ്വാലിറ്റിയുടെ പടി കയറുമ്പോൾ ഞാൻ ആകെ വിറക്കുകയായിരുന്നു. അപ്പോഴും അവൻ എന്റെ മുഖത്തു നോക്കി ഞരങ്ങി. അവനെ കാഷ്വാലിറ്റി ടേബിളിൽ കിടത്തി ഡോക്ടറെ വിളിക്ക് എന്ന് ഞാൻ നഴ്‌സിനോട് പറഞ്ഞു. പറയുക ആയിരുന്നോ
അലറുകയായിരുന്നോ എന്ന് എനിക്ക് തെളിച്ചു പറയാൻ കഴിയില്ല. അപ്പോഴേക്കും ആകെ ബഹളമായി. നഴ്‌സുമാർ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നുണ്ട്. ഡോക്ടർ ഓക്‌സിജൻ കൊടുക്കുന്നു, ഇഞ്ചക്്ഷൻ നൽകുന്നു, അങ്ങനെ പലതും. ഇതെല്ലാം കണ്ട് തരിച്ചുപോയ ഞാൻ കാഷ്വാലിറ്റിയുടെ ഉള്ളിലെ കസേരയിൽ വിറങ്ങലിച്ചിരുന്നു. കാഷ്വാലിറ്റിയിലേക്കുള്ള ഓട്ടത്തിനിടയിൽ എപ്പോഴോ ഞാൻ ഫ്രാങ്കോ അച്ചനെ വിളിച്ച് അവനെ അഡ്മിറ്റ് ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞിരുന്നു. ഒരു പത്ത്് മിനിട്ട് കഴിഞ്ഞു കാണും. എന്നെ പരിചയമുള്ള ഡോക്ടർ അവന് ഷോക്ക് കൊടുക്കുന്നത് കണ്ടതോടുകൂടി എനിക്ക് മനസ്സിലായി പ്രതീക്ഷയ്ക്ക് വകയില്ലെന്ന്. എന്റെ രാഹുൽ എന്നിൽ നിന്നും പറന്നകലുന്നത് ഞാൻ  നോക്കിനിന്നു. ആരൊക്കെയോ എന്നെ വിളിക്കുന്നുണ്ടായിരുന്നു. പിന്നെ കുറച്ചുനേരത്തേക്ക് ഞാൻ ഒന്നും അറിഞ്ഞില്ല ഫ്രാങ്കോ അച്ചനും കന്യാസ്ത്രീകളും എന്തൊക്കെയോ ചോദിച്ചു. അതിനൊക്കെ ഞാൻ മറുപടി പറഞ്ഞോ എന്നെനിക്കറിയില്ല. ആദ്യത്തെ മരവിപ്പ് കഴിഞ്ഞപ്പോൾ മുതൽ ഞാൻ കരച്ചിലായി. അവരൊക്കെ എന്നെ സമാധാനിപ്പിക്കാൻ ഏറെ പാടുപെട്ടു.
അവരൊക്കെ എന്തൊക്കെ പറഞ്ഞിട്ടും ഞാൻ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. വളരെ ബുദ്ധിമുട്ടിയാണ് അവരെന്നെ വീട്ടിലേക്ക് പറഞ്ഞുവിട്ടത്. ഉച്ച കഴിഞ്ഞപ്പോൾ ഫ്രാങ്കോ അച്ചൻ വിളിച്ചിട്ട് അടക്കത്തെക്കുറിച്ച് പറഞ്ഞു. എന്റെ സ്ഥിതി അറിയാവുന്നതുകൊണ്ടു തന്നെ ഞാൻ ചടങ്ങുകൾക്ക് ചെല്ലേണ്ട എന്നായിരുന്നു ഫ്രാങ്കോ അച്ചൻ പറഞ്ഞത്. പക്ഷേ എനിക്ക് പോകണമെന്ന് വാശിയായിരുന്നു. ഒന്നര വർഷമാണ് അവൻ എന്റെ കൂടെ ജീവിച്ചത്. എന്റെ കൈയിൽ നിന്നും ചോറ് വാരിത്തിന്നു കൊണ്ടാണ് അവൻ യാത്രയായത്. അവസാനമായി കണ്ണു തുറന്ന് അവൻ നോക്കിയത് എന്റെ മുഖത്തേക്കാണ്. അവനെ യാത്രയാക്കുമ്പോൾ അവന്റെ അമ്മ തീർച്ചയായും കൂടെത്തന്നെ വേണമായിരുന്നു. തനിച്ചു യാത്രയാക്കാൻ അവൻ അനാഥനായിരുന്നില്ല. എന്റെ മകനായിരുന്നു അവൻ. ക്രിസ്റ്റീന ഹോമിലെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ ഞാനും മൂത്ത മോനും ഒരുമിച്ചാണ് പോയത്. മമ്മ ഡോക്ടറല്ലേ എന്തുകൊണ്ടാണ് രാഹുലിനെ രക്ഷിക്കാത്തത് എന്ന് അവൻ പലപ്രാവശ്യം ചോദിച്ചുകൊണ്ടേയിരുന്നു. എനിക്കെന്തു മറുപടിയാണ് പറയാൻ കഴിയുക? നമ്മളൊന്ന് ചിന്തിക്കുന്നു, മറ്റൊന്ന് സംഭവിക്കുന്നു. അതാണ് ലോകം. അവിടുത്തെ ചടങ്ങുകൾ എല്ലാം ഞാൻ ഒരുതരം മരവിപ്പോടെയാണ് നോക്കിനിന്നത്. അച്ചനും അവിടുത്തെ സിസ്റ്റർമാരും പറഞ്ഞതൊന്നും ഞാൻ കേൾക്കുന്നുണ്ടായിരുന്നില്ല. വീട്ടിൽ തിരിച്ചെത്തി ഒരാഴ്ച കഴിഞ്ഞിട്ടും ഞാൻ ജോലിക്ക് പോയിരുന്നില്ല. ഫോൺ അറ്റൻഡ് ചെയ്യുമ്പോൾ പോലും കരഞ്ഞുകൊണ്ടിരുന്ന എന്നെ സമാധാനിപ്പിക്കാൻ ഫ്രാങ്കോ അച്ചനും അവിടുത്തെ കന്യാസ്ത്രീകളും വീട്ടിൽ വന്നു. വളരെ പാടുപെട്ടാണ് അവർ എന്നെ പറഞ്ഞു മനസ്സിലാക്കിപ്പിച്ചത്. അടുത്ത ദിവസം ലുലു മാഡവും എന്റെ അടുക്കൽ എത്തി കുറെ ഉപദേശിച്ചു. അങ്ങനെ ഒരാഴ്ച കഴിഞ്ഞ് ഞാൻ തിരിച്ച് മെഡിക്കൽ കോളേജ് ജോലിയിലേക്ക് മടങ്ങി. രോഗികളെ ശുശ്രൂഷിക്കുന്നതിൽ ഞാൻ സമാധാനം കണ്ടെത്തുകയായിരുന്നു. രാഹുൽ തിരിച്ചുവരാൻ കഴിയാത്ത ലോകത്തിലേക്ക്  മടങ്ങിയെങ്കിലും അവൻ ഇപ്പോഴും ജീവിക്കുന്നു എന്റെ മനസ്സിൽ. നീറുന്ന നൊമ്പരമായി, അണയാത്ത കനലായി മനസ്സിന്റെ കോണിൽ അവന്റെ മുഖം ഇപ്പോഴുമുണ്ട്. അവനെക്കുറിച്ച് ഓർക്കാൻ, അവനെക്കുറിച്ച് പറയാൻ, .അവനെക്കുറിച്ച് എഴുതാൻ, അവനെ സ്‌നേഹിക്കാൻ, അവനു വേണ്ടി കണ്ണീർ പൊഴിക്കാൻ ഈ ലോകത്ത് അവന് ഈ അമ്മ മാത്രമേയുള്ളൂ. ഫ്രാങ്കോ അച്ചനും ക്രിസ്റ്റീന ഹോമിലെ മറ്റു അന്തേവാസികളും അവനെ മറന്നിട്ടുണ്ടാവും. പക്ഷേ ഒരമ്മയ്ക്ക്  മകനെ മറക്കാനാവുമോ?
മകനേ, നിന്റെ ഓർമകൾ പലപ്പോഴും ഈ അമ്മയുടെ മനസ്സിനെ കുത്തിനോവിക്കാറുണ്ട്. പക്ഷേ നീ തന്ന വലിയ നൊമ്പരം രോഗികളെ നെഞ്ചോട് ചേർത്തുവെക്കുന്ന ഒരു ഡോക്ടർ ആകാൻ എന്നെ പ്രാപ്തയാക്കി. ഈ അമ്മയുടെ മേൽ നിന്റെ സ്‌നേഹത്തിന്റെ കരസ്പർശം ഉണ്ടെന്നുള്ള കാര്യം അമ്മ ഓരോ സംഭവങ്ങളിലൂടെയും അറിഞ്ഞുകൊണ്ടേയിരിക്കുന്നു. ഇനിയൊരു ജന്മമുണ്ടെങ്കിൽ, നീ എന്റെ മകനായിത്തന്നെ ജനിക്കുമെങ്കിൽ  നൽകാൻ കഴിയാതെ പോയ സ്‌നേഹം മുഴുവൻ നിനക്കായി ഈ അമ്മ നൽകാം.

Latest News