Sorry, you need to enable JavaScript to visit this website.

ഞാന്‍ കരയുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക - ഗ്രാന്റ്സ്ലാം വിടവാങ്ങലിനു ശേഷം സാനിയ

മെല്‍ബണ്‍ - അവസാന കടമ്പയില്‍ കാലിടറുന്നതു കണ്ട് സാനിയ മിര്‍സയുടെ ഐതിഹാസികമായ ഗ്രാന്റ്സ്ലാം കരിയറിന് തിരശ്ശീല വീണു. സാനിയയും രോഹന്‍ ബൊപ്പണ്ണയും ഓസ്‌ട്രേലിയന്‍ ഓപണ്‍ മിക്‌സഡ് ഡബ്ള്‍സ് ഫൈനലില്‍ ബ്രസീലിന്റെ ഒലീവിയ ഗെദെക്കി-മാര്‍ക്ക് പോള്‍മാന്‍സ് ജോഡിയോട് 6-7 (2-7), 2-6 ന് തോറ്റു. മൂന്നാം സീഡും നിലവിലെ വിംബിള്‍ഡണ്‍ ചാമ്പ്യന്മാരുമായ ഡിസയറെ ക്രോസിക്കിനെയും (അമേരിക്ക) നീല്‍ സ്‌കൂപ്‌സ്‌കിയെയും (ബ്രിട്ടന്‍) തോല്‍പിച്ചാണ് അവര്‍ ഫൈനലിലെത്തിയത്. 
അടുത്ത മാസം ദുബായില്‍ നടക്കുന്ന ടൂര്‍ണമെന്റോടെ സാനിയ വിരമിക്കുകയാണ്. ഓസ്‌ട്രേലിയ ഓപണ്‍ സാനിയയുടെ ഇഷ്ട ടൂര്‍ണമെന്റാണ്. 2005 ല്‍ ഈ ടൂര്‍ണമെന്റിലൂടെയാണ് സാനിയ തന്റെ കഴിവ് തെളിയിച്ചത്. ഗ്രാന്റ്സ്ലാമിന്റെ മൂന്നാം റൗണ്ടിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയായ സാനിയ അന്ന് സെറീന വില്യംസിനു മുന്നിലാണ് അടിയറവ് പറഞ്ഞത്. 2009 ല്‍ ആദ്യ ഗ്രാന്റ്സ്ലാം സാനിയ നേടിയത് ഓസ്‌ട്രേലിയന്‍ ഓപണിലാണ് -മഹേഷ് ഭൂപതിയുമൊത്ത്. 2016 ല്‍ മാര്‍ടിന ഹിന്‍ഗിസിനൊപ്പം വനിതാ ഡബ്ള്‍സിലും കിരീടം നേടി. മൂന്നു തവണ ഫൈനല്‍ തോറ്റു -മഹേഷുമൊത്തും ഹോറിയ തെകാവുവുമൊത്തും ഇവാന്‍ ദോദിഗുമൊത്തും. 
ഏഴാം ഗ്രാന്റ്സ്ലാം കിരീടത്തോടെ വിരമിക്കാമെന്ന സ്വപ്‌നമാണ് പൊലിഞ്ഞത്. തോല്‍വിക്കു ശേഷം വൈകാരികമായാണ് കാണികളെ സാനിയ അഭിസംബോധന ചെയ്തത്. ശ്രദ്ധിക്കുക, ഞാന്‍ കരയുന്നുണ്ടെങ്കില്‍ അത് സന്തോഷക്കണ്ണീരാണ്. മാറ്റോസിന്റെയും സ്‌റ്റെഫാനിയുടെയും ആഹ്ലാദ നിമിഷം കവര്‍ന്നെടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. പലതവണ ഇവിടെ തിരിച്ചുവരാന്‍ എനിക്ക് സാധിച്ചു. ചില കളികള്‍ ജയിച്ചു, ഒന്നാന്തരം ഫൈനലുകള്‍ കളിക്കാന്‍ കഴിഞ്ഞു. റോഡ് ലാവര്‍ അരീനക്ക് എന്റെ ജീവിതത്തില്‍ വലിയ സ്ഥാനമുണ്ട്. ഇതിനെക്കാള്‍ മികച്ചൊരു കോര്‍ടില്‍ വിടവാങ്ങാന്‍ എനിക്ക് സാധിക്കില്ല -സാനിയ പറഞ്ഞു.
18 വര്‍ഷം മുമ്പ് ഓസ്‌ട്രേലിയന്‍ ഓപണിലായിരുന്നു സാനിയയുടെ ഗ്രാന്റ്സ്ലാം അരങ്ങേറ്റം. അതിനു മുമ്പ് പതിനാലാം വയസ്സില്‍ രോഹനുമൊത്ത് ആദ്യം കളിച്ചിരുന്നു. ഇന്ത്യന്‍ ടെന്നിസിന് സാനിയ നല്‍കിയ സംഭാവനകള്‍ക്ക് രോഹന്‍ നന്ദി പറഞ്ഞു. 
സാനിയ 2005 ലെ ഓസ്‌ട്രേലിയന്‍ ഓപണിലും 2012 ലെ ഫ്രഞ്ച് ഓപണിലും മഹേഷുമൊത്തും 2014 ലെ യു.എസ് ഓപണില്‍ ബ്രസീലുകാരന്‍ ബ്രൂണൊ സോറസുമൊത്തും മിക്‌സഡ് ഡബ്ള്‍സില്‍ കിരീടം നേടി. മൂന്നു വനിതാ ഡബ്ള്‍സ് ഗ്രാന്റ്സ്ലാമും ഹിന്‍ഗിസിനൊപ്പമാണ് -2015 ലെ വിംബിള്‍ഡണിലും അതേ വര്‍ഷം യു.എസ് ഓപണിലും 2016 ല്‍ ഓസ്‌ട്രേലിയന്‍ ഓപണിലുമാണ് കിരീടങ്ങള്‍. 
കളിക്കപ്പുറത്തും നീളുന്നതാണ് സാനിയയുടെ നേട്ടം. പീഡനങ്ങള്‍ക്കും സ്ത്രീവിരുദ്ധതക്കും ലൈംഗികപീഡനങ്ങള്‍ക്കും ഭ്രൂണഹത്യക്കുമൊക്കെയെതിരെ ധീരമായി ശബ്ദിച്ച സാനിയ ഇന്ത്യ-പാക്കിസ്ഥാന്‍ സൗഹൃദത്തിനു വേണ്ടി എന്നും വാദിച്ചു. മാതാവായ ശേഷവും കോര്‍ടില്‍ തിരിച്ചെത്തി. എന്നാല്‍ ലോക ഒന്നാം നമ്പറായതും ഗ്രാന്റ്സ്ലാമുകള്‍ നേടിയതും വഴിയാണ് ലോകം തന്നെ ഓര്‍മിക്കുകയെന്ന് സാനിയ പറഞ്ഞു. എങ്കിലും വിശ്വസിച്ച കാര്യങ്ങള്‍ക്കു വേണ്ടി നിലകൊണ്ട വ്യക്തിയായി അറിയപ്പെടാനാണ് ആഗ്രഹം. ടെന്നിസിന്റെ ഓര്‍മകള്‍ മാഞ്ഞാലും അതാണ് ബാക്കിയാവുക -സാനിയ പറഞ്ഞു. സ്വപ്‌നങ്ങള്‍ക്കു പിന്നാലെ പോവുന്നത് ഒരാളെയും മോശം മാതാവാക്കില്ലെന്നും മകന് നല്ല മാതൃക സൃഷ്ടിക്കാനാണ് ശ്രമിച്ചതെന്നും മുപ്പത്താറുകാരി ഓര്‍മിപ്പിച്ചു.
 

Latest News